തീവച്ചു, വിഷം കൊടുത്തു കൊന്നു, എന്നിട്ടും തളർന്നില്ല; ഡോ. ശോശാമ്മയുടെ വെച്ചൂർ പശു വിപ്ലവം 

വംശനാശ ഭീഷണിയുടെ വക്കിലായിരുന്ന വെച്ചൂർ പശുവിനെ ശാസ്ത്രത്തിൻ്റെ വഴിയിലൂടെ രക്ഷിച്ചെടുത്ത ഡോ. ശോശാമ്മയ്ക്ക് ഒടുവിൽ അർഹതയ്ക്കുള്ള അംഗീകാരം
ഡോ ശോശാമ്മ അയ്‌പ്
ഡോ ശോശാമ്മ അയ്‌പ്

വെച്ചൂർ പശു എന്ന് നമ്മൾ മിക്കവരും കേട്ടിട്ടുണ്ടാകും. തൊണ്ണൂറോളം സെന്റിമീറ്റർ മാത്രം പൊക്കവും 130കിലോയോളം തൂക്കവുമുള്ള മൂന്നു ലിറ്ററോളം പാൽ ഉൽപാദിപ്പിക്കുന്ന, ലോകത്തിലെ ഏറ്റവും ചെറിയ കന്നുകാലി ജനുസ്സാണ് വെച്ചൂർ പശു. പല കാരണങ്ങൾ കൊണ്ടും കർഷകർക്ക് പ്രിയപ്പെട്ട ജനുസ്സാണ് ഇത്. 

വംശനാശ ഭീഷണിയുടെ വക്കത്തു നിന്ന് വെച്ചൂർ പശുക്കളെ ശാസ്ത്രീയ രീതിയിൽ വീണ്ടെടുത്ത് നമ്മുടെ ജൈവ വൈവിധ്യത്തിന് തിരിച്ചു നൽകിയത് ജനിതക, മൃഗ പ്രജനന ശാസ്ത്രജ്ഞയായ ഡോക്ടർ ശോശാമ്മ അയ്പും സംഘവുമാണ്. ഡോ ശോശാമ്മ  ജൈവ വൈവിദ്ധ്യ, മൃഗസംരക്ഷണ മേഖലയിൽ അനിതര സാധാരണമായ നേട്ടങ്ങൾ കൈവരിച്ച ഗവേഷകയാണ്. ഒട്ടനവധി എതിർപ്പുകളും തടസ്സങ്ങളും ഇച്ഛാശക്തിയാലും കഠിനപ്രയത്നത്താലും സമഗ്രമായ നേതൃത്വപാടവത്താലും മറികടന്നാണ് ഡോ ശോശാമ്മ ഈ ചരിത്രദൗത്യം പൂർത്തിയാക്കിയിരിക്കുന്നത്. ഈ  പ്രവർത്തനങ്ങൾക്കായി ജീവിതം ഉഴിഞ്ഞു വച്ച ഡോ ശോശാമ്മ അയ്‌പിന് ഇക്കൊല്ലം പദ്മശ്രീ ബഹുമതി ലഭിച്ചിരിക്കുന്നു.  

