ക്യൂ നിൽക്കാൻ മടിയുണ്ടോ? ഫ്രെഡിയുണ്ട് സഹായത്തിന്; ദിവസവും കീശയിലാക്കുന്നത് 16,000 രൂപ! 

ക്യൂ നിൽക്കാൻ മടിയുണ്ടോ? ഫ്രെഡിയുണ്ട് സഹായത്തിന്; ദിവസവും കീശയിലാക്കുന്നത് 16,000 രൂപ! 
പ്രതീകാത്മകം /ഫോട്ടോ: എഎഫ്പി
പ്രതീകാത്മകം /ഫോട്ടോ: എഎഫ്പി

ലണ്ടൻ: ക്യൂവിൽ നിൽക്കാൻ പലപ്പോഴും നമ്മളിൽ പലരും മടിക്കാറുണ്ട്. മറ്റൊരാൾ ആ ജോലി എറ്റെടുത്ത് കാര്യങ്ങൾ നമുക്കായി ചെയ്ത് തരാൻ ഉണ്ടെങ്കിലോ? കേൾക്കുമ്പോൾ ചെറിയ അമ്പരപ്പുണ്ടാകുമെങ്കിലും, അങ്ങനെ ഒരാളുണ്ട് ബ്രിട്ടനിൽ. 

മറ്റുള്ളവർക്കു വേണ്ടി വരി നിന്ന് പണമുണ്ടാക്കാമെന്ന് തെളിയിക്കുകയാണ് ഒരു 31കാരൻ. ലണ്ടൻ സ്വദേശി ഫ്രെഡി ബെക്കെറ്റാണ്  പലർക്കും അറു ബോറായി തോന്നുന്ന വരി നിൽക്കലിനെ ക്രിയാത്മകമായി ഉപയോഗിച്ച് പണം സമ്പാദിക്കുന്നത്. ഫുൾഹാമിലാണ് ഫ്രെഡി താമസിക്കുന്നത്. 

വലിയ സാമ്പത്തിക ശേഷിയുള്ളവരും വരി നിൽക്കാൻ താത്പര്യമില്ലാത്തവരുമായ വ്യക്തികൾക്കു വേണ്ടിയാണ് ഫ്രെഡി ജോലി ചെയ്യുന്നത്. ഇവർക്കു വേണ്ടി ജനപ്രിയ പരിപാടികളുടെയും മറ്റും ടിക്കറ്റുകൾ ഫ്രെഡി വരി നിന്ന് വാങ്ങി കൈമാറും. മണിക്കൂറിന് 20 പൗണ്ടു (ഏതാണ്ട് 2,026.83 രൂപ) വരെയാണ് ഫ്രെഡി ഈടാക്കുന്നത്. 

പ്രതിദിനം 160 പൗണ്ടു വരെ (ഏതാണ്ട് 16,218.68) താൻ സമ്പാദിക്കുന്നുണ്ടെന്ന് ഫ്രെഡി പറയുന്നു. അസാമാന്യ ക്ഷമ ആവശ്യമുള്ള ജോലിയാണ് തന്റേതെന്നും അദ്ദേഹം പറയുന്നു. അപ്പോളോ തിയേറ്ററിലെ പരിപാടി പോലുള്ള അതീവ ജനപ്രിയ പരിപാടികൾക്കു വേണ്ടി വരി നിൽക്കുന്നതാണ് തന്റെ ഏറ്റവും മികച്ച ദിവസങ്ങളെന്നും ഫ്രെഡി പറയുന്നു. 

വി ആൻഡ് എയുടെ ക്രിസ്ത്യൻ ഡിയോർ പ്രദർശനത്തിന് വേണ്ടി അറുപത്തഞ്ചോളം വയസുള്ള ചിലയാളുകൾക്കു വേണ്ടി എട്ട് മണിക്കൂറോളം ജോലി ചെയ്തിട്ടുണ്ട്. ടിക്കറ്റിനായി മൂന്ന് മണിക്കൂറേ വരി നിൽക്കേണ്ടി വന്നിരുന്നുള്ളൂ. എന്നാൽ ടിക്കറ്റ് വാങ്ങാൻ ആവശ്യപ്പെട്ടവർ, തങ്ങൾക്കു വേണ്ടി കാത്തു നിൽക്കണമെന്നു കൂടി ഫ്രെഡിയോട് ആവശ്യപ്പെട്ടു. അതുകൊണ്ട്  ബാക്കിവന്ന സമയം മ്യൂസിയത്തിൽ ചിലവഴിക്കാൻ ഫ്രെഡിക്ക് അവസരം ലഭിക്കുകയും അതിന് പണം കിട്ടുകയും ചെയ്തു. അത് സന്തോഷം തോന്നിയ നിമിഷമായിരുന്നുവെന്ന് ഫ്രെഡി പറഞ്ഞു. 

ശൈത്യകാലത്ത് കൊടും തണുപ്പത്തും ഫ്രെഡിക്ക് ജോലി ചെയ്യേണ്ടി വരാറുണ്ട്. വേനൽക്കാലത്ത്, ലണ്ടനിൽ വലിയ പരിപാടികളും പ്രദർശനങ്ങളും നടക്കുമ്പോഴാണ് ഫ്രെഡിക്ക് തിരക്കേറുക. ഓൺലൈൻ മാർക്കറ്റ് പ്ലേസ് ആയ ടാസ്‌ക് റാബിറ്റിലാണ് തന്റെ കഴിവ് ഫ്രെഡി പരസ്യപ്പെടുത്തിയത്. 

ഓമന മൃഗങ്ങളുടെ പരിചരണം, പാക്കിങ്, പൂന്തോട്ട പരിപാലനം തുടങ്ങിയവയ്ക്കും താൻ സന്നദ്ധനാണെന്ന് ഫ്രെഡി സൈറ്റിൽ വ്യക്തമാക്കുന്നുണ്ട്. എന്തെങ്കിലും പ്രത്യേക കഴിവ് ആവശ്യമുള്ള ജോലി അല്ലാത്തിനാലാണ് മണിക്കൂറിന് 20 പൗണ്ടിൽ കൂടുതൽ ഈടക്കാൻ സാധിക്കാത്തതെന്നും ഫ്രെഡി വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com