കൊന്നത് യൂറോപ്പിലെ ഏറ്റവും വലിയ ബ്രൗൺ കരടിയെ; വെട്ടിലായി രാജകുമാരൻ! അന്വേഷണം

കൊന്നത് യൂറോപ്പിലെ ഏറ്റവും വലിയ ബ്രൗൺ കരടിയെ; വെട്ടിലായി രാജകുമാരൻ! അന്വേഷണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

യൂറോപ്പിലെ ഏറ്റവും വലിയ ബ്രൗൺ കരടിയെ വെടിവച്ച് കൊന്നതിന് രാജകുമാരനെതിരെ അന്വേഷണം. റുമേനിയയിലെ കാർപാത്യൻ മേഖലയിലുള്ള ആർതർ എന്ന 17 വയസുള്ള കരടിയെയാണ് ലിക്കൻസ്റ്റൈനിലെ രാജകുമാരനായ ഇമാനുവൽ വോണ്ട്സ് വെടിവച്ച് കൊന്നത്. വിഷയം രാജ്യാന്തര ശ്രദ്ധ നേടുകയും വിവിധ മൃഗ സംരക്ഷണ സംഘടനകൾ പ്രശ്നത്തിൽ ഇടപെടുകയും ചെയ്തതോടെ സംഭവം വിവാ​ദമായി. 

പിന്നാലെ രാജകുമാരനെതിരെ റുമേനിയൻ പരിസ്ഥിതി മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു. റുമേനിയയിൽ ലൈസൻസ് ലഭിച്ചാൽ നായാട്ടിന് അവസരം ലഭിക്കും. 8400 ഡോളർ (ഏകദേശം അഞ്ചരലക്ഷത്തോളം രൂപ) നൽകിയാണ് രാജകുമാരൻ ലൈസൻസ് നേടിയത്. നാലു ദിവസത്തേക്കായിരുന്നു ഇത്. 

വേട്ടയ്ക്കിറങ്ങിയ രാജകുമാരൻ ആർതറിനെ വെടിവച്ച് കൊല്ലുകയായിരുന്നു. ഈ കരടിയെ ഒൻപതു വർഷമായി ഏജന്റ് ഗ്രീൻ എന്ന പരിസ്ഥിതി എൻജിഒ നിരീക്ഷിച്ചു വരികയായിരുന്നു. മൃഗത്തിന്റെ കൊലപാതകത്തിനെതിരെ ഇപ്പോഴവർ ശക്തമായി രംഗത്തു വന്നിട്ടുണ്ട്. കാട്ടിനുള്ളിൽ ആർക്കും ഒരു ശല്യവുമുണ്ടാക്കാതെ മര്യാദയ്ക്കു ജീവിച്ച ആർതറിനെ കൊന്നതെന്തിനെന്നു രാജകുമാരൻ വ്യക്തമാക്കണമെന്ന് സംഘ‌‌ടന ആവശ്യപ്പെട്ടു.

റുമേനിയയിൽ വിനോദത്തിനായുള്ള വേട്ടയാടൽ  നിയമപ്രകാരം നിരോധിച്ചിട്ടുണ്ട്. എന്നാൽ ഒരു മൃഗം കാടിനു സമീപമുള്ള നാട്ടുകാർക്കും മറ്റും ജീവനു ഭീഷണിയാകുന്ന സ്ഥിതിയിൽ, അതിനെ വേട്ടയാടിക്കൊല്ലാനുള്ള അനുവാദം വേട്ടക്കാർക്കു ലഭിക്കും. ഈ വ്യവസ്ഥ ദുരുപയോഗപ്പെടുത്തുകയാണു വേട്ടക്കാരെന്നാണ് ഏജന്റ് ഗ്രീന്റെ വാദം. 

