​ഗൊറില്ലയെ അടിച്ചുകൊന്ന് ചിമ്പാൻസികൾ! അപൂർവങ്ങളിൽ അപൂർവം; കാരണം ഇതാണ്

​ഗൊറില്ലയെ അടിച്ചുകൊന്ന് ചിമ്പാൻസികൾ! അപൂർവങ്ങളിൽ അപൂർവം; കാരണം ഇതാണ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ചിമ്പാൻസികളും ​ഗൊറില്ലകളും ഏതാണ്ട് സമാനമാണ്. പരിണാമത്തിന്റെ വംശാവലി വച്ച് നോക്കിയാൽ ഇരു കൂട്ടരും ഒരേ ഗണത്തിൽ വരുന്നതാണെന്ന് കാണാം.  ഭക്ഷണ ശൈലിയും ജീവിത സാഹചര്യങ്ങളുമെല്ലാം സമാനം. അതുകൊണ്ടു തന്നെ ഇരുവരേയും ഒരുമിച്ച് പാർപ്പിക്കുന്നതിനും പ്രശ്നങ്ങളില്ല. 

ഗാബോണിലെ ലൊവാങ്കോ ദേശീയ പാർക്ക് ഗൊറില്ലയും ചിമ്പാൻസികളും ഒരുമിച്ച് പാർക്കുന്ന അത്യപൂർവ മേഖലകളിലൊന്നാണ്. പരസ്പരം സഹകരിച്ച് കൊണ്ടുള്ള അതിജീവനമാണ് ഈ രണ്ട് ജീവി വർഗങ്ങളിലും ഇതുവരെ കണ്ടിരുന്നത്. 

എന്നാൽ ആ സൗഹൃദം അത്ര സ്ഥായിയായ ഒന്നല്ല എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇരു ജീവികളും തമ്മിൽ ഏറ്റുമുട്ടൽ നടന്നതായും ഒരു ഗൊറില്ലയുടെ കൊലയിലേക്ക് ഇരു പക്ഷവും തമ്മിലുള്ള ആക്രമണം നയിച്ചുവെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. ലൊവാങ്കോ ദേശീയ പാർക്കിൽ വച്ചാണ് ഏറ്റുമുട്ടൽ നടന്നത്. ഇതാദ്യമായാണ് വനത്തിൽ നടന്ന ഏറ്റുമുട്ടലിൽ ഗൊറില്ലയെ ചിമ്പാൻസികൾ അപായപ്പെടുത്തിയ സംഭവം റിപ്പോർട്ട് ചെയ്യുന്നത്.

വലിയ കുരങ്ങുകൾ എന്ന വിഭാഗത്തിൽ ഏറ്റവുമധികം അക്രമവാസനയുള്ള ജീവിവർഗമാണ് ചിമ്പാൻസികൾ. പക്ഷേ സാധാരണ ഗതിയിൽ ഇവ കൈക്കരുത്ത് കാണിക്കുന്നത് താരതമ്യേന ചെറിയ മൃഗങ്ങളോടാണ്. ഇത് ആഫ്രിക്കയിലെ എല്ലാ മേഖലയിലുമുള്ള ചിമ്പാൻസികളിലും പൊതുവെ കണ്ടുവരുന്ന രീതിയാണ്. 

പക്ഷെ ചിമ്പാൻസികളും ​ഗൊറില്ലകളും തമ്മിൽ സമാധാനത്തോടെ സഹവസിക്കുന്നതാണ് നിരീക്ഷിച്ചിട്ടുള്ളത്. ഒരേ മരങ്ങളിൽ ഒരുമിച്ച് വരുമ്പോൾ പോലും പരസ്പരം ഏറ്റുമുട്ടലിന്റെ സാധ്യതകളൊന്നും ഇരു ജീവി വർഗങ്ങൾക്കുമിടയിൽ ഉണ്ടാവാറില്ലെന്നായിരുന്നു ശാസ്ത്രലോകം പുലർത്തിയിരുന്ന ധാരണ.

പക്ഷേ ഈ ധാരണകളെല്ലാം തകിടം മറിഞ്ഞത് രണ്ട് വർഷം മുൻപാണ്. ഒസ്നാബുർക്ക് എന്ന ഗവേഷക വിദ്യാർത്ഥി ഉൾപ്പെട്ട പഠന സംഘം വനപര്യവേഷണത്തിനിടെ അപരിചിതമായ ശബ്ദം കേട്ട് പരിശോധിച്ചതോടെയാണ് പുതിയ വിവരങ്ങൾ പുറത്തു വന്നത്. ചിമ്പാൻസികൾ തമ്മിൽ ഏറ്റുമുട്ടുന്ന തരത്തിലുള്ള ശബ്ദമായിരുന്നു അവർ കേട്ടത്. എന്നാൽ വൈകാതെ ഗൊറില്ലകളുടെ ആക്രമണ സമയത്തുള്ള ശബ്ദങ്ങൾ കൂടി കേട്ടതോടെയാണ് സംഭവിക്കുന്നത് ചിമ്പാൻസികളും ഗൊറില്ലകളും തമ്മിലുള്ള ഏറ്റുമുട്ടലാണെന്ന് മനസിലായത്. എന്നാൽ ഈ ഏറ്റുമുട്ടൽ കൂടുതൽ അടുത്ത് ചെന്ന് പരിശോധിക്കാൻ അന്ന് ഗവേഷക സംഘത്തിനു സാധിച്ചില്ല.

