മനുഷ്യ രൂപത്തിൽ ഒരു ​ഗ്രാമം! ഇറ്റലിയിൽ നിന്ന് ഡ്രോൺ പകർത്തിയ നി​ഗൂഢ ചിത്രം; അമ്പരപ്പ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th January 2022 11:48 AM  |  

Last Updated: 09th January 2022 11:48 AM  |   A+A-   |  

italian_villege

ഫോട്ടോ: ട്വിറ്റർ

 

റോം: ഇറ്റലിയിലെ സിസിലി ദ്വീപിലെ ചെറു ഗ്രാമമാണ് സെൻടുരിപെ. മലനിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഈ നഗരത്തിൻറെ ആകാശ ദൃശ്യം ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. കാരണം മറ്റൊന്നുമല്ല. കൂറ്റൻ മനുഷ്യന്റെ രൂപത്തിലാണ് ഈ ​ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഈ ​ഗ്രമാത്തിലെ തന്നെ താമസക്കാരനായ 32 കാരൻ പയോ ആൻഡ്രിയ പെറി സമീപകാലത്താണ് ചിത്രം പകർത്തിയത്. 

ഒറ്റ ചിത്രത്തിൽ ഗ്രാമത്തിൻറെ പൂർണ ദൃശ്യം ലഭ്യമാകില്ലെന്നതിനാൽ പല ഭാഗങ്ങളായി തിരിച്ചാണ് ഈ ചിത്രമെടുക്കൽ പൂർത്തിയായത്. അഞ്ച് ഭാഗങ്ങളായി ഫോട്ടോകൾ ചേർത്ത് വച്ചപ്പോഴാണ് പയോ ആ കൗതുകകരമായ കാര്യം കണ്ടെത്തിയത്. ഇതുവരെ താൻ ജീവിച്ച ഗ്രാമത്തിൻറെ ആകാശ ദൃശ്യത്തിലെ രൂപം ഒരു മനുഷ്യൻറേതു പോലെയായിരുന്നു. 

സംയോജിപ്പിച്ച ഈ ചിത്രം ഇൻറർനെറ്റിലെത്തിയപ്പോഴും പ്രതികരണങ്ങൾ വ്യത്യസ്തമായിരുന്നില്ല. ഇതുവരെ തങ്ങൾ ജീവിച്ച ഗ്രാമത്തിന് ഇങ്ങനെയൊരു രൂപമുണ്ടെന്നു കണ്ട് അദ്ഭുതപ്പെടുകയാണ് പ്രദേശവാസികൾ. കാഴ്ചപ്പാട് മാറുമ്പോൾ കാര്യങ്ങൾ എത്ര മനോഹരവും കൗതുകകരവും ആകുന്നു എന്നതിൻറെ ഉദാഹരണമാണ് സെൻടുരിപെയുടെ ആകാശ ദൃശ്യമെന്നും ചിത്രം കണ്ട് ചിലർ പ്രതികരിച്ചു. ക്രിസ്മസിന് വീട്ടിൽ തൂക്കുന്ന അഞ്ച് വാൽ നക്ഷത്രങ്ങളോടും, ഡാവിഞ്ചിയുടെ പ്രശസ്തമായ മനുഷ്യ അനാട്ടമി ചിത്രത്തോടുമെല്ലാം ആളുകൾ ഈ ആകാശ ദൃശ്യത്തെ ഉപമിക്കുന്നുണ്ട്. 

