17 വർഷം മുൻപ് ഹാരി പോട്ടര്‍ മോഷ്ടിച്ചു; അതേ അനുഭവം പറഞ്ഞ് പുസ്തകമെഴുതി; റീസിന്റെ കഥയ്ക്ക് ഹാപ്പി ക്ലൈമാക്സ്

ഗുരുവായൂർ അമ്പലനടയിൽ, മിന്നൽ മുരളി, ലൂക്കാ തുടങ്ങിയ സിനിമകളുടെ സഹ സംവിധായകനും എഴുത്തുകാരനുമായ റീസ് തോമസാണ് ഈ കഥയിലെ നായകൻ
rees thomas
റീസും ബുക്ക് സ്റ്റാൾ ഉടമയായ ദേവദാസും ഫെയ്സ്ബുക്ക്

ഹാരി പോട്ടർ തരം​ഗമായി നിൽക്കുന്ന കാലം. അന്ന് ഒൻപതാം ക്ലാസിലായിരുന്നു റീസ് തോമസ്. എങ്ങനെയെങ്കിലും ഹാരി പോട്ടർ ബുക്ക് വായിക്കണം എന്നു മാത്രമായിരുന്നു റീസിന്റെ ആ​ഗ്രഹം. വീട്ടിൽ പറഞ്ഞെങ്കിലും ബുക്കിന്റെ പൈസ കേട്ടതോടെ വാങ്ങാൻ പറ്റില്ലെന്നായി വീട്ടുകാർ. പിന്നെ ഒറ്റ വഴിയേ റീസിന്റെ മുന്നിലുണ്ടായിരുന്നുള്ളൂ. മോഷണം. ആദ്യ മോഷണം വിജയമായെങ്കിലും രണ്ടാം തവണ കയ്യോടെ പിടിയിലായി. പക്ഷേ ബുക്ക് സ്റ്റാൾ ഉടമ അവനെ ഉപദ്രവിച്ചില്ല. സ്നേഹ ശാസനയോടെ പറഞ്ഞുവിട്ടു.

ഗുരുവായൂർ അമ്പലനടയിൽ, മിന്നൽ മുരളി, ലൂക്കാ തുടങ്ങിയ സിനിമകളുടെ സഹ സംവിധായകനും എഴുത്തുകാരനുമായ റീസ് തോമസാണ് ഈ കഥയിലെ നായകൻ. വേദി മൂവാറ്റുപുഴ ന്യൂ കോളജ് ബുക്ക് സ്റ്റാളും. 17 വർഷങ്ങൾക്കിപ്പുറം ഒരു എഴുത്തുകാരനായി റീസ് തോമസ് വീണ്ടും ആ സ്റ്റാളിൽ എത്തിയതോടെ ആ പഴയ മോഷണ കഥ ശുഭപര്യവസായിയായി.

ഇന്ന് ന്യൂ കോളജ് ബുക്ക് സ്റ്റാളിൽ നിന്ന് ഏറ്റവും കൂടുതൽ വിറ്റുപോകുന്ന 90സ് കിഡിസ് എന്ന പുസ്തകത്തിന്റെ എഴുത്തുകാരനാണ് റീസ്. തന്റെ പുസ്തകത്തിന്റെ കോപ്പികൾ ഒപ്പു വെക്കാനാണ് അദ്ദേഹം സ്റ്റാളിലെത്തിയത്. ഒപ്പം മോഷ്ടിച്ച പുസ്തകത്തിന്റെ വില നൽകാനും. സോഷ്യൽ മീഡിയയിലൂടെ റീസ് തന്നെയാണ് രസകരമായ അനുഭവം പങ്കുവച്ചത്.

റീസിന്റെ കുറിപ്പിൽ നിന്ന്

ഇത് എനിക്ക് ചരിത്രമാണ്, ഇങ്ങനെയാണ് ഞാന്‍ ചരിത്രം സൃഷ്ടിക്കുന്നത്. ഈ ദിവസം ഈ നിമിഷം പലരീതിയിലും എനിക്ക് വിലമതിക്കാനാവാത്തതാണ്. മിന്നല്‍ മുരളിയുടെ ജോലികള്‍ക്കിടയിലാണ് മോഷ്ടാക്കളായ മണിയന്‍ പിള്ളയുടേയും ആട് ആന്റണിയുടേയും ജീവകഥ ഞാന്‍ വായിക്കുന്നത്. പുസ്തകം വായിച്ചു തീര്‍ത്തതിനു ശേഷം എന്റെ ഒരു ഓര്‍മ ഞാന്‍ സുഹൃത്തുക്കളോട് പങ്കുവച്ചു. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ബുക് സ്റ്റാളില്‍ നിന്ന് ഞാന്‍ നടത്തിയ മോഷണത്തേക്കുറിച്ചായിരുന്നു അത്. ഞാന്‍ പറയുന്നത് ഏറെ ആകാംക്ഷയോടെയാണ് എന്റെ കൂട്ടുകാര്‍ കേട്ടിരുന്നത്. അങ്ങനെ അതേക്കുറിച്ച് ഒരു കുറിപ്പ് ഫെയ്‌സ്ബുക്കില്‍ പങ്കുവെക്കാന്‍ എനിക്ക് ധൈര്യം കിട്ടി. ആ പോസ്റ്റിന് എനിക്ക് നല്ല കമന്റുകളാണ് ലഭിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രിയപ്പെട്ട മൃതുലേട്ടന്‍ (തിരക്കഥാകൃത്ത് മൃതുല്‍ ജോര്‍ജ്) ഇത് വായിച്ച് എന്നെ വിളിച്ചു. ആ കടയില്‍ പോയി സംസാരിച്ചാല്‍ മനസിലെ കുറ്റബോധം കളയാമെന്നും അതിന് അദ്ദേഹം സഹായിക്കാമെന്നും അദ്ദേഹം എന്നോട് പറഞ്ഞു. പക്ഷേ അതിനുള്ള ധൈര്യം എനിക്കുണ്ടായില്ല. ഇത്ര വര്‍ഷം കഴിഞ്ഞിട്ടും എന്റെയുള്ളില്‍ ആ പേടിയുണ്ടായിരുന്നു. ഒരു ബുക്ക് പബ്ലിഷ് ചെയ്ത് ആ ബുക്ക് സ്റ്റാളില്‍ വില്‍ക്കാനാണ് മറ്റൊരാള്‍ കമന്റ് ചെയ്തത്. അപ്പോള്‍ എനിക്ക് അതൊരു തമാശയായിരുന്നു. കാരണം അതിനൊരു സാധ്യതയും ഞാന്‍ കണ്ടില്ല. ഇപ്പോള്‍ ആ കാര്യം സംഭവിച്ചെന്ന് ഏറെ സന്തോഷത്തോടെ ഞാന്‍ അറിയിക്കുകയാണ്. ഹാരി പോട്ടര്‍ ആന്‍ഡ് ദി ഡെത്ത്‌ലി ഹാലോസ് എന്ന പുസ്തകം ഞാന്‍ മോഷ്ടിച്ച ന്യൂ കോളജ് ബുക്‌സ്റ്റാളില്‍ എന്റെ പുസ്തകം 90സ് കിഡ്‌സ് വില്‍ക്കുകയാണ്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന സമയത്ത് ഈ പുസ്തകം വാങ്ങാന്‍ പണം ലഭിച്ചില്ല. എന്റെ അഞ്ച് മാസത്തെ സ്‌കൂള്‍ ഫീസിനേക്കാള്‍ വിലയായിരുന്നു പുസ്തകത്തിന്. ഇന്ന് മൃതുലേനൊപ്പം ആ ഹാരി പോര്‍ട്ടര്‍ പുസ്തകവുമായി ഞാന്‍ പോയി. ആ മനോഹര നിമിഷത്തിന് സാക്ഷിയാവാന്‍. 18 വര്‍ഷം മുന്‍പ് എന്റെ മോഷണം കയ്യോടെ പിടിച്ച അതേ വ്യക്തിയോട് സംസാരിച്ചു. ഞാന്‍ എങ്ങനെയാണ് ആ നിമിഷത്തെ വര്‍ണിക്കുക. അത് വിലമതിക്കാനാവാത്തതാണ്. അദ്ദേഹം എന്നെ നിറഞ്ഞ മനസ്സോടെ സ്വീകരിച്ചു. ഞാന്‍ കോപ്പികള്‍ ഒപ്പുവച്ചു, അദ്ദേഹത്തോട് സംസാരിച്ചു. പക്ഷേ പുസ്തകത്തിന്റെ പണം സ്വീകരിക്കാന്‍ തയ്യാറായില്ല. 52 വര്‍ഷത്തില്‍ ഇങ്ങനെയൊരു അനുഭവം ആ ബുക്സ്റ്റാളിലും ആദ്യമായിട്ടായിരുന്നു. എന്റെ ജീവിതത്തിലെ വളരെ സ്‌പെഷ്യലായ നിമിഷമാണ് ഇത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com