ലൈബ്രറിയിലും കള്ളുഷാപ്പിലും വരെ അരിച്ചുപെറുക്കി

ക്ഷീരോൽപാദനം കൂട്ടുകയാണ് കാലിവളർത്തലിന്റെ ആത്യന്തിക ലക്ഷ്യം എന്ന നിലയിൽ 1980കളിൽ സങ്കര ഇനം കന്നുകാലികളെ കൃത്രീമ ബീജ ദാനത്തിലൂടെ വ്യാപകമായി ഉൽപാദിപ്പിക്കാൻ സർക്കാർ നീക്കങ്ങൾ തുടങ്ങിയിരുന്നു. അതിനും മുൻപുതന്നെ പൊതുവേ ക്ഷീരോത്പാദനം കുറവായിട്ടുള്ള തനത് ജനുസ്സുകളുടെ പ്രജനനം തടഞ്ഞുകൊണ്ടുള്ള നിയമവും (Cattle Breeding Act 1962) നിലവിലുണ്ടായി
രുന്നു. ക്ഷീരോല്പാദനം കൂട്ടാതിരിക്കുകയോ സങ്കരയിനം കന്നുകാലികളെ ഉൽപാദിക്കാതിരിക്കുകയോ ചെയ്യണം എന്ന് ഇപ്പറയുന്നതിന് അർത്ഥമില്ല). ആർക്കെങ്കിലും നാടൻ ജനുസ്സിൽ പെട്ട വിത്തുകാളയെ വളർത്തണമെങ്കിൽ സർക്കാരിൻറെ പ്രത്യേക അനുമതി നേടേണ്ടതായും ഉണ്ടായിരുന്നു. ഇനി അഥവാ അനുമതി നേടിയാലും നാടൻ വിത്തുകാളകളെ നിർബന്ധിതമായും വന്ധ്യംകരിക്കാൻ പ്രസ്തുത നിയമങ്ങൾ അനുശാസിച്ചു. കുഴങ്ങിപ്പോയ കർഷകർ പലരും തങ്ങളുടെ പക്കൽ ഇത്തരം കന്നു കാലികൾ ഉണ്ടെങ്കിൽ പോലും റിപ്പോർട്ട്‌ ചെയ്യാതിരുന്നു. അതിനാൽ കേരളത്തിന്റെ തനത് ജനുസ്സുകൾ ഉണ്ടോ അവയ്ക്ക് എന്തെങ്കിലും മെച്ചങ്ങൾ ഉണ്ടോ എന്നു പോലും വിവരം ലഭ്യമല്ലാതായി. 

ഈ സമയത്താണ് 1988ൽ ഡോ ശോശാമ്മയും ചില വിദ്യാർഥികളും ചേർന്ന് വെച്ചൂർ പശുക്കളെ തേടി പുറപ്പെട്ടത്. അക്ഷരാർത്ഥത്തിൽ കോട്ടയത്തുള്ള വെച്ചൂർ ഗ്രാമത്തിൽ നിന്ന് തുടങ്ങി, കേരളത്തിന്റെ മുക്കിലും മൂലയിലും അവർ തിരഞ്ഞു. കർഷകരോട് ഇടപെട്ടു. ലൈബ്രറിയിലും കള്ളുഷാപ്പിലും എന്നു വേണ്ട പശുവിനെ വളർത്താനിടയുള്ള എല്ലായിടങ്ങളും അരിച്ചുപെറുക്കി. അങ്ങിനെ പലയിടത്തു നിന്നും വിലകൊടുത്തുവാങ്ങിയ എട്ടു വെച്ചൂർ കാലികളുമായി തുടങ്ങിയ വെച്ചൂർ സംരക്ഷണം ഇന്നു ലോകത്തിന്റെ തന്നെ പല ഭാഗങ്ങളിലായി പതിനായിരത്തോളം വെച്ചൂർ കാലികളിൽ എത്തിനിൽക്കുന്നു. പ്രാരംഭകാലത്ത് കേരള ആഗ്രിക്കൾചറൽ യൂണിവേഴ്സിറ്റിയും പിന്നീട് ICAR ഉം നന്നായി പിന്തുണച്ച പദ്ധതിയാണെങ്കിലും തുടക്കത്തിൽ പല സ്ഥാപിത താല്പര്യ സംഘങ്ങളിൽ നിന്നും കൊടിയ എതിർപ്പു നേരിട്ടാണ് ഈ പ്രസ്ഥാനം എന്നുതന്നെ പറയേണ്ട പ്രവർത്തനം മുന്നോട്ടുപോയത്. 

