ലാപ്ടോപ്പ് മോഷ്ടിച്ചു; വീട്ടിലെത്തിയപ്പോൾ കള്ളന് കുറ്റബോധം, ‌​ഗതികേടറിയിച്ച് ഉടമസ്ഥന് മെയിൽ 

ഗവേഷണ പ്രബന്ധം അടങ്ങിയ ലാപ്‌ടോപ്പുമായി മുങ്ങിയ കള്ളൻ അയച്ച മെയിലാണ് ട്വീറ്റിലെ വിഷയം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലാപ്‌ടോപ്പ് മോഷ്ടിച്ച കള്ളന്‍ ഇമെയില്‍ വഴി നടത്തിയ ക്ഷമാപണമാണ് ട്വിറ്ററിൽ വൈറലാകുന്നത്. ഗവേഷണ പ്രബന്ധം അടങ്ങിയ ലാപ്‌ടോപ്പുമായി മുങ്ങിയ കള്ളൻ അയച്ച മെയിലാണ് ട്വീറ്റിലെ വിഷയം. കഴിഞ്ഞദിവസം സ്വേലി തിക്സോ എന്ന ട്വിറ്റർ ഉപയോക്താവാണ് തനിക്ക് കിട്ടിയ മെയിലും അതിന് പിന്നിലെ കഥയും വിവരിച്ച് ട്വീറ്റ് കുറിച്ചത്. 

ലാപ്ടോപ്പ് മോഷ്ടിച്ചെങ്കിലും വീട്ടിലെത്തിയപ്പോൾ കുറ്റബോധം തോന്നിയ കള്ളൻ തിക്സോയോട് ക്ഷമാപണം അറിയിച്ച് മെയിൽ അയക്കുകയായിരുന്നു. ലാപ്ടോപ്പിനുള്ളിൽ ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ചില രേഖകളും അയച്ചുകൊടുത്തു. ജീവിക്കാൻ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള തത്രപ്പാടിലാണ് താനെന്നും അതുകൊണ്ടാണ് മോഷണം നടത്തിയതെന്നും പറയുകയായിരുന്നു മോഷ്ടാവ്. കള്ളനോട് എന്തു മറുപടി പറയണമെന്ന് അറിയാത്ത അവസ്ഥയിലാണ് താനെന്നാണ് തിക്സോ കുറിച്ചിരിക്കുന്നത്. 

'ബ്രോ എന്തുണ്ട്, എനിക്കറിയാം ഞാന്‍ നിങ്ങളുടെ ലാപ്‌ടോപ് ഇന്നലെ രാത്രി മോഷ്ടിച്ചു. ഞാന്‍ ജീവിതത്തില്‍ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ വളരെയധികം കഷ്ടപ്പെടുകയാണ്, എനിക്ക് പണം വേണമായിരുന്നു. നിങ്ങള്‍ ഒരു റിസേര്‍ച്ച് പ്രപ്പോസലിന്റെ തിരക്കിലാണെന്ന് ഞാന്‍ കണ്ടിരുന്നു, അത് ഞാന്‍ അറ്റാച്ച് ചെയ്തിട്ടുണ്ട്, ഇനിയും മറ്റെന്തെങ്കിലും ഫയലുകള്‍ വേണമെങ്കില്‍ തിങ്കളാഴ്ച 12 മണിക്ക് മുന്നേ എന്നെ അറിയിക്കൂ, കാരണം ഞാന്‍ ഇത് വാങ്ങാന്‍ ഒരു ആളെ കണ്ടെത്തിയിട്ടുണ്ട്.', ഇതായിരുന്നു തിക്സോയ്ക്ക് കിട്ടിയ സന്ദേശത്തിലെ ഉള്ളടക്കം. 

ട്വീറ്റ് വായിച്ചവര്‍ പല രീതിയിലാണ് സംഭവത്തോട് പ്രതികരിച്ചത്. അയാള്‍ ലാപ്‌ടോപ്പ് വാങ്ങാന്‍ കണ്ടെത്തിയ വ്യക്തി നല്‍കിയ അതേ ഓഫര്‍ മുന്നോട്ടു വച്ച് ലാപ്‌ടോപ്പ് സ്വന്തമാക്കൂ എന്നതുമുതല്‍ ആരെങ്കിലും മോഷ്ടാവിന് ഒരു ജോലി നല്‍കൂ എന്നുവരെ കമന്റുകളെത്തി. ചിലര്‍ അവസരം വന്നാല്‍ അയാള്‍ക്ക് ജോലി നല്‍കാം എന്നുപോലും പറയുന്നുണ്ട്. ചിലരാകട്ടെ ബഹുമാനമുള്ള കള്ളന്‍ തുടങ്ങിയ വിശേഷണങ്ങളുമായാണ് എത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com