എന്നാൽ ഈ സംഭവം ഒസ്നാബുർക്ക് എന്ന ഗവേഷക വിദ്യാർത്ഥിയിൽ കൂടുതൽ അന്വേഷിക്കാനുള്ള ആഗ്രഹം സൃഷ്ടിച്ചു. തുടർന്നുള്ള പഠനങ്ങൾക്കും പര്യടനങ്ങൾക്കും ഒടുവിൽ 10 മാസത്തിന് ശേഷം സമാനമായ ഒരു സാഹചര്യം ഒരിക്കൽ  കൂടി രൂപപ്പെട്ടു. പക്ഷേ ഇക്കുറി പോരാട്ടത്തെ എല്ലാ വിശദാംശങ്ങളോടും കൂടി നിരീക്ഷിക്കാൻ ഒസ്നാബുർക്കിനു സാധിച്ചു. വെസ്റ്റേൺ ലാൻഡ് ഗൊറില്ലകളും ചിമ്പാൻസികളും തമ്മിലുള്ള പോരാട്ടം ഏതാണ്ട് 52 മിനിറ്റോളം തുടർന്നു. ആദ്യ പോരാട്ടത്തിലും 10 മാസത്തിന് ശേഷം നടന്ന പോരാട്ടത്തിലും ഗൊറില്ലകൾ എണ്ണത്തിൽ വളരെ കുറവായിരുന്നു. രണ്ടാമത്തെ പോരാട്ടത്തിൽ 27 ചിമ്പാൻസികളും അഞ്ച് ഗൊറില്ലകളുമാണുണ്ടായിരുന്നത്.

രണ്ടാമത്തെ പോരാട്ടത്തിലാണ് ഗൊറില്ല കൊല്ലപ്പെടുന്നതും. എണ്ണത്തിൽ കുറവായ ഗൊറില്ലകളിൽ നാല് മുതിർന്ന ഗൊറില്ലകൾ പിൻവാങ്ങി. എന്നാൽ ഈ കൂട്ടത്തിൽ നിന്ന് ഒറ്റപ്പെട്ടുപോയ കുട്ടി ഗൊറില്ലയെ ചിമ്പാൻസികൾ കൂട്ടം കൂടി ആക്രമിച്ചു. ഒടുവിൽ ചിമ്പാൻസികളുടെ മർദ്ദനമേറ്റ കുട്ടി ഗൊറില്ലയ്ക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. മൂന്ന് ചിമ്പാൻസികൾക്കും ഈ ഏറ്റുമുട്ടലിൽ കാര്യമായ പരുക്കേറ്റിരുന്നു, വീണ്ടും ഒരിക്കൽ കൂടി സമാനമായ ഏറ്റുമുട്ടൽ ഇതേ വനമേഖലയിലുണ്ടായി. ഇതിലും ഒരു കുട്ടി ഗൊറില്ല കൊല്ലപ്പെട്ടു. ആദ്യ പോരാട്ടത്തിൽ കുട്ടി ഗൊറില്ലയുടെ ജഡം ഉപേക്ഷിക്കപ്പെട്ടു എങ്കിൽ രണ്ടാമത്തെ സംഭവത്തിൽ ഈ ഗൊറില്ലയെ ചിമ്പാൻസികൾ ഭക്ഷണമാക്കിയെന്നും ഗവേഷകർ പറയുന്നു.

ഭക്ഷണത്തിന് വേണ്ടിയുള്ള ഏറ്റുമുട്ടൽ തന്നെയാണ് ഇരു ജീവി വർഗങ്ങളും തമ്മിലുണ്ടായതെന്നാണ് ഗവേഷകരുടെ നിഗമനം. കാരണം ഈ ജീവിവർഗങ്ങളെ തുടർന്നും നിരീക്ഷിച്ചപ്പോൾ ഇവ തമ്മിൽ ഏറ്റുമുട്ടുന്നത് ഭക്ഷ്യ ക്ഷാമമുള്ള സമയത്താണെന്ന് വ്യക്തമായി. ഭക്ഷ്യ ലഭ്യതയുള്ള സമയങ്ങളിൽ ഏറ്റുമുട്ടൽ ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല ഇരു വർഗങ്ങളും പരസ്പര സഹകരണത്തോടെ ഒരു മേഖലയിൽ ജീവിക്കുകയും ചെയ്യുന്നതായി ഗവേഷകർ മനസിലാക്കി. കാലാവസ്ഥാ വ്യതിയാനം മൂലം ഭക്ഷ്യ വിഭവങ്ങൾ പ്രത്യേകിച്ചും പഴങ്ങളുടെ ലഭ്യത കുറയുന്നതോടെ ഇരു ജീവികളും തമ്മിലുള്ള പോരാട്ടങ്ങൾ വർധിച്ചു വരുന്നതായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com