ടീം ലഞ്ചിനുള്ള തയ്യാറെടുപ്പാണോ? ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കാം, ഒഴിവാക്കേണ്ട 5 കാര്യങ്ങള്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th February 2023 05:35 PM |
Last Updated: 14th February 2023 05:35 PM | A+A A- |

പ്രതീകാത്മക ചിത്രം
ടീം ലഞ്ചും ഡിന്നറുമൊക്കെ ഇപ്പോള്‍ പല ഓഫീസുകളിലും പതിവാണ്. ആഘോഷദിവസങ്ങള്‍, ടീമംഗങ്ങളുടെ ജന്മദിനം, ടാര്‍ജെറ്റ് മറികടക്കുക തുടങ്ങി പല കാര്യങ്ങള്‍ക്കായി ഇത്തരം ചെറിയ ഒത്തുചേരലുകള്‍ നടക്കാറുണ്ട്. എന്നും അടുത്തിടപഴകുന്ന ആളുകള്‍ക്കൊപ്പമാണെങ്കിലും ഇത്തരം വിരുന്നുകളില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അതില്‍ പ്രധാനമാണ് എന്ത് ഭക്ഷണം ഓര്‍ഡര്‍ ചെയ്യണമെന്നത്. എന്ത് ഓര്‍ഡര്‍ ചെയ്യണം എന്നതിനേക്കാളുപരി എന്ത് ഓര്‍ഡര്‍ ചെയ്യരുത് എന്നാണ് അറിയേണ്ടത്.
ബര്‍ഗര്‍
എത്ര ബുദ്ധിപരമായി തെരഞ്ഞെടുത്താലും ബര്‍ഗര്‍ എന്ന ഓപ്ഷന്‍ പണിയാകും. അവിടിവിടെയായി ഒഴുകി കിടക്കുന്ന സോസ് ആണ് പ്രധാന ശത്രു. ഇപ്പോഴാകട്ടെ പല ഡൈന്‍ ഇന്‍ റെസ്റ്റോറന്റുകളിലും ധാരാളം ലെയറുകള്‍ ഉള്ള ബര്‍ഗറുകളാണ് കിട്ടുന്നത്. അതുകൊണ്ട് ഇവ കഴിക്കുമ്പോള്‍ ചുറ്റുമുള്ളവരുടെ ശ്രദ്ധ നിങ്ങളിലേക്ക് തിരിയുമെന്നുറപ്പാണ്. കൈകാര്യം ചെയ്യാന്‍ എളുപ്പമുള്ള വിഭവങ്ങള്‍ തെരഞ്ഞെടുക്കുന്നതാണ് ബുദ്ധി.
നൂഡില്‍സും സ്‌പെഗെറ്റിയും
ഒരു പുതിയ റെസ്റ്റോറന്റില്‍ കയറിയാല്‍ മെനുവില്‍ കാണുന്ന വെറൈറ്റി ഡിഷുകള്‍ക്ക് പുറകെ പോകാതെ മുമ്പ് കഴിച്ചിട്ടുള്ള വിഭവങ്ങളിലൊന്ന് ഓര്‍ഡര്‍ ചെയ്യുന്നതാണ് പലരുടെയും പതിവ്. അതില്‍തന്നെ നൂഡില്‍സും സ്‌പെഗെറ്റിയും അധികം പേരും തെരഞ്ഞെടുക്കുന്നവയാണ്. പക്ഷെ ഇവയില്‍ ധാരാളം എണ്ണ, ഗ്രേവി, സോസ് എന്നിവ ഉണ്ടായിരിക്കുമെന്ന കാര്യം മറക്കണ്ട. ഇവ കഴിക്കാന്‍ എത്ര എളുപ്പമായിരിക്കില്ലെന്ന് മാത്രമല്ല കഴിക്കുമ്പോള്‍ പതിവായി കേള്‍ക്കുന്ന ശബ്ദം മര്യാദക്കുറവായാണ് കണക്കാക്കുന്നത്.
എല്ല് അടങ്ങിയ വിഭവങ്ങള്‍
ചിക്കന്‍, ബീഫ്, മീന്‍ തുടങ്ങിയവയില്‍ ഏത് ഓര്‍ഡര്‍ ചെയ്താലും എല്ല് അടങ്ങിയ ഓപ്ഷനില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് നല്ലത്. കാരണം, ഇത്തരത്തിലുള്ള വിഭവങ്ങള്‍ മുന്നിലുണ്ടെങ്കില്‍ പ്ലേറ്റ് കാലിയാക്കാന്‍ കൈ ഉപയോഗിച്ച് ഭക്ഷണം കഴിക്കേണ്ടവരും. ഇത്തരം വിഭവങ്ങളിലെ എണ്ണയും ഗ്രേവിയുമൊക്കെ കൈയിലാകും. അതുകൊണ്ടാണ് ബോണ്‍ലെസ് ഓപ്ഷനുകള്‍ അഥവാ വെജിറ്റേറിയന്‍ വിഭവങ്ങള്‍ തെരഞ്ഞെടുക്കാന്‍ പറയുന്നത്.
ചില സലാഡുകള്‍
സലാഡ് ഓര്‍ഡര്‍ ചെയ്യുന്നതില്‍ എന്താണ് പ്രശ്‌നമെന്നായിരിക്കും പലരും ചിന്തിക്കുന്നത്. കറ പറ്റുമെന്ന പേടിയോ സ്പൂണും ഫോര്‍ക്കും ഉപയോഗിച്ച് കഴിക്കാന്‍ പറ്റില്ലെന്ന പരാതിയോ ഒന്നും ഇതിലില്ല. പക്ഷെ ചില സലാഡുകളില്‍ വലിയ ഇലകള്‍ ഉണ്ടാകും, അത് ഭംഗിയായി ചവച്ചുകഴിക്കുക അത്ര എളുപ്പമുള്ള കാര്യമായിരിക്കില്ല. പിന്നെ ബ്രൊക്കോളി പോലുള്ളവ പലപ്പോഴും പല്ലിനിടയില്‍ പോകാനും സാധ്യതയുണ്ട്. അതുകൊണ്ടാണ് സലാഡുകള്‍ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കണമെന്ന് പറയുന്നത്.
ഉള്ളിയും വെളുത്തുള്ളിയും
എതൊരു ഇന്ത്യന്‍ വിഭവത്തിന്റെയും പ്രധാന ചേരുവകളില്‍ സ്ഥാനം പിടിക്കുന്നവയാണ് ഉള്ളിയും വെളുത്തുള്ളിയും. പക്ഷെ ഇവ ചേര്‍ത്തുള്ള ഭക്ഷണം വായ്‌നാറ്റമുണ്ടാക്കുമെന്ന് മറക്കണ്ട. അതുകൊണ്ട് ഗാര്‍ലിക് ബ്രെഡ്, ഒണിയന്‍ പക്കോഡ എന്നിവയോട് നോ പറയുന്നതാണ് നല്ലത്. ടീം ലഞ്ച് പോലുള്ള സമയങ്ങളില്‍ വളരെ അടുത്തടുത്തിരുന്ന് ഭക്ഷണം കഴിക്കുന്നതുകൊണ്ടും ഭക്ഷണം ആസ്വദിക്കുന്നതിനൊപ്പം എല്ലാവരും ഒരുപാട് സംസാരിക്കുമെന്നതുകൊണ്ടും ഇതൊരു വലിയ പ്രശ്‌നം തന്നെയായിരിക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