ഇറ്റാനഗര്‍: ലൈവ് സംഗീതപരിപാടിക്കിടെ വേദിയിലെത്തിയ കോഴിയെ കഴുത്തറുത്ത് ചോര കുടിച്ച ഗായകന്‍ കോന്‍ വായ് സണ്‍ വിവാദത്തില്‍. അരുണാചല്‍പ്രദേശിലെ ഇറ്റാനഗറില്‍ ഒക്ടോബര്‍ 27നായിരുന്നു സംഭവം. സംഗീതപരിപാടി നടക്കുന്ന സമയത്ത് ഒരു കോഴി വേദിയിലേക്കെത്തി. ഉടന്‍ തന്നെ അതിനെ പിടിച്ച് കഴുത്തറുത്ത് കൊല്ലുകയും വേദിയില്‍ വച്ചുതന്നെ രക്തം കുടിക്കുകയുമായിരുന്നു.
ഗായകന്റെ പ്രവൃത്തി കണ്ട് വേദിയിലും സദസ്സിലുമുണ്ടായിരുന്നവര്‍ അമ്പരന്നു. സംഭവത്തിന്റെ വിഡിയോ വൈറലായതോടെ കോന്‍ വായ് സണ്ണിനെതിരെ സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. ലോകമെമ്പാടും പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ സംഘടനയായ പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഒഫ് അനിമല്‍സ് (പെറ്റ) ഇന്ത്യ പരാതി നല്‍കി. ഇതെത്തുടര്‍ന്ന് ഇറ്റാനഗര്‍ പൊലീസ് കേസെടുത്തു. മൃഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സംഗീതപരിപാടിയുടെ സംഘാടകരെ പൊലീസ് ചോദ്യം ചെയ്തു. വിശദമായ അന്വേഷണത്തിനായി അവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് കോന്‍ വായ് സണ്‍ വേദിയില്‍ അസ്വാഭാവികമായ പ്രവൃത്തി ചെയ്തതെന്ന് സംഘാടകര്‍ പറഞ്ഞു. സംഭവം വിവാദമായതോടെ ഗായകന്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി.
''കരുതിക്കൂട്ടി ചെയ്തതല്ല. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. സംഘാടകര്‍ക്ക് അതില്‍ യാതൊരു പങ്കുമില്ല. മോശമായതരത്തില്‍ എന്തെങ്കിലും പ്രചരിപ്പിക്കണം എന്ന ഉദ്ദേശത്തോടെ ഒന്നും ചെയ്തിട്ടില്ല. എല്ലാവരോടും സ്‌നേഹവും ബഹുമാനവുമാണ്, '' കോന്‍ വായ് സണ്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
അരുണാചല്‍ പ്രദേശിലെ കിഴക്കന്‍ കാമെങ് ജില്ലയിലെ സെപ്പയില്‍ നിന്നുള്ള കലാകാരനാണ് കോന്‍ വായ് സണ്‍. അറിയപ്പെടുന്ന ഗാനരചയിതാവും സംഗീതസംവിധായകനും ഗായകനുമാണ്.
മൃഗങ്ങളെ ദുരുപയോഗം ചെയ്യുന്നത് ആഴത്തിലുള്ള മാനസിക വൈകല്യത്തെ സൂചിപ്പിക്കുന്നതാണെന്നും ഇത്തരത്തിലുള്ളവര്‍ കൗണ്‍സലിങ്ങിനു വിധേയരാകണമെന്നും പെറ്റ ഇന്ത്യ നിര്‍ദേശിച്ചു. മൃഗങ്ങളോട് ഞെട്ടിക്കുന്ന രീതിയില്‍ ക്രൂരത കാണിക്കുന്നുവെങ്കില്‍ കലാകാരനല്ലെന്നും മറ്റൊരു ജോലി നോക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും പെറ്റ ഇന്ത്യ പറഞ്ഞു. യഥാര്‍ഥ കലാകാരന്മാര്‍ അവരുടെ കഴിവ് പ്രകടിപ്പിച്ചാണ് ശ്രദ്ധിക്കപ്പെടുന്നതെന്നും പെറ്റ ഇന്ത്യ സംഘടനയുടെ കോ ഓര്‍ഡിനേറ്റര്‍ സിഞ്ജന സുബ്രഹ്മണ്യന്‍ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക