വേവിക്കാത്ത പന്നിയിറച്ചി കഴിച്ചതിന് പിന്നാലെ ഗുരുതര പാരസൈറ്റ് ഇൻഫെക്ഷൻ ബാധിച്ച രോഗിയുടെ സിടി സ്കാൻ പങ്കുവെച്ച് ഡോക്ടർ. കാലുകളിൽ ഗുരുതരമായി ഇൻഫെക്ഷൻ വ്യാപിച്ചത്തിന്റെ ഞെട്ടിക്കുന്ന ചിത്രമാണ് ഫ്ലോറിഡ എമർജൻസി ഡിപ്പാർട്മെന്റിലെ ഫിസിഷൻ ഡോ. സാം ഗാലിയാണ് എക്സിലൂടെ പങ്കുവെച്ചത്.
ഇതുവരെ കണ്ടെതിൽ വെച്ച് ഏറ്റവും ഭീകരമായ സിടി സ്കാൻ, ഇത് എന്ത് രോഗമാണെന്ന് മനസിലായോ എന്ന അടിക്കുറുപ്പോടെയാണ് ഡോക്ടർ ചിത്രം പങ്കുവെച്ചിരിക്കുന്നത്. സിസ്റ്റിസിർകോസിസ് എന്ന പാരസൈറ്റ് ഇൻഫെക്ഷനാണ് ഇതെന്നും പിന്നീട് ഡോക്ടർ കമന്റിൽ വ്യക്തമാക്കുന്നുണ്ട്. ടീനിയ സോലിയം എന്ന നാടവിരയുടെ മുട്ടയിൽ നിന്നാണ് ഈ അണുബാധ ഉണ്ടാകുന്നത്. പന്നികളിൽ കാണപ്പെടുന്ന നാടവിരയിലെ ലാർവൽ സിസ്റ്റുകൾ ഇറച്ചി നന്നായി വേവിക്കാത്തതു മൂലം ശരീരത്തിൽ എത്തുകയും. അണുബാധയ്ക്ക് കാരണമാവുകയും ചെയ്യുന്നു.
അഞ്ചു മുതൽ പന്ത്രണ്ട് ആഴ്ചകൾക്കുള്ളിൽ ശരീരത്തിലെ ദഹനനാളത്തിൽ വച്ചുതന്നെ പൂർണ വളർച്ചയെത്തിയ നാടവിരകളായി ഇവ മാറുന്നു. തുടർന്ന് ഇവ മുട്ടകൾ ഉൽപ്പാദിക്കുന്നു. ഈ ലാർവകൾ കുടൽഭിത്തിയിൽ തുളച്ചുകയറി രക്തപ്രവാഹത്തിലേക്കും ശരീരത്തിന്റെ മറ്റുഭാഗത്തിലേക്കും വ്യാപിക്കുന്നു. ഭക്ഷണത്തിലൂടെയാണ് ടീനിയ സോലിയം മനുഷ്യശരീരത്തിലെത്തുക.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഈ ലാർവകൾ മസ്തിഷ്കത്തിലെത്തി സിസ്റ്റുകൾ രൂപപ്പെടുമ്പോൾ ന്യൂറോസിസ്റ്റിസിർകോസിസ് എന്ന അവസ്ഥയാകുന്നു. തലവേദന, ശ്രദ്ധക്കുറവു, ആശയക്കുഴപ്പം, ചുഴലി തുടങ്ങി പലവിധ നാഡീസംബന്ധമായ രോഗങ്ങൾക്കും ഇത് കാരണമാകാം. പലപ്പോഴും സിസ്റ്റിസിർകോസിസിന്റെ രോഗസ്ഥിരീകരണം വൈകുന്നതാണ് പ്രധാനവെല്ലുവിളിയെന്നും ഡോ. സാം കുറിക്കുന്നു. ഗുരുതരാവസ്ഥയിലെത്തിയതിനു ശേഷമാകും പലരും ചികിത്സ തേടുക.
ഇത്തരം അണുബാധ ഉണ്ടാകാതിരിക്കാൻ പരമാവധി ശുചിത്വം പാലിക്കുക, കൈകൾ വൃത്തിയായി കഴുകുക, വേവിക്കാത്ത പന്നിയിറച്ചി കഴിക്കാതിരിക്കുക എന്നിവ ശ്രദ്ധിക്കണമെന്നും അദ്ദേഹം കുറിക്കുന്നു. ഓരോവർഷവും അമ്പതുദശലക്ഷം പേർ ഈ അണുബാധയ്ക്ക് ഇരകളാകുന്നുണ്ടെന്നും അതിൽ 50,000 പേർ മരണപ്പെടുന്നുണ്ടെന്നും ഡോ. സാം കുറിച്ചു. ആന്റി പാരസൈറ്റിക് തെറാപ്പി, സ്റ്റിറോയ്ഡുകൾ, ആന്റി എപിലെപ്റ്റിക്സ്, ശസ്ത്രക്രിയയിലൂടെയുള്ള നീക്കംചെയ്യൽ തുടങ്ങിയവയാണ് പ്രധാന ചികിത്സ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