'ഓ, അതൊരു ചെടിയുടെ വേരല്ലേ...'; പ്രകൃതിജന്യം അത്ര നിഷ്‌കളങ്കമല്ല, കുറിപ്പ്

suresh c pillai
സുരേഷ് സി പിള്ളഫെയ്സുബ്ക്ക്
Published on
Updated on

ഗ്യാസ് മാറാന്‍ കാഞ്ഞിരത്തിന്റെ തൊലിയിട്ട് വെള്ളം തിളപ്പിച്ചു കുടിച്ചവര്‍ ആശുപത്രിയിലായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍, യാതൊരു അടിസ്ഥാനവുമില്ലാത്ത 'പ്രകൃതിദത്ത' ചികിത്സയുടെ ദോഷവശങ്ങളെക്കുറിച്ചു പറയുകയാണ്, ശാസ്ത്ര ഗവേഷകനായ സുരേഷ് സി പിള്ള ഈ കുറിപ്പില്‍. പ്രകൃതിജന്യം എന്നാല്‍ നമ്മള്‍ വിചാരിക്കുന്ന പോലെ അത്ര നിഷ്‌കളങ്കര്‍ അല്ലെന്നു ചൂണ്ടിക്കാട്ടുകയാണ് അദ്ദേഹം. ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ നിന്ന്:

ഗ്യാസിന് കാഞ്ഞിരത്തിന്റെ തൊലിയിട്ട് വെള്ളം തിളപ്പിച്ചു കുടിച്ച ദമ്പതികള്‍ ഗുരുതരാവസ്ഥയില്‍.

കാഞ്ഞിരത്തിന്റെ ശാസ്ത്രീയനാമം Srychnos nux-vomica Linn എന്നാണ്. ഇത് Loganiaceae കുടുംബത്തിലെ ഒരംഗമാണ്. ഇല, കായ്, വേര് ഇവയെല്ലാം വിഷമാണ്. കായില്‍ ആണ് കൂടുതല്‍ വിഷം

Srychnine എന്നറിയപ്പെടുന്ന ടോക്‌സിക് ആല്‍ക്കലോയ്ഡ് ഇതില്‍ ഉണ്ട്. അതി മാരകമാണ്.

'പ്രകൃതി ദത്തം' എന്നു കേട്ടാല്‍ ആരോഗ്യത്തിനു യാതൊരു പ്രശ്‌നവും ഉണ്ടാകാത്തത് എന്നാണ് പൊതുവെയുള്ള ധാരണ. അല്ലെങ്കില്‍ 'അതൊരു ചെടിയുടെ വേരല്ലേ, അല്ലെങ്കില്‍ ഇലയല്ലേ കുഴപ്പം ഒന്നും കാണില്ല' എന്നും നമ്മളില്‍ പലരും വിചാരിക്കുന്നുണ്ടാവും, ഇല്ലേ? ഔഷധച്ചെടികള്‍ മുഖേനയുണ്ടാകുന്ന കരള്‍ രോഗങ്ങള്‍ ഒരു പക്ഷെ വിശദമായി നമ്മളുടെ നാട്ടില്‍ പഠന വിധേയമാക്കിയിട്ടുണ്ടാവില്ല. മദ്യപാനം കൊണ്ടുണ്ടാകുന്ന കരള്‍ രോഗത്തിനേക്കാള്‍ ഒരു പക്ഷെ ഭീകരം ആയിരിക്കും 'പ്രകൃതി ജന്യ ഔഷധങ്ങളുടെ' ഉപയോഗം കൊണ്ടുള്ള കരള്‍ അസുഖങ്ങള്‍. അത്ര കണ്ട് സമൂഹത്തില്‍ പ്രകൃതി ജന്യ ഔഷധങ്ങള്‍ക്ക് പ്രചാരം കിട്ടിയിട്ടുണ്ട്.

ഔഷധ ച്ചെടികളില്‍ നിന്നെടുക്കുന്ന സത്ത് (etxract) പലതരം സങ്കീര്‍ണ്ണമായ ഓര്‍ഗാനിക് കെമിക്കലുകള്‍ അടങ്ങിയിട്ടുള്ളതാണ്. ഇവയില്‍ പലതും toxic (വിഷമയം) ആയ കെമിക്കലുകള്‍ ആണ്.

എന്താണ് toxictiy (വിഷലിപ്തത)?

ലാറ്റിനില്‍ ഒരു പ്രയോഗമുണ്ട് ''sola dosis facit venenum'' എന്നു വച്ചാല്‍ 'The dose makes the poison'. അതായത് 'മാത്ര അല്ലെങ്കില്‍ അളവാണ്' ഒരു വസ്തുവിനെ വിഷമിക്കുന്നത്. കുറച്ചുകൂടി വിശദമായി പറഞ്ഞാല്‍ എത്രമാത്രം അളവു കഴിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഒരു ദ്രവ്യത്തിന്റെ വിഷാംശം കണക്കാക്കുന്നത്. അതായത് പാമ്പിന്‍ വിഷവും, അതിന്റെ 'toxic' ആകാനുള്ള റീലെ ല്‍ താഴെ ആണെങ്കില്‍ അതു വിഷമല്ല എന്നര്‍ത്ഥം. അതുപോലെ, വിഷമല്ല എന്നു നമ്മള്‍ വിചാരിക്കുന്ന പച്ചവെള്ളം അളവില്‍ കൂടുതല്‍ കഴിച്ചാല്‍ അതും വിഷം ആകാം, ഇതിനെ water poison (Water intoxication അല്ലെങ്കില്‍ hyperhydration) എന്നു പറയും. അതായത് Toxictiy is the degree to which a material can damage an organism. ലളിതമായി പറഞ്ഞാല്‍ ഒരു വസ്തുവിന്റെ toxictiy കുറവായാല്‍ നമുക്ക് അതിന്റെ കൂടുതല്‍ അളവ് കഴിക്കാം, മറിച്ച് toxictiy കൂടുന്നത് അനുസരിച്ച് dose കുറയ്‌ക്കേണ്ടതായി വരും. 'അധികമായാല്‍ അമൃതും വിഷം' എന്നു ലളിതമായി പറയുന്ന പോലെ അല്ല കാര്യങ്ങള്‍. അകത്തേക്കു കഴിക്കുന്ന എത്ര അധികമായാല്‍ ആണ് വിഷം എന്നു കൂടി അതിനെ ക്കുറിച്ച് ആധികാരികമായി അറിവുള്ളവരോട് ചോദിച്ച് മനസ്സിലാക്കണം. അതിനു ശേഷമേ കഴിക്കാവൂ.

ഇതൊന്നുമറിയാതെയാണ് ശാസ്ത്രീയമല്ലാത്ത 'പ്രകൃതി ജീവനം' പ്രചരിപ്പിക്കുന്നവര്‍ രാവിലെയും വൈകുന്നേരവും തൈരില്‍ പത്തു കറിവേപ്പില അരച്ചു കഴിക്കൂ എന്ന രീതിയില്‍ പറയുന്നത്. കറിവേപ്പില തന്നെ ഉദാഹരണമായി എടുക്കാം. പ്രകൃതിജന്യമല്ലേ 'side effect' കള്‍ ഒന്നുമില്ലല്ലോ എന്നു കരുതി പിന്നെ കറിവേപ്പില (Murraya koenigii) പച്ചയ്ക്ക് കഴിക്കാന്‍ തുടങ്ങുകയായി. എന്നാല്‍ ബയോ മോളിക്യൂളുകളുമായി രാസ പ്രവര്‍ത്തനം നടത്താന്‍ ശേഷിയുള്ള മൂന്നു തരം carbazole alkaloids (mahanimbine, murrayanol, and mahanine) കള്‍ കറി വേപ്പിലയില്‍ ഉണ്ട്.

കറി വേപ്പില ചെറിയ അളവില്‍ ശരീരത്തിനു ഇവ ഗുണകരമാണ് എന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നിരുന്നാലും ഇത് 'ഡോസ്' കൂടിയാല്‍ ഇതു കൊണ്ട് കരളിനും കിഡ്‌നിക്കും ഉണ്ടാകുന്ന ദോഷങ്ങളെ ക്കുറിച്ച് ആരും കാര്യമായി പഠനങ്ങള്‍ നടത്തി പ്രസിദ്ധീകരിച്ചിട്ടില്ല.

