14 ദിവസം, 4000കിലോമീറ്റർ, ഇന്ത്യക്ക് കുറുകെ ഒരു യാത്ര; ഗുജറാത്ത് മുതൽ അരുണാചൽ പ്രദേശ് വരെ സൈക്കിൾ ചവിട്ടി 45കാരി 

രാജ്യത്തിന് കുറുകെ പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് ഒറ്റയ്ക്ക് സൈക്കിൾ ചവിട്ടുന്ന ആദ്യ വനിത എന്ന നേട്ടമാണ് രണ്ട് കുട്ടികളുടെ അമ്മയായ പ്രീതി സ്വന്തമാക്കിയത്
പ്രീതി മസ്കെ/ ചിത്രം: ഫേയ്സ്ബുക്ക്
പ്രീതി മസ്കെ/ ചിത്രം: ഫേയ്സ്ബുക്ക്

ണ്ടാഴ്ചകൊണ്ട് 4000കിലോമീറ്റർ സൈക്കിളിൽ താണ്ടി പ്രായം വെറുമൊരു അക്കം മാത്രമാണെന്ന് തെളിയിച്ചിരിക്കുകയാണ് 45കാരിയായ പ്രീതി മസ്കെ. ​ഗുജറാത്ത് മുതൽ അരുണാചൽ പ്രദേശ് വരെയാണ് പൂനെ സ്വദേശിയായ പ്രീതി യാത്രചെയ്തത്. 14 ദിവസംകൊണ്ട് രാജ്യത്തിന് കുറുകെ പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് ഒറ്റയ്ക്ക് സൈക്കിൾ ചവിട്ടുന്ന ആദ്യ വനിത എന്ന നേട്ടമാണ് രണ്ട് കുട്ടികളുടെ അമ്മയായ പ്രീതി സ്വന്തമാക്കിയത്. 

പാകിസ്ഥാന്റെ പടിഞ്ഞാറൻ അതിർത്തിയിലുള്ള കോട്ടേശ്വര ക്ഷേത്രത്തിൽ നിന്ന് നവംബർ ഒന്നാം തിയതി തുടങ്ങിയതാണ് യാത്ര. ​ഗുജറാത്ത്, രാജസ്ഥാൻ, ഉത്തർ പ്രദേശ്, ബിഹാർ, പശ്ചിമ ബം​ഗാൾ, അസം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് അരുണാചൽ പ്രദേശിലെ ചൈന‌ അതിർത്തിക്കടുത്തുള്ള കിബിത്തുവിൽ എത്തി. 14-ാം തിയതി അർദ്ധരാത്രിയാണ് 13 ദിവസം നീണ്ടുനിന്ന 3995 കിലോമീറ്റർ താണ്ടിയുള്ള  പ്രീതിയുടെ യാത്ര അവസാനിച്ചത്. തന്റെ യാത്ര ഒട്ടും എളുപ്പമായിരുന്നില്ലെന്നും മോശം റോഡും, നിർമാണ പ്രവർത്തനങ്ങളുമെല്ലാം യാത്ര കൂടുതൽ ദുഷ്കരമാക്കിയെന്നും പ്രീതി പറഞ്ഞു. 

ഓർ​ഗനൈസേഷൻ റിബർത്ത് തേർസ്റ്റ് എന്ന സംഘടയുടെ ഭാ​ഗമായി അവയവദാനത്തെക്കുറിച്ച് ബോധവത്കരണം സൃഷ്ടിക്കാനെന്ന ലക്ഷ്യത്തോടെയായിരുന്നു യാത്ര. യാത്രയിലുടനീളം പ്രീതിക്ക് അകമ്പടിയായി അഞ്ചം​ഗ സംഘം മറ്റൊരു വണ്ടിയിൽ ഉണ്ടായിരുന്നു. 

ചില ദിവസങ്ങളിൽ 19 മണിക്കൂറും ചിലപ്പോൾ 24 മണിക്കൂറും സൈക്കിൾ ചവിട്ടിയെന്ന് പ്രീതി പറഞ്ഞു. "ബീഹാറിലെ ദർഭംഗ മുതൽ ശക്തമായ കാറ്റുണ്ടായിരുന്നതിനാൽ ഇതിലെ സൈക്ലിം​ഗ് കഠിനമായിരുന്നു. അരുണാചൽ പ്രദേശിലെ തേസു കഴിഞ്ഞാൽ പിന്നെ ഉയരം, മോശം റോഡുകൾ പാറക്കെട്ടുകൾ, നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയ പ്രശ്നങ്ങളൊക്കെ ഉണ്ടായിരുന്നു. ഇതിനുപുറമേ അരുണാചൽ പ്രദേശിൽ വൈകിട്ടാകുമ്പോൾ താപനില 2-3 ഡി​ഗ്രി സെൽഷ്യസിലേക്കൊക്കെ കുറയും. നെറ്റ് വർ‌ക്ക് ഇല്ലാതായതും പ്രതിസന്ധിയുണ്ടാക്കി. വിജനമായ റോഡുകളിൽ വഴി കണ്ടുപിടിക്കുക എളുപ്പമായിരുന്നില്ല. രാത്രിയിൽ വഴിതെറ്റിപ്പോയ ഞങ്ങൾ കൂടുതൽ സമയമെടുക്കുന്ന റോഡിലൂടെയൊക്കെ സഞ്ചരിച്ചു", പ്രീതി പറഞ്ഞു. കാപ്പി കുടിച്ചാണ് ഉറക്കത്തെ നിയന്ത്രിച്ചതെന്നും ഒരു ഘട്ടത്തിൽ യാത്ര പാതിവഴിയിൽ ഉപേക്ഷിക്കേണ്ട വരുമെന്ന് കരുതിയെങ്കിലും എല്ലാം തരണം ചെയ്ത് ലക്ഷ്യത്തിലെത്തിയെന്നും പ്രീതി കൂട്ടിച്ചേർത്തു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com