മാതാപിതാക്കൾക്കും മുകളിലാണ് അധ്യാപകരുടെ സ്ഥാനം. വിദ്യ ചൊല്ലി തന്ന്, കൈ പിടിച്ച് മുന്നേറാനുള്ള ബലമായി നമുക്കൊപ്പം നിൽക്