കറിവേപ്പില ലളിതമായ ഒരു ഉദാഹരണമായി പറഞ്ഞെന്നെ ഉള്ളൂ. നമ്മള്‍ നിത്യ ജീവിതത്തില്‍ ഉപയോഗിക്കുന്ന പല വസ്തുക്കളും പലതരം സങ്കീര്‍ണ്ണമായ 'ഓര്‍ഗാനിക് മോളിക്യൂള്‍' കള്‍ കൊണ്ട് ഉണ്ടാക്കിയതാണ് (മസാല പൊടികള്‍, മഞ്ഞള്‍, കുടംപുളി എന്നു വേണ്ട അടുക്കളയുടെ ഷെല്‍ഫില്‍ നിറച്ചും സങ്കീര്‍ണ്ണമായ 'ഓര്‍ഗാനിക് മോളിക്യൂളുകള്‍ ആണ്). അതു പോലെയാണ് ആയുര്‍വ്വേദ മരുന്നുകളില്‍ ഉപയോഗിക്കുന്ന പല ഇലകളും വേരുകളും. ഇവയൊക്കെ അതിന്റെ 'റീലെ' ല്‍ കൂടിയാല്‍ അത് ആരോഗ്യത്തിനു ഹാനികരമാണ്. ഇനി ഈ 'dose' എത്ര എന്നു ചോദിച്ചാല്‍ ആര്‍ക്കും കാര്യമായി അറിയില്ല. അതിനെ ക്കുറിച്ചു ശാസ്ത്രീയമായി ആരും പഠിച്ചിട്ടില്ല എന്നതു തന്നെ കാരണം.

നമ്മളുടെ കരളിന്റെ ഒരു പ്രധാന ജോലി toxic ആയ വസ്തുക്കളെ അരിച്ചു (filter) കളയുക എന്നതാണ്. വളരെ കോംപ്ലക്‌സ് ആയ ഓര്‍ഗാനിക് മോളിക്യൂളുകളെ തുടര്‍ച്ചയായി വിഘടിപ്പിക്കുകയും, വേര്‍തിരിക്കുകയും ചെയ്യുമ്പോള്‍ കാലക്രമേണ കരളിന്റെ പ്രവര്‍ത്തന ശേഷി കുറഞ്ഞു അതിന്റെ ജോലി ചെയ്യാനാവാതെ വരികയും ചെയ്യുമ്പോളാണ് കരള്‍ രോഗത്തിന് അടിമപ്പെടുന്നത്.

ആധുനിക വൈദ്യ ശാസ്ത്രത്തിലെ മരുന്നുകളില്‍ സൈഡ് എഫക്ടുകള്‍ ഇല്ല എന്നല്ല പറയുന്നത്. പക്ഷെ സൈഡ് ഇഫക്ടുകളെ ക്കുറിച്ച് പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. അവ നമുക്ക് അറിയാനുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

വളരെ വര്‍ഷത്തെ ഗവേഷണ ഫലമായി ഉണ്ടാക്കിയെടുത്തതും, ക്ലിനിക്കല്‍ ട്രയലുകള്‍ നടത്തിയതും, കൃത്യമായ ഡോസേജുകള്‍ (മാത്ര, അളവ്) ഒക്കെ നിശ്ചയിച്ചതുമായ ആധുനിക വൈദ്യ ശാസ്ത്രത്തിലെ മരുന്നുകള്‍ കഴിക്കാതെ, 'പ്രകൃതിജന്യം' എന്നു കണ്ട് നിശ്ചിത യോഗ്യതകാളില്ലാത്ത 'പ്രകൃതി ചികിത്സകര്‍' വിധിക്കുന്ന മരുന്നുകള്‍ വാങ്ങി ക്കഴിച്ച് കരളും, കിഡ്‌നിയും ഒക്കെ തകരാറില്‍ ആയതിനുശേഷം മാത്രമാകും പലരും അറിയുന്നതു തന്നെ.

അതുകൊണ്ട് പ്രകൃതിജന്യം എന്നാല്‍ നമ്മള്‍ വിചാരിക്കുന്ന പോലെ അത്ര നിഷ്‌കളങ്കര്‍ അല്ല. പലതും നമ്മളെ കൊല്ലാന്‍ ശേഷിയുള്ളതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com