ചിമ്മിനിയിലൂടെ വീടിനുള്ളിലേക്ക് ഇരച്ചുകയറിയത് നൂറുകണക്കിന് പക്ഷികള്‍; അമ്പരന്ന് വീട്ടുകാര്‍ (വീഡിയോ)

കാലിഫോര്‍ണിയയിലെ ടൊറനസിലുള്ള കുടുംബമാണ് അമ്പരന്നത്
വീടിനുള്ളിലേക്ക് ഇരച്ചുകയറുന്ന നൂറുകണക്കിന്പക്ഷികള്‍
വീടിനുള്ളിലേക്ക് ഇരച്ചുകയറുന്ന നൂറുകണക്കിന്പക്ഷികള്‍

സിനിമയെ വെല്ലുന്ന രംഗങ്ങള്‍ സ്വന്തം വീടിനുള്ളില്‍ അരങ്ങേറിയതിന്റെ  അമ്പരപ്പിലാണ് ഒരു കുടുംബം. നൂറുകണക്കിന് പക്ഷികളാണ് വീടിന്റെ ചിമ്മിനിയിലൂടെ അകത്തേക്ക് ഇരച്ചുകയറിയത്. ചിമ്മിനിക്കു മുകളില്‍ ചുറ്റി പറന്ന ശേഷം കൂട്ടമായി അവ ഉള്ളിലേക്ക് കയറുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

അമേരിക്ക കാലിഫോര്‍ണിയയിലെ ടൊറനസിലുള്ള കുടുംബമാണ് അമ്പരന്നത്.കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. വീട്ടുടമസ്ഥയായ കെറിയും ഭര്‍ത്താവും കുട്ടിയും അടങ്ങുന്ന കുടുംബം ഭക്ഷണത്തിനായി പുറത്തു പോയി തിരികെ വന്നപ്പോഴാണ് വീടിനകത്തു നിറയെ പക്ഷികള്‍ പറക്കുന്ന കാഴ്ച കണ്ടത്. ശുചിമുറികളില്‍ അടക്കം എല്ലാ മുറികളിലും അവ സ്ഥാനം പിടിച്ചിരുന്നു. അവയെ പിടികൂടി പുറത്തിറക്കാനുള്ള ശ്രമത്തിനിടയില്‍ എണ്ണൂറിനു മുകളില്‍ പക്ഷികളുണ്ടായിരുന്നതായി കെറി പറയുന്നു. വോക്‌സസ് സ്വിഫ്റ്റ് എന്നറിയപ്പെടുന്ന ദേശാടനപക്ഷികളാണ് കെറിയുടെ വീടിനുള്ളില്‍ സ്ഥാനം പിടിച്ചത്.  ഇപ്പോള്‍ ഇവ ദേശാടനം നടത്തുന്ന സമയമായതിനാല്‍  വീടുകളുടെ ചിമ്മിനി അവയ്ക്ക് കടക്കാനാവാത്ത വിധം അടച്ചിടാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് പക്ഷിനിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി.

എന്തുചെയ്യണമെന്നറിയാതെ പകച്ചുപോയ കുടുംബം പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. അവിടെ നിന്ന് ലഭിച്ച  നിര്‍ദ്ദേശ പ്രകാരം ആനിമല്‍ കണ്‍ട്രോള്‍  ഉദ്യോഗസ്ഥരെ വിവരം അറിയിച്ചെങ്കിലും  വീടിന്റെ ജനാലകളും വാതിലുകളും തുറന്നിട്ടാല്‍ അവ തനിയെ പുറത്തു പോകുമെന്ന അറിയിപ്പാണ് ലഭിച്ചത്. എന്നാല്‍ ഏറെ നേരം വാതിലുകള്‍ തുറന്നിട്ട ശേഷവും പക്ഷികള്‍ പുറത്തിറങ്ങാതായതോടെ ഒടുവില്‍ ഒരു ബന്ധുവിന്റെ സഹായം തേടുകയായിരുന്നു.

പിടികൂടാനൊരുങ്ങുമ്പോള്‍ അവ ആക്രമിക്കുമെന്ന നിലയിലായതിനാല്‍ ആ ശ്രമവും തുടക്കത്തില്‍ പരാജയപ്പെട്ടു. ഒടുവില്‍ ഏറെ നേരത്തിനുശേഷം അവ സീലിങ്ങിലും മറ്റുമായി തൂങ്ങിയിരുന്ന് ഉറങ്ങിയപ്പോള്‍ പിടികൂടി കാര്‍ഡ്‌ബോര്‍ഡ് പെട്ടിക്കുള്ളിലാക്കി  പുറത്തെത്തിച്ച് തുറന്നുവിടുകയായിരുന്നു. എന്നാല്‍ ഇത്രയധികം പക്ഷികള്‍ ഉണ്ടായതിനാല്‍ അവയെ പൂര്‍ണമായി പുറത്തെത്തിക്കാന്‍ സാധിച്ചതുമില്ല. ശേഷിക്കുന്നവ ഏതാനും ദിവസങ്ങള്‍ വീടിനുള്ളില്‍ തന്നെ തുടരുകയായിരുന്നു. ഇതേതുടര്‍ന്ന് കെറിയും കുടുംബവും സമീപത്തുള്ള ഹോട്ടലിലേക്ക് താമസവും മാറ്റേണ്ടിവന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com