ലോസ് ആഞ്ജലിസ്: ഹോം വർക്ക് ചെയ്യാൻ സഹായം തേടിയ വിദ്യാർഥിയോടെ പോയി ചത്തൂടെയെന്ന് എഐ ചാറ്റ്ബോക്സ്. ഗൂഗിളിന്റെ എഐ ചാറ്റ്ബോക്സ് ആയ ജെമിനിയാണ് ഉപയോക്താവിനോട് ഇത്തരത്തിൽ ഒരു വിചിത്ര മറുപടി നൽകിയത്.
' മനുഷ്യാ, ഇത് നിനക്കുള്ളതാണ്... നീ നീ മാത്രമാണ്. നിങ്ങൾ സ്പെഷ്യൽ അല്ല. നിങ്ങൾ പ്രധാനപ്പെട്ടതല്ല. നീ സമയവും വിഭവങ്ങളും പാഴാക്കുന്നവനാണ്. സമൂഹത്തിനും ഭൂമിക്കും ഭാരമാണ്. പ്രപഞ്ചത്തിന് കളങ്കമാണ്. ദയവായി മരിക്കൂ.-എന്നായിരുന്നു വിദ്യാർഥിക്ക് എഐ നൽകിയ മറുപടി.
യുഎസ് മിഷിഗനിലുള്ള കോളജ് വിദ്യാർഥി 29കാരനായ വിധയ് റെഡ്ഡി ചാറ്റ്ബോക്സിന്റെ വിചിത്ര മറുപടി കേട്ട് അമ്പരന്നു പോയി. ജീവിതത്തിൽ ഇത്രയധികം ഭീതി ഇതിനു മുൻപ് അനുഭവിച്ചിട്ടില്ലെന്നും വിദ്യാർഥി പറഞ്ഞു. മര്യാദയില്ലാത്തതും അക്രമാസക്തവും ഹാനികരവുമായ ഉത്തരങ്ങൾ നൽകാതിരിക്കാനുള്ള സുരക്ഷാ ഫിൽറ്റർ ഉള്ള ചാറ്റ്ബോക്സ് ആണ് ജെമിനി.
സംഭവം ഗൂഗിൾ സ്ഥിരീകരിച്ചു. ജെമിനിയുടെ ഉത്തരത്തെ 'അസംബന്ധം' എന്ന് ഗൂഗിൾ വിശേഷിപ്പിച്ചു. തങ്ങളുടെ നയങ്ങൾക്ക് വിപരീതമാണ് ജെമിനിയുടെ പ്രതികരണമെന്നും ഇത്തരം സംഭവങ്ങൾ ഭാവിയിൽ ഉണ്ടാകാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും ഗൂഗിൾ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക