ഇണ ചേരാനുള്ള യാത്ര; ദശലക്ഷക്കണക്കിന് ചുവപ്പൻ ഞണ്ടുകൾ റോഡിൽ! അതിശയിപ്പിക്കുന്ന കാഴ്ച (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th November 2021 02:35 PM  |  

Last Updated: 18th November 2021 02:35 PM  |   A+A-   |  

crabs

ഫോട്ടോ: ട്വിറ്റർ

 

സിഡ്നി: ദശലക്ഷക്കണക്കിന് ചുവന്ന ഞണ്ടുകളുടെ കടലിലേക്കുള്ള യാത്ര വൈറലായി മാറി. ഇണ ചേരാനായാണ് ലക്ഷണക്കണക്കിന് വരുന്ന ഇവ കൂട്ടമായി കടലിലേക്ക് യാത്ര തിരിച്ചത്. ഓസ്‌ട്രേലിയയിൽ നിന്നുള്ള ഈ കാഴ്ച ആരെയും അതിശയിപ്പിക്കുന്നതാണ്.

കാട്ടിൽ നിന്ന് കടൽത്തീരത്തേക്കുള്ള ഈ യാത്രയുടെ ഫോട്ടോകളും വീഡിയോകളുമാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കപ്പെടുന്നത്. പടിഞ്ഞാറൻ ഓസ്‌ട്രേലിയയുടെ തീരത്തെ ക്രിസ്മസ് ദ്വീപിൽ, കാട്ടിൽ നിന്ന് കടൽത്തീരത്തേക്കുള്ള റോഡുകൾ പലതും ഇവരുടെ യാത്ര കാരണം അടച്ചിരിക്കുകയാണ്.

ഭൂമിയിലെ തന്നെ ഏറ്റവും വലിയ ദേശാന്തരഗമനങ്ങളിലൊന്നാണ് ചുവപ്പൻ ഞണ്ടുകളുടെ യാത്ര. എല്ലാക്കൊല്ലവും, ഒക്ടോബർ- നവംബർ മാസങ്ങളിലെ മഴയ്ക്കു ശേഷം അമ്പത് ദശലക്ഷം അതായത് അഞ്ച് കോടിയോളം ഞണ്ടുകളാണ് ഇണ ചേരാൻ കാട്ടിൽ നിന്ന് കടലിലേക്ക് യാത്ര തിരിക്കുന്നത്.

ശൈത്യ മാസങ്ങളിൽ ജനവാസ കേന്ദ്രങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളുമൊക്കെ കടന്ന് അവർ കടൽത്തീരത്തേക്ക് നീങ്ങും. ഇലകൾ, പഴങ്ങൾ, പൂക്കൾ, വിത്തുകൾ തുടങ്ങിയവയാണ് സാധാരണയായി ഈ ഞണ്ടുകളുടെ ഭക്ഷണം. എന്നാൽ അത്ര സാധുക്കളല്ല ഇവർ. തങ്ങളുടെ ആദ്യ കടൽയാത്രയ്ക്കു ശേഷം മടങ്ങുന്ന ഇളംപ്രായത്തിലുള്ള ഞണ്ടുകളെ കൂട്ടത്തിലുള്ള മുതിർന്ന ഞണ്ടുകൾ ഭക്ഷണമാക്കാറുണ്ട്.

റോഡിലൂടെയും പ്രത്യേകം നിർമിച്ച പാലങ്ങളിലൂടെയുമായി പതിനായിരക്കണക്കിന് ഞണ്ടുകൾ പോകുന്നത് പാർക്സ് ഓസ്‌ട്രേലിയ പങ്കുവെച്ച ഫോട്ടോകളിലും വീഡിയോകളിലും കാണാം. ഞണ്ടുകൾ ഒന്നാകെ നിരത്ത് കീഴടക്കിയതോടെ വടക്കു കിഴക്കൻ മേഖലയിലെ ഡ്രംസൈറ്റ് ജനവാസ കേന്ദ്രത്തിലെ താമസക്കാർ ഞായറാഴ്ച ഏറെക്കുറേ വീടുകൾക്കുള്ളിൽ കുടുങ്ങിയ മട്ടിലായിരുന്നു. ആളുകളുടെ യാത്രയ്ക്കുള്ള സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി, റോഡിൽ നിന്ന് ഞണ്ടുകളെ നീക്കം ചെയ്യേണ്ടിയും വന്നു.

ചുവപ്പൻ ഞണ്ടുകളുടെ യാത്രയെ വളരെ കരുതലോടെയാണ് അധികൃതർ കാണുന്നത്. ക്രിസ്മസ് ദ്വീപിലെ സന്ദർശകരോട് ഈ സമയം വളരെ ശ്രദ്ധയോടെ വേണം വാഹനങ്ങൾ ഓടിക്കാനും നിർത്തിടാനുമെന്നും നിർദേശം നൽകിയിട്ടുണ്ട്. വെള്ളത്തിലേക്ക് ആദ്യം യാത്രതിരിക്കുന്നത് ആൺ ഞണ്ടുകളാണ്. ഇവരെ പെൺ ഞണ്ടുകൾ പിന്തുടരും. നവംബർ അവസാനത്തോടെയാകും ഞണ്ടുകൾ കടൽത്തീരത്ത് എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്.