ഗൂഗിൾ എർത്തിൽ തൻറെ നഗരത്തിൻറെ കാഴ്ച കണ്ടപ്പോൾ തോന്നിയ കൗതുകമാണ് ഈ ചിത്രമെടുക്കാൻ പ്രേരിപ്പിച്ചതെന്ന് പയോ പറയുന്നു. സെൻടുരിപെയിൽ നിന്ന് 40 മൈലോളം ദൂരേക്ക് പോയ ശേഷം ഡ്രോണുകൾ ഉയരത്തിൽ പറത്തിയപ്പോഴാണ് ഗ്രാമത്തിൻറെ ദൃശ്യം ഈ രീതിയിൽ ചിത്രീകരിക്കാൻ സാധിച്ചതെന്ന് പയോ വിശദീകരിക്കുന്നു. ഇവിടെ നിന്ന് ദൃശ്യം പൂർണമായി ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ അത് സാധിച്ചില്ല. ഇതോടെയാണ് പല ഭാഗങ്ങളായുള്ള ചിത്രമെടുക്കാൻ തീരുമാനിച്ചത്. ഡ്രോണിന് സുരക്ഷിതമായി പറക്കാൻ കഴിയുന്ന പരമാവധി ഉയരത്തിൽ എത്തിച്ച ശേഷമാണ് ഈ ചിത്രങ്ങൾ ലഭിച്ചത്.

ഗ്രാമത്തിൻറെ പകലും രാത്രിയിലുമുള്ള ചിത്രങ്ങൾ പയോ പകർത്തിയിരുന്നു. രാത്രിയിലെ ചിത്രത്തിൽ വെളിച്ചം കൂടിയാകുമ്പോൾ ഈ രൂപത്തിന് കൂടുതൽ വ്യക്തത വരുന്നതും കാണാം. നക്ഷത്രമായും, മനുഷ്യനായും ഉപമിച്ചതിന് പുറമെ രാത്രിയിലെ ചിത്രം കാണുമ്പോൾ ചിറക് വിടർത്തി പറക്കാൻ നിൽക്കുന്ന ഒരു പരുന്തിൻറെ രൂപത്തോടും നഗരത്തിനുള്ള സാദൃശ്യം ചിലർ കണ്ടെത്തിയിട്ടുണ്ട്. നിശ്ചല ചിത്രങ്ങൾക്ക് പുറമെ ഡ്രോൺ ഉപയോഗിച്ചുള്ള വീഡിയോയും പയോ പകർത്തിയിട്ടുണ്ട്. ശ്രമകരമായിരുന്നുവെങ്കിലും തൻറെ ദൗത്യം വിജയിച്ചതിൻറെ സന്തോഷത്തിലാണ് പയോ. 

ഇറ്റലിയിലെ ഏറ്റവും പുരാതനമായ ജനവാസകേന്ദ്രങ്ങളിൽ ഒന്നാണ് സെൻടുരിപെ. ഒരു ഉൾനാടൻ ഗ്രാമത്തിൽ നിന്ന് ചെറു നഗരത്തിലേക്ക് സെൻടുരിപെ മാറിയിട്ട് അധികം കാലമായിട്ടില്ല. രാത്രിയിലെ ഫൊട്ടോയിൽ ശ്രദ്ധിച്ചു നോക്കിയാൽ നൂറ്റാണ്ടുകൾക്ക് മുൻപുണ്ടായിരുന്ന ഈ നഗരത്തിലെ കോട്ടയുടെ നീളത്തിലുള്ള ഭിത്തിയും ചിത്രത്തിൽ കാണാനാകും. നഗരത്തിന് മനുഷ്യൻറെ രൂപമാണെങ്കിൽ ഈ മതിൽ മനുഷ്യൻറെ വായ കുടലുമായി ബന്ധിപ്പിക്കുന്ന അന്നനാളമാണെന്നും ചിലർ പ്രതികരിച്ചിട്ടുണ്ട്.

ഏതാണ്ട് 5000 പേർ മാത്രമാണ് ഇന്ന് ഈ നഗരത്തിൽ സ്ഥിരതാമസക്കാരായി ഉള്ളത്. പയോയുടെ ചിത്രങ്ങൾ നഗരത്തിന് രാജ്യാന്തര പ്രശസ്തി നൽകിയതോടെ ഫൊട്ടോഗ്രാഫർക്ക് മേയറുടെ ക്ഷണവും ലഭിച്ചിട്ടുണ്ട്. പയോയുടെ ചിത്രങ്ങൾ നഗരസഭയുടെ മേൽനോട്ടത്തിൽ പ്രദശർനത്തിനര വയ്ക്കാനാണ് മേയറുടെ തീരുമാനം.