ആർക്കെങ്കിലും വേട്ടയാടാൻ ആഗ്രഹം തുടങ്ങിയാൽ ഏതെങ്കിലും ഗ്രാമത്തിലെത്തി അവിടെ മൃഗങ്ങൾ ശല്യമുണ്ടാക്കുന്നു എന്നു നാട്ടുകാരെക്കൊണ്ട് സത്യവാങ്മൂലം കൊടുപ്പിച്ചാൽ മതി. വേട്ടയാടാനുള്ള ‘ഹണ്ടിങ് പെർമിഷൻ’ ഉടനടി കിട്ടുമെന്ന് ഏജന്റ് ഗ്രീൻ പറയുന്നു.

ആർതറിന്റെ കാര്യത്തിലും ഇതാണു സംഭവിച്ചതെന്ന് ഏജന്റ് ​ഗ്രീൻ അധികൃതർ പറയുന്നു. റുമേനിയയിലെ ട്രാൻസിൽവാനിയൻ മേഖലയിലുള്ള ഒജ്ഡുല എന്ന ഗ്രാമത്തിൽ ഒരു പെൺ കരടിയുടെ ശല്യം കുറച്ചുനാളായി കൂടി വരികയായിരുന്നു. അടുത്ത കാലത്ത് മൂന്ന് കുഞ്ഞുങ്ങൾക്കു ജന്മമേകിയ ഈ കരടി ഗ്രാമത്തിലേക്ക് ഇടയ്ക്കിടെ ഇറങ്ങുകയും പ്രദേശവാസികളെ ആക്രമിക്കുകയും ചെയ്യുന്നതു പതിവായിരുന്നു. ഇതെത്തുടർന്ന് ഈ കരടിയെ വേട്ടയാടാനാണ് ഇമ്മാനുവൽ രാജകുമാരനു ഹണ്ടിങ് ലൈസൻസ് നൽകിയത്.

യൂറോപ്പിലെ വിനോദ വേട്ടക്കാർക്കിടയിൽ ട്രോഫി പോയിന്റ്സ് എന്നൊരു സംവിധാനമുണ്ട്. 600 ആണ് പരമാവധി പോയിന്റ്. നല്ല വലുപ്പമുള്ള ആൺകരടികളെ വേട്ടയാടുന്നവർക്ക് ഇതിൽ ഏറ്റവും ഉയർന്ന പോയിന്റ് ലഭിക്കും. എന്നാൽ ഒരു പെൺകരടിയെ വേട്ടയാടിയാൽ അധികം പോയിന്റ് ഒന്നും കിട്ടില്ല. ഇതുകൊണ്ടായിരിക്കാം, പെൺകരടിയെ വേട്ടയാടാനിറങ്ങിയ രാജകുമാരൻ അതിനെ വിട്ട് 592 പോയിന്റുള്ള ആർതറിനെ ലക്ഷ്യമിട്ടതെന്നു കരുതുന്നു. ഇക്കാര്യത്തിൽ ലിക്കൻസ്റ്റൈന്റെ ഔദ്യോഗിക പ്രതികരണവും ലഭിച്ചിട്ടില്ല. 

റുമേനിയ അന്വേഷണം പ്രഖ്യാപിച്ചതോടെ കരടിയുടെ കൊലപാതകം ഒരു നയതന്ത്ര പ്രശ്നമായി വികസിച്ചിട്ടുണ്ട്. ലിക്കൻസ്റ്റൈനിലെ ഭരണാധികാരമുള്ള രാജകുടുംബത്തിൽ പെട്ടയാളാണ് പ്രതി ഇമ്മാനുവൽ. 

ഏകദേശം ആറായിരത്തോളം ബ്രൗൺ കരടികൾ റുമേനിയയിലുണ്ടെന്നാണു കണക്ക്. യൂറോപ്പ്യൻ യൂണിയനിൽ ഏറ്റവും കൂടുതൽ ബ്രൗൺ കരടികളുള്ളതും റുമാനിയയിലാണ്. നാച്ചുറ 2000 എന്നു പേരിട്ടിരിക്കുന്ന പരിസ്ഥിതി ലോല മേഖലയിലാണു വേട്ടയാടൽ നടന്നത്. വംശനാശ ഭീഷണി നേരിടുന്ന ഒട്ടേറെ പക്ഷികളും മൃ​ഗങ്ങളും കഴിയുന്ന സ്ഥലമാണ് ഇത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com