രഞ്ജിത് ആന്റണി /ഫെയ്‌സ്ബുക്ക്‌
രഞ്ജിത് ആന്റണി /ഫെയ്‌സ്ബുക്ക്‌

'നല്ല കോമ്പറ്റീഷനുള്ള ഫീല്‍ഡാണ്. അടവുകള്‍ നൂറു തരം പയറ്റിയാലെ രക്ഷയുള്ളു'; ഒരു കല്യാണക്കഥ, കുറിപ്പ് 

ഏന്റെ വിവാഹം ഒരു ചതിയുടെ കഥയാണ്. നുണകളും വഞ്ചനകളിലൂടെയാണ് ഞാന്‍ വിവാഹം കഴിച്ചത്

നായര്‍ യുവാക്കള്‍ക്കു വിവാഹത്തിനു പെണ്‍കുട്ടികളെ കിട്ടുന്നില്ലെന്ന, വൈറല്‍ ആയ ഫെയ്‌സ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വലിയ കൗതുകവും ചര്‍ച്ചയുമാണ് ഉണ്ടാക്കിയത്. ഈ പശ്ചാത്തലത്തില്‍ സ്വന്തം വിവാഹ കഥ പറയുകയാണ്, രസകരമായ ഈ കുറിപ്പില്‍ രഞ്ജിത്ത് ആന്റണി. ''നല്ല കോമ്പറ്റീഷനുള്ള ഫീല്‍ഡാണ്. അടവുകള്‍ നൂറു തരം പയറ്റിയാലെ രക്ഷയുള്ളു.  അതിന് കഴിയാത്ത പുരുഷന്‍മാര്‍ പെണ്ണു കിട്ടാതെ അലഞ്ഞ് നടക്കും. അതിപ്പോള്‍, നായരായാലും, ക്രിസ്ത്യാനി ആയാലും, നമ്പൂതിരി ആയാലും ഇതൊക്കെയാണ് സ്ഥിതി.''- കുറിപ്പില്‍ പറയുന്നു.

രഞ്ജിത് ആന്റണി ഫെ്‌യ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്: 

ഏന്റെ വിവാഹം ഒരു ചതിയുടെ കഥയാണ്. നുണകളും വഞ്ചനകളിലൂടെയാണ് ഞാന്‍ വിവാഹം കഴിച്ചത്.

നിവൃത്തികേടു കൊണ്ട് ചെയ്തതാണ്.

1997 ലാണ് പഠിപ്പ് കഴിഞ്ഞിറങ്ങിയത്. ഒന്നാം ക്ലാസ് തൊട്ടെ ക്ലാസിലെ മൂത്താപ്പ ആയിരുന്നു. രണ്ട് കൊല്ലം എന്‍ട്രന്‍സ് എന്നും പറഞ്ഞ് പോവുകേം ചെയ്തു. അതിനാല്‍ പഠിപ്പ് കഴിഞ്ഞപ്പഴെ വിവാഹപ്രായമായിരുന്നു. അങ്ങനെ വീട്ടില്‍ കല്യാണം ആലോചിച്ചു തുടങ്ങി. ഒറ്റയ്ക്ക് െ്രെട ചെയ്ത് ഒരു പെങ്കൊച്ചിനെ കണ്വിന്‍സ് ചെയ്യാന്‍ കപ്പാസിറ്റിയില്ലാത്ത സിങ്കിള്‍ പശുങ്കള്‍ക്ക് വലിയൊരു ആശ്വാസമാണ് അറേഞ്ച്ഡ് മാരിയെജ്. അപ്പോള്‍ വ്യവസ്ഥാപിത രീതിയില്‍ തന്നെ അതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. ഒരു മേമ്പൊടിക്ക് ചില എതിര്‍പ്പുകളൊക്കെ ഞാന്‍ കാണിച്ചെങ്കിലും ഉള്ളിന്റെ ഉള്ളില്‍ കല്യാണം കഴിക്കാന്‍ റെഡിയായിരുന്നു. 
പ്രശ്‌നം, സമാന സ്ഥിതിയിലുള്ള എന്റെ സുഹൃത്തുക്കള്‍ എല്ലാവരും ഒരേ സമയം വിവാഹമാര്‍ക്കെറ്റില്‍ ആക്ടീവായി എന്നതാണ്.

കൃസ്ത്യാനികളുടെ ഇടയില്‍, ഒരേ സാമ്പത്തിക സാംസ്‌കാരിക സാഹചര്യത്തില്‍ നിന്ന് വരുന്ന ഒരു പറ്റം യുവാക്കള്‍ വിവാഹമാര്‍ക്കെറ്റിലേയ്ക്ക് ഒറ്റയടിക്ക് ഇറങ്ങിയാല്‍ എന്തായിരിക്കും എന്ന് ഞാന്‍ അനുഭവിച്ചറിഞ്ഞു. ഇന്‍വെന്റട്രി പരിമിതമാണ്. ഞങ്ങള്‍ക്ക് വരുന്ന ആലോചനകളെല്ലാം ഒരേ ആലോചനകളുമാണ്. രാവിലെ കണ്ട കുട്ടിയെ, സുഹൃത്ത് ഉച്ചകഴിഞ്ഞ് കാണുന്ന സ്ഥിതി ഒക്കെയുണ്ടാകും. 

ആദ്യമൊക്കെ ഇതൊരു തമാശയായിരുന്നു.  ഞങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും നോട്‌സൊക്കെ കൈമാറും. നിനക്ക് ചായക്ക് എന്ത് കടി കിട്ടി. ഇന്ന വീട്ടിലെ പലഹാരം സൂപ്പറായിരുന്നു, പക്ഷെ പെണ്ണിനെ ഇഷ്ടപ്പെട്ടില്ല തുടങ്ങിയ ഫീഡ്ബാക്കുകള്‍ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ പറഞ്ഞ് ചിരിച്ച് ജോളി ആയാണ് വിവാഹാലോചന പരിപാടികള്‍ തുടങ്ങിയത്. 
പക്ഷെ, സമയം പോകുന്തോറും ചിലരൊക്കെ വിവാഹം കഴിഞ്ഞു. സ്ഥിരം ചായകുടിക്കാര്‍ ചായ കുടി മാത്രമായി മുന്നോട്ട് പോയി. മത്സരം കടുത്തതോടെ ആദ്യമാദ്യം നോട്‌സൊക്കെ കൈമാറി ചിരിച്ചവര്‍ ഇന്‍ഫര്‍മ്മേഷന്‍ പ്രൊട്ടക്റ്റ് ചെയ്യാന്‍ തുടങ്ങി. ചിലര്‍ വളരെ സ്ട്രാറ്റജിക്കായി തെറ്റായ ഇന്‍ഫര്‍മ്മേഷന്‍ ഷെയര്‍ ചെയ്ത് കോമ്പറ്റീഷന്‍ ഒഴുവാക്കാനും ശ്രമിച്ചു.

ആകെ ടെന്‍ഷന്‍.

അങ്ങനെ ഇരിക്കെയാണ്, നമ്മുടെ ആളുടെ ആലോചന വന്നത്. തലെ കൊല്ലം ചെക്കന് തടി കൂടുതലാണെന്ന ഒരു ടെക്‌നിക്കാലിറ്റി ഉന്നയിച്ച് നിഷ്‌കരുണം നിരസിച്ച പെണ്ണാണ്. പിറ്റേക്കൊല്ലം, ആ നോക്കാം എന്ന ലെവലിലായി. അങ്ങനെ ആലോചനയുടെ ആദ്യ കടമ്പ കടന്നു. 

അത് വരെ പെണ്ണുകാണാന്‍ ചെല്ലുമ്പോള്‍, ഞാന്‍ വളരെ സത്യ സന്ധമായി കാര്യങ്ങള്‍ അവതരിപ്പിച്ചിരുന്നു. വലിക്കും, കുടിക്കും, വര്‍ക്ക്‌ഹോളിക് ആണ്, കമ്പ്യൂട്ടറിനോടും, ഞാനെഴുതുന്ന കോഡിനോടുമാണ് പ്രണയം, എന്നൊക്കെ കാച്ചി വിടും. ഇത്തവണ ഞാന്‍ സ്ട്രാറ്റജി മാറ്റിപ്പിടിച്ചു. വലിയില്ല, കുടിയില്ല, സുഹൃത്തുക്കളൊന്നുമില്ല, യാത്രകളോടാണ് പ്രണയം, നിലാവത്ത് നക്ഷത്രങ്ങളെണ്ണി കിടക്കുന്നതാണ് ഹോബി തുടങ്ങി അക്കാലത്ത് ഒരു ശരാശരി പെണ്കുട്ടി കേള്‍ക്കാനാഗ്രഹിക്കുന്ന കാര്യങ്ങള്‍ മാത്രമേ ഞാന്‍ പറഞ്ഞുള്ളു. സ്വിറ്റ്‌സര്‍ലന്റ് സന്ദര്‍ശിക്കുക എന്നതാണ് ബക്കറ്റ് ലിസ്റ്റില്‍ നിലവിലെ ആദ്യ പ്രയോരിറ്റി എന്നും, പറ്റുമെങ്കില്‍ ഹണിമൂണ് അവിടെ ആക്കണമെന്നും ഒക്കെ തള്ളി മറിച്ചു. 

ഇതെല്ലാം ആദ്യ കാഴ്ചയില്‍ നിന്ന നില്‍പ്പില്‍ അടിച്ചു വിട്ടതല്ല. ഒരു ആറുമാസം സമയമെടുത്ത് പതുക്കെ പതുക്കെ ഇഞ്ചിഞ്ചായാണ് വഞ്ചിച്ചത്.

പെങ്കൊച്ച് ഫ്‌ലാറ്റ്. വിവാഹം നടന്നു. 

കല്യാണം കഴിഞ്ഞ് ആദ്യ ആഴ്ചയില്‍ തന്നെ കൊച്ചിന് കാര്യം മനസ്സിലായി. കട്ടിലില്‍ നിന്നെഴുന്നേറ്റ് മുള്ളാന്‍ ബാത്രൂമിലേയ്ക്ക് പോകുന്നതാണ് തന്റെ ഭര്‍ത്തന്‍ നടത്തിയിട്ടുള്ള യാത്രകള്‍. ഗെയിറ്റ് പൂട്ടാന്‍ രാത്രി പുറത്തിറങ്ങുന്നതാണ് നക്ഷത്രങ്ങള്‍ കണ്ട് കിടക്കുന്നു എന്നത് കൊണ്ട് ഉദ്ദേശിച്ചത്. സ്വിറ്റ്‌സര്‍ലന്‍ഡ് പോയിട്ട് മലമ്പുഴ വരെ പോലും പോകാന്‍ മടിയുള്ള ആളാണ് തന്റെ ഭര്‍ത്തന്‍. വലിയും കുടിയും ആവശ്യത്തിന് ഉണ്ട് താനും. 
താന്‍ വഞ്ചിക്കപ്പെട്ടു എന്ന് ആ കുട്ടി മനസ്സിലാക്കിയപ്പോള്‍ സമയം വളരെ വൈകി പോയിരുന്നു. 

പറഞ്ഞ് വന്നത് ഇത്രയേ ഉള്ളു. അറേഞ്ച്ഡ് മാരിയേജ് ആയാലും, ലൌ മാരിയേജ് ആയാലും പെണ്കുട്ടി സമ്മതിച്ചാലെ വിവാഹം നടക്കൂ. ആ കുട്ടിയെ കണ്വിന്‍സ് ചെയ്യുക എന്നത് മാത്രമാണ് പുരുഷന്റെ ചുമതല. നല്ല കോമ്പറ്റീഷനുള്ള ഫീല്‍ഡാണ്. അടവുകള്‍ നൂറു തരം പയറ്റിയാലെ രക്ഷയുള്ളു.  അതിന് കഴിയാത്ത പുരഷുന്‍മ്മാര്‍ പെണ്ണു കിട്ടാതെ അലഞ്ഞ് നടക്കും. അതിപ്പോള്‍, നായരായാലും, ക്രിസ്ത്യാനി ആയാലും, നമ്പൂതിരി ആയാലും ഇതൊക്കെയാണ് സ്ഥിതി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com