തൊഴുത്തിന് തീയിട്ടു, വിഷം കൊടുത്ത് കൊന്നു

വെറ്ററിനറി കോളജിൽ വെച്ചൂർ പശുക്കളുടെ തൊഴുത്തിന് അജ്ഞാതർ തീയിട്ട സംഭവം പോലും ഉണ്ടായിട്ടുണ്ട്. പത്തൊൻപതോളം പശുക്കളെ വിഷം കൊടുത്ത് കൊന്നിട്ടുണ്ട്.. ഓരോ തവണയും ഇത്തരം പ്രതിബന്ധങ്ങളെ  അതിജീവിച്ചുകൊണ്ട് ഡോ ശോശാമ്മ തിരിച്ചു വന്നു.
പാലുല്പാദനം നന്നെ കുറവായ ജനുസ്സുകളെ എന്തിനാണ് പെരുകാൻ അനുവദിക്കുന്നത് എന്നായിരുന്നു ഒരു വിഭാഗത്തിന്റെ പിടിവാശി. എന്നാൽ അതിന് മതിയായ ശാസ്ത്രീയ കാരണങ്ങൾ ഉണ്ടായിരുന്നു. അതായത് സങ്കര ഇനങ്ങൾ കൊണ്ട് ക്ഷീര വിപ്ലവം നടത്തുമ്പോഴും തനത് ജനുസ്സുകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയുണ്ട്. പുറകോട്ടും മുന്നോട്ടും വായിച്ചു പഠിക്കേണ്ടതായ പ്രകൃതിയുടെ പാഠങ്ങൾ ശരിക്കും മനസ്സിലാക്കേണ്ടതുണ്ട്. ഓരോ ദേശത്തിന്റെയും നൈസർഗികതയ്ക്ക് ചേർന്ന ജൈവ വൈവിധ്യമാവും അവിടെ ഉണ്ടാവുക. ഇതൊക്കെയുൾ പ്പെട്ടതാണ് ജൈവ വൈവിദ്ധ്യസംരക്ഷണം. ഡോ ശോശാമ്മയോടൊപ്പം ഈ ഉദ്യമത്തിൽഅന്ന് വിദ്യാർഥികളായിരുന്ന ഡോ അനിൽ സഖറിയ, ഡോ അജിത്, ഡോ ജയൻ കെ സി, ഡോ സുനിൽ ജി തുടങ്ങിയവർ സർവാത്മനാ പ്രവർത്തിച്ചിരുന്നു.

കന്നുകാലികൾക്ക് പുറമെ ആട്, കോഴി, താറാവ് 

ഇച്ഛാ ശക്തിയും ഉദ്ദേശ ശുദ്ധിയും കർഷകരുടെ പിന്തുണയും കൊണ്ട് കാലക്രമത്തിൽ അധികൃതരുടെ പൂർണ്ണ അംഗീകാരം നേടിയെടുത്ത് ഡോ ശോശാമ്മയുടെ നേതൃത്വത്തിൽ തന്നെ വെച്ചൂർ പശു സംരക്ഷണ ട്രസ്റ്റ്‌ 1999 മുതൽ പ്രവർത്തനം തുടരുന്നു. ഡോ ശോശാമ്മ വെറ്റിനറി കോളേജ് അധ്യാപനത്തിൽ നിന്ന് റിട്ടയർ ചെയ്ത ശേഷവും ഈ ട്രസ്റ്റിന്റെ സാരഥിയായി പൂർവാധികം ശക്തിയോടെ പ്രവർത്തിക്കുന്നുണ്ട്. ഇന്ന്, കന്നു കാലികൾക്ക് പുറമെ കേരളത്തിന്റെ തനതായ ആട്, കോഴി, താറാവ് എന്നിവയുടെ ജനുസ്സുകളുടെ സംരക്ഷണവും ട്രസ്റ്റ്‌ ഏറ്റെടുത്തിട്ടുണ്ട്. അന്നുവരെ ആകെ ഇരുപത്തിയാറു ഇന്ത്യൻ ജനുസ്സുകൾ ഉണ്ടായിരുന്നെങ്കിലും കേരളത്തിന്റെതായ ഒരു ജനുസ്സും ഉണ്ടായിരുന്നില്ല. ഡോക്ടറുടെ പ്രവർത്തനത്തിന് മുൻപ് വെച്ചൂർ എന്നൊരു തരം പശു ഉണ്ടെന്ന് അറിയപ്പെട്ടിരുന്നെങ്കിലും അത് ഒരു അംഗീകൃത ജനുസ്സായിരുന്നില്ല. പിന്നീട് ഡോ ശോശാമ്മയും സംഘവും വെച്ചൂർ ജനുസ്സിന്റെ കൃത്യമായ ബാഹ്യവും ജനിതകവുമായ ലക്ഷണങ്ങൾ കണ്ടെത്തി ക്രോഡീകരിച്ച് ആധികാരിക സ്ഥാപനങ്ങൾക്ക് സമർപ്പിച്ച ശേഷമാണ് വെച്ചൂർ പശു ഒരു പ്രത്യേക ജനുസ്സ് എന്ന അംഗീകാരം നേടിയത്.

എന്തുകൊണ്ടാണ് ഈ പശുക്കൾ കർഷകർക്ക് പ്രിയപ്പെട്ടതാവുന്നത്?

വെച്ചൂർ കിടാങ്ങളെ ഉൽപാദിപ്പിച്ച് കർഷകർക്ക് വളർത്താൻ കൊടുക്കുകയോ, വെച്ചൂർ പശുവിനെയും കാളയെയും കർഷകർക്ക് വളർത്താൻ ഏല്പിച്ച ശേഷം കിടാങ്ങളെ പ്രൊജക്റ്റ്‌ വഴി വാങ്ങുകയോ ഒക്കെ വഴി ഡോ ശോശാമ്മയും സംഘവും ശാസ്ത്രീയപ്രജനന രീതികളാൽ തന്നെ വെച്ചൂർ ജനുസ്സിന് വംശ വർദ്ധവുണ്ടാക്കി. കർഷകർക്ക് എന്തുകൊണ്ടാണ് ഈ പശുക്കൾ പ്രിയപ്പെട്ടതാവുന്നത് എന്നറിയണ്ടേ? ഈ പശുക്കൾ അക്ഷരാർത്ഥത്തിൽ സീറോ മെയ്ന്റെനൻസ് ആണ്. അതായത് വളരെ കുറച്ച് തീറ്റ മാത്രം ആവശ്യമുള്ള, അത്രപെട്ടെന്നൊന്നും വ്യാധികൾ പിടിപെടാത്ത ഇനമാണ്.സങ്കരയിനം കന്നു കാലികളെ പോലെ ചൂടു താങ്ങാൻ പറ്റാത്തവയല്ല ഇവ  കേരളത്തിന്റെ കാലാവസ്ഥക്ക് ചേർന്ന ഇനമാണ്  ഒരു വീട്ടിലേയ്ക്ക് വേണ്ട പാൽ കിട്ടുകയും ചെയ്യും. ചാണകം ഗോമൂത്രം തുടങ്ങിയവ കൃഷിക്ക് ഫലപ്രദമായ വളവുമാണ്.എന്നിങ്ങനെ ചെറുകിട കർഷകന് ഭാരമാകാതെ ആവശ്യങ്ങൾക്ക് ഉതകുന്ന, ഒരു കാലി യിനമാണ് വെച്ചൂർ. സുസ്ഥിര വികസനത്തിന്റെ വേറിട്ടൊരു മാതൃക കൂടിയാണ് ഡോ ശോശാമ്മ അയ്പ് ഇതിലൂടെ കേരളത്തിന്‌ നൽകിയത്.ഇപ്രകാരമുള്ള മേന്മകളും കർഷകർക്കിടയിലുള്ള സ്വീകാര്യതയും കൊണ്ട് ഗവണ്മെന്റും ഈ മുന്നേറ്റത്തെ പിന്തുണച്ചു എന്നു മാത്രമല്ല തനതു ജനുസ്സുകളോടുള്ള നയം മാറ്റുകയും ചെയ്‌തു. അതൊട്ടും ചെറിയ കാര്യമല്ല. ഇപ്പോൾ കേരളത്തിന്റെതായി കാസർഗോഡ് കുള്ളൻ, വടകര കുള്ളൻ, ഹൈ റേഞ്ച് കുള്ളൻ തുടങ്ങി മറ്റുചില ജനുസ്സുകളും കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. വെച്ചൂർ പശുവിന്റെ ജനിതക സവിശേഷതകളെ കുറിച്ച് ഇപ്പോൾ കേരള വെറ്ററിനറി സർവകലാശാലയിൽ നിന്ന് അനേകം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകൃതമാവുന്നുണ്ട്.

ഡോ ശോശാമ്മ അയ്പ് 

ഡോ ശോശാമ്മ അയ്പ് കേരള വെറ്ററിനറി കോളേജിൽ നിന്ന് ബിരുദവും ജനിതക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടിയശേഷം നാഷണൽ ഡയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (NDRI)  കർണാലിൽ നിന്ന് മൃഗപ്രജനനവും ജനിതകവും അടിസ്ഥാനമാക്കി ഡോക്ടറേറ്റ് നേടുകയുമുണ്ടായി. സ്ത്രീകൾ വെറ്ററിനറി രംഗത്തുതന്നെ അധികമില്ലായിരുന്ന എഴുപതുകളിലാണ് ഈ നേട്ടം എന്നോർക്കണം. വെറ്ററിനറി കോളജിലെ സർജറി അധ്യാപകനാ യിരുന്ന ഡോക്ടർ എബ്രഹാം വർക്കിയാണ് ടീച്ചറുടെ പങ്കാളി. വെച്ചൂർ പശുവിന്റെ വംശ സംരക്ഷണത്തോടനുബന്ധിച്ച്  നിരവധി അംഗീകാരങ്ങൾ ഡോ ശോശാമ്മയെ തേടി എത്തിയിട്ടുണ്ട്.2016 ൽ UNDP യും വന മന്ത്രാലയവും ജൈവ വൈവിദ്ധ്യ അതോരിറ്റിയും ചേർന്നുനൽകിയ ജൈവ വൈവിദ്ധ്യ അവാർഡ് അതിലൊന്നാണ്.

അധ്യാപിക, ശാസ്ത്രജ്ഞ എന്നീ നിലകളിൽ തന്റെ പാടവം തെളിയിച്ചിട്ടുള്ള ഡോ ശോശാമ്മ കർഷകരോടൊത്തു പ്രവർത്തിക്കുന്നതിന് വളരെ പ്രാധാന്യം നൽകുന്ന സാമൂഹ്യ പ്രതിബദ്ധതയുള്ള ശാസ്ത്രജ്ഞയാണ്.ഇത് ശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം തന്നെ വ്യത്യസ്തമായ പ്രവർത്തന രീതിയാണ് കർഷകരാണ് സത്യത്തിൽ ഒരു  ജനുസ്സിനെ സംരക്ഷിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്നത് എന്ന് ഡോ ശോശാമ്മ പറയുന്നുണ്ട്.

ശോശാമ്മ ടീച്ചറുടെ ശിഷ്യയായിരിക്കാൻ ഭാഗ്യമുണ്ടായിട്ടുണ്ട് ഈ ലേഖികയ്ക്ക്. എന്നുമാത്രമല്ല വെച്ചൂർ പശുവിന്റെ പരിരക്ഷണത്തിന് വേണ്ടി ടീച്ചറും സംഘവും നടത്തുന്ന പ്രയത്നങ്ങൾ നേരിട്ട് കാണാനും കഴിഞ്ഞിട്ടുണ്ട്. ടീച്ചറേ പോലെയുള്ള ഗുരുനാഥരുടെ പാത പിന്തുടർന്ന് ഇന്ത്യൻ വെറ്ററിനറി ഇൻസ്റ്റിറ്റ്യൂട്ട്, ബറേലി യിൽ ബിരുദാനന്ത ര പഠനത്തിന്പോയപ്പോൾ ഞങ്ങൾ തിരിച്ചറിയപ്പെട്ടത് പോലും പ്രഗത്ഭയായ ഈ ശാസ്ത്രജ്ഞയുടെ പേരിലാണ്. ഗവേഷണാവശ്യത്തിനോ മറ്റോ ആ നാളുകളിൽ ടീച്ചർ അവിടം സന്ദർശിക്കുകയുമുണ്ടായി.കുട്ടിയെ പോലെ കൂട്ടിക്കൊണ്ടുനടന്ന് തന്റെ സഹപ്രവർത്തകരെ പരിചയപ്പെടുത്തി തരാ നും മറന്നില്ല ടീച്ചർ. ഞാൻ അമേരിക്കയിൽ ജോലി ചെയ്യുമ്പോഴും ഒരു നിയോഗമെന്നോണം ന്യൂജഴ്സിയിൽ, മകൾ ഡോ റബേക്ക  വർഗീസിനോടൊപ്പം ഉണ്ടായിരുന്ന ടീച്ചറേസന്ദർശിക്കാൻ കഴിഞ്ഞു. ഓരോ കണ്ടുമുട്ടലിലും അനന്ത കാലത്തേയ്ക്കുള്ള ഊർജ്ജമാണ് ആ ആ കൈയ്യൊന്നു തൊട്ടാൽ തന്നെ.ടീച്ചറേ ഓർക്കുമ്പോൾ ഏതു സന്ദർഭത്തിലായാലുംതാൻ പ്രതിനിധാനം ശാസ്ത്രത്തോടുള്ള അഗാധമായ പ്രതിബദ്ധത, സർവ ചരാചരങ്ങളോടുമുള്ള സ്നേഹം എന്നീ ഗുണങ്ങൾ മുന്നിൽ നിൽക്കുന്നു . ജനിതക, ജൈവ വൈവിദ്ധ്യപാഠങ്ങൾക്കൊപ്പം ടീച്ചറിന്റെ ജീവിതം തന്നെയാണ്  ടീച്ചറിന്റെ സന്ദേശം.
ആവിശ്വസനീയമായ വേഗത്തിൽ ശാസ്ത്രം പുരോഗമിക്കുന്ന കാലമാണിത്. ഒരു വർഷത്തിനുള്ളിൽ മഹാമാരിക്ക് വാക്‌സിൻ,  3D  പ്രിന്റ് ചെയ്ത് മനുഷ്യാവയവങ്ങൾ നിർമ്മിക്കാൻ കഴിയുന്ന സാങ്കേതികത, എന്നിങ്ങനെ ജീവശാസ്ത്രം മുമ്പെങ്ങുമില്ലാത്ത വിധം നവീകരിക്കപ്പെടുകയാണ്.എന്നും ശാസ്ത്രപുരോഗതിക്കൊപ്പം  പൊതുനന്മയാണ് പരിഗണിക്കപ്പെടേണ്ടത് എന്ന നൈതികത തിളങ്ങി നിൽക്കുന്ന ഒരു ഉദാഹരണമാണ് ഡോക്ടർ ശോശാമ്മ അയ്പ്.

(കളമശ്ശേരി എസ്‌സിഎംഎസ് ബയോസയന്‍സ് ആന്‍ഡ് ബയോടെക്‌നോളജി ഇന്‍സ്റ്റിറ്റിയൂട്ട് ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖിക)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com