അന്ന് പാതിയിൽ നിർത്തേണ്ടി വന്ന വര; രാഷ്ട്രപതിക്ക് കുടുംബശ്രീയുടെ സമ്മാനം, അജുവിന്റെ ചിത്രം
By സമകാലിക മലയാളം ഡെസ്‌ക് | Published: 18th March 2023 11:32 AM |
Last Updated: 18th March 2023 11:32 AM | A+A A- |

അജു വരച്ച ചിത്രം മന്ത്രി എം ബി രാജേഷ് രാഷ്ട്രപതി ദ്രൗപദി മുർമുവിന് സമ്മാനിക്കുന്നു/ ബിപി ദീപു
തിരുവനന്തപുരം: മനസിൽ തെളിയുന്ന ചിത്രങ്ങൾ കാൻവാസിലേക്ക് പകർത്താൻ അജുവിന് നിമിഷ നേരം മതി. ജന്മനാ ഓട്ടിസം ബാധിച്ച 12 വയസുകാരനായ അജു പെൻസിൽ കൊണ്ട് വരച്ച രാഷ്ട്രപതിയുടെ തന്നെ മനോഹരമായ ചിത്രമാണ് കുടുംബശ്രീ രാഷ്ട്രപതി ദ്രൗപദി മുർമുവിന് സമ്മാനമായി നൽകിയത്.
എറണാകുളത്ത് വച്ച് നടന്ന സംസ്ഥാന ബഡ്സ് സ്‌കൂൾ കലോത്സവത്തിൽ വരച്ച ചിത്രം അജുവിന് പൂർത്തിയാക്കാൻ സാധിച്ചില്ല. എന്നാൽ വരച്ചു തുടങ്ങിയപ്പോഴെ അജുവിന്റെ കഴിവ് സംഘാടകർ ശ്രദ്ധിച്ചിരുന്നു. ഇവിടെ നിന്നുമാണ് രാഷ്ട്രപതിയുടെ ചിത്രം വരയ്‌ക്കാൻ അജുവിന് അവസരം ലഭിച്ചത്.
കാട്ടിക്കുളം എടൂർക്കുന്നിലെ വട്ടക്കാവുങ്കൽ ജോമോന്റെയും ജിഷയുടെയും ഇളയമകനാണ് വി ജെ അജു. അജു വരച്ച ചിത്രം രാഷ്ട്രപതി ഏറ്റുവാങ്ങിയപ്പോൾ വയനാട്ടിലെ തിരുനെല്ലി ഗ്രാമപഞ്ചായത്ത് ബഡ്‌സ് പാരഡൈസ് സ്‌പെഷ്യൽ സ്‌കൂളിനും അത് അഭിമാന നിമിഷമായി. രാഷ്ട്രപതിയുടെ ചിത്രം ഒരാഴ്ച കൊണ്ടാണ് പെൻസിൽ ഉപയോഗിച്ച് ഈ കൊച്ചുമിടുക്കൻ വരച്ചത്.
ചെറുപ്പം മുതൽ അജുവിന് വരയ്‌ക്കാൻ ഇഷ്‌ടമായിരുന്നു. മാതാപിതാക്കളും വരയിൽ പിന്തുണ നൽകിയതോടെ നിരവധി മനോഹരങ്ങൾ ചിത്രങ്ങൾ അജു പൂർത്തിയാക്കി. തൃശിലേരിയിലെ തിരുനെല്ലി പഞ്ചായത്ത് ബഡ്സ് പാരഡൈസ് സ്പെഷൽ സ്കൂളിലാണ് മൂന്ന് വർഷമായി അജു പഠിക്കുന്നത്. നേരത്തേ എടയൂർകുന്ന് ജിഎൽപി സ്കൂളിൽ സഹോദരങ്ങളായ അലൻ, അലീന എന്നിവർക്കൊപ്പം നാലാം ക്ലാസ് വരെ പോയിരുന്നു.
ചുമതലയേറ്റശേഷം ആദ്യമായി കേരളത്തിലെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമുവിനു സംസ്ഥാന സർക്കാർ നൽകിയ പൗര സ്വീകരണ ചടങ്ങിലാണ് കുടുംബശ്രീയുടെ ഉപഹാരമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്, അജു വരച്ച ചിത്രം സമ്മാനമായി നൽകിയത്.
തിരുവനന്തപുരം കവടിയാർ ഉദയ് പാലസ് കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ കുടുംബശ്രീയുടെ 25-ാം വാർഷികത്തിന്റെ ഭാഗമായി സി ഡി എസ് അംഗങ്ങളായ അഞ്ചു ലക്ഷം വനിതകൾ ചേർന്നു കുടുംബശ്രീയുടെ ചരിത്രമെഴുതുന്ന 'രചന'യുടെ ഉദ്ഘാടനം, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരുടെ സമഗ്ര വികസനത്തിനായുള്ള 'ഉന്നതി' പദ്ധതിയുടെ ഉദ്ഘാടനം, മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയ ടെക്നിക്കൽ എൻജിനീയറിങ്, ഡിപ്ലോമ പുസ്തകങ്ങളുടെ പ്രകാശനം എന്നിവ ചടങ്ങിൽ രാഷ്ട്രപതി നിർവഹിച്ചു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കെ രാധാകൃഷ്ണൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, വി കെ പ്രശാന്ത് എംഎൽഎ, ചീഫ് സെക്രട്ടറി ഡോ വിപി ജോയ്, കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ സജി ഗോപിനാഥ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
ഓഫിസ് കംപ്യൂട്ടറിൽ പാട്ടുകേൾക്കലും സിനിമ കാണലും വേണ്ട; എക്സൈസ് കമ്മിഷണർ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