ആഴ്ചയിലൊരിക്കൽ ബെഡ്ഷീറ്റ് മാറ്റാറുണ്ടോ? കിടക്കവിരി വരുത്തിവയ്ക്കുന്ന ചർമ്മരോ​ഗങ്ങളെ സൂക്ഷിക്കുക! 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st August 2023 03:01 PM  |  

Last Updated: 01st August 2023 04:57 PM  |   A+A-   |  

bedsheet

പ്രതീകാത്മക ചിത്രം

 

മൃദുലവും തിളക്കമുള്ളതുമായ ചർമ്മം വേണമെന്ന് ആഗ്രഹിക്കുമ്പോൾ തന്നെ വൃത്തിയുടെ കാര്യത്തിലും ശ്രദ്ധ വേണം. നമ്മൾ താമസിക്കുന്ന മുറിയും ഇടപെടുന്ന പ്രതലങ്ങളുമെല്ലാം വൃത്തിയോടെ സൂക്ഷിക്കേണ്ടത് ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ഇതിൽ ഏറ്റവും പ്രധാനമാണ് കിടക്കവിരി കൃത്യമായ ഇടവേളകളിൽ കഴുകി വൃത്തിയാക്കുന്നത്. തിരക്കുകൾക്കിടയിൽ ഇത് മറന്നാൽ ചർമ്മരോഗങ്ങൾ വരിയായി ശല്യപ്പെടുത്തിത്തുടങ്ങും. 

നോക്കുമ്പോൾ മുഷിഞ്ഞതായി തോന്നില്ലെങ്കിലും വിയർപ്പ്, ചർമ്മത്തിലെ മൃതകോശങ്ങൾ എന്നിവ ബെഡ്ഷീറ്റിൽ അടിഞ്ഞിട്ടുണ്ടാകും. ഇത് മുഖക്കുരു, ചൊറിച്ചിൽ തുടങ്ങി പല ചർമ്മപ്രശ്‌നങ്ങൾക്കും കാരണമാകും. ബെഡ്ഷീറ്റുകൾ പതിവായി മാറ്റിയില്ലെങ്കിൽ അത് ബാക്ടീരിയയും ഫംഗസും മറ്റ് സൂക്ഷ്മാണുക്കളുമൊക്കെ വളരാൻ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കും. ഇത് പല ചർമ്മ അണുബാധകൾക്കും കാരണമാകും. 

കിടക്കവിരികൾ എപ്പോൾ മാറ്റണം? ഇടവേള അറിയാം

ആഴ്ചയിൽ ഒരിക്കലെങ്കിലും ബെഡ്ഷീറ്റ് മാറ്റാൻ ശ്രമിക്കണം. നന്നായി വിയർക്കുന്ന പ്രകൃതക്കാരാണെങ്കിൽ ഒരാഴ്ച്ചയാകാൻ പോലും കാത്തിരിക്കണ്ട. എന്നും കുളിക്കാനും ശരീരം വൃത്തിയായി സൂക്ഷിക്കാനും ശ്രദ്ധിക്കണം. ഏതെങ്കിലും തരത്തിലുള്ള ചർമ്മപ്രശ്‌നങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ ചർമ്മരോഗ വിദഗ്ധനെ സമീപിക്കണം. 

കിടക്കവിരി മാറ്റാത്തതുമൂലമുണ്ടാകുന്ന അണുബാധകൾ

ഫോളികുലൈറ്റിസ്

ഒന്നോ അതിലധികമോ രോമകൂപങ്ങളെ ബാധിക്കുന്ന വീക്കം അല്ലെങ്കിൽ അണുബാധയാണ് ഫോളികുലൈറ്റിസ്. വിയർപ്പ്, ചർമ്മത്തിലെ മൃതകോശങ്ങൾ, എണ്ണ എന്നിവയൊക്കെ ബെഡ്ഷീറ്റിൽ അടിഞ്ഞുകൂടുകയും രോമകൂപങ്ങൾ അടഞ്ഞുപോകുകയും ചെയ്യും. ഇതാണ് ഫാളികുലൈറ്റിസിന് കാരണമാകുന്നത്. രോമകൂപങ്ങൾക്ക് ചുറ്റും ചുവന്നുവീർത്ത കുരുക്കൾ കാണപ്പെടാൻ ഇത് ഇടയാക്കും. 

മുഖക്കുരു

വൃത്തിഹീനമായ ബെഡ്ഷീറ്റുകൾ ബാക്റ്റീരിയ വളരാൻ ഇടയാക്കുകയും മുഖത്ത് എണ്ണമയം കൂടാൻ കാരണമാകുകയും ചെയ്യും. ഇത് മുഖക്കുരുവിന് വഴിയൊരുക്കും. രാത്രി മുഴുവൻ കിടക്കവിരിയിലെ അഴുക്കുമായി ചർമ്മം സമ്പർക്കം പുലർത്തുമ്പോൾ വീക്കം കൂടുകയും നിലവിലുള്ള ചർമ്മപ്രശ്‌നങ്ങൾ വർദ്ധിക്കുകയും ചെയ്യും. 

റിംഗ് വോം

ഈർപ്പമുള്ള സ്ഥലങ്ങളിലാണ് ഫംഗസ് വളരുന്നത്. വൃത്തിഹീനമായ ബെഡ്ഷീറ്റുകൾ അവർക്ക് അനുയോജ്യമായ പ്രജനന കേന്ദ്രമായി മാറും. റിംഗ് വോം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പടരുന്ന അണുബാധയാണ്. ഇത് ചർമ്മത്തെ ബാധിച്ചാൽ വൃത്താകൃതിയിൽ തിണർപ്പുണ്ടാകുകയും അസഹ്യമായ ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യും. 

ഇംപെറ്റിഗോ 

ചർമ്മത്തിന്റെ പുറംതൊലിയ ബാധിക്കുന്ന ഒരു അണുബാധയാണിത്. സ്‌ട്രെപ്‌റ്റോകോക്കസ് പോലുള്ള ഹാനീകരമായ ബാക്ടീരിയകൾ ചർമ്മത്തിലെ മുറിവുകളിലൂടെ അകത്തുകടക്കുമ്പോൾ ഉണ്ടാകുന്ന അണുബാധയാണ് ഇംപെറ്റിഗോ. ഇത് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുകയും ചെയ്യും. 

അത്‌ലറ്റ്‌സ് ഫൂട്ട് (വളംകടി)

വ്യാപകമായി കണ്ടുവരുന്ന മറ്റൊരു ഫംഗൽ അണുബാധയാണ് അത്‌ലറ്റ്‌സ് ഫുട്ട്. വൃത്തിയില്ലാത്ത ബെഡ്ഷീറ്റുകളിൽ വളരുന്ന ഫംഗസ് മൂലം ഇത് ബാധിക്കാം. ഉറങ്ങുമ്പോൾ കാൽപാദങ്ങൾ കിടക്കവിരിയുമായി സമ്പർക്കം പുലർത്താറുണ്ട്. ഫംഗസ് അവയ്ക്ക് അനുകൂലമായ സാഹചര്യം കണ്ടെത്തിയാൽ കാലുകൾ ചുവന്ന നിറത്തിലാക്കുകയും ചൊറിച്ചിൽ അണുഭവപ്പെടുകയും ചെയ്യും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ദിവസവും നാല് ലിറ്റർ വെള്ളം കുടിച്ചു; വൈറൽ ഫിറ്റനസ് ചലഞ്ചിൽ പങ്കെടുത്ത ടിക് ടോക് താരം ആശുപത്രിയിൽ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