ഓർഡർ ചെയ്ത ഭക്ഷണവുമായി വീട്ടുപടിക്കലെത്തി; ക്യാൻസൽ ചെയ്ത്, സ്വയം അകത്താക്കി ഡെലിവറി ഏജന്റ്! (വീഡിയോ)
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st January 2021 05:33 PM |
Last Updated: 21st January 2021 05:33 PM | A+A A- |
ആപ്പ് വഴി ഭക്ഷണം ഓർഡർ ചെയ്യുന്നത് സാധാരണമായ കാര്യമാണ്. ഭക്ഷണം വീടുകളിൽ എത്തിക്കുന്ന ഡെലിവറി ഏജന്റുമാരുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. അത്തരമൊരു വീഡിയോ ആണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. ഓർഡർ ചെയ്ത ഭക്ഷണം ഡെലിവറി ഏജന്റ് തന്നെ ക്യാൻസലാക്കി അത് സ്വയം കഴിക്കുന്നതാണ് സംഭവം.
മക്ഡൊണാൾഡിൽ നിന്നു ഭക്ഷണം ഓർഡർ ചെയ്ത് കാത്തിരുന്ന ലണ്ടനിലെ ഒരു ഉപഭോക്താവിനുണ്ടായ അനുഭവമാണ് ഇപ്പോൾ വൈറലായത്. ബർഗറാണ് ഉപഭോക്താവ് ഓർഡർ ചെയ്തത്. ഡെലിവറി ഏജന്റ് ആകട്ടെ വീട്ടു പടിക്കൽ വരെ സാധനം കൊണ്ടു വരികയും ചെയ്തു. എന്നാൽ ഇത് ഓർഡർ ചെയ്ത ആൾക്ക് നൽകാതെ കക്ഷി തന്നെ ക്യാൻസൽ ചെയ്ത് അവിടെയിരുന്നു തന്നെ അകത്താക്കുകയായിരുന്നു.
ഓഡർ ചെയ്ത ആളും അയാളുടെ സഹോദരിയും മാത്രമാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. യുവതി തന്റെ ജനാലയിലൂടെ ഇയാൾ ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉപഭേക്താക്കൾ കമ്പനിക്ക് പരാതി നൽകിയിട്ടുണ്ട്. ഇക്കാര്യത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്നാണ് കമ്പനി ഇവരെ അറിയിച്ചത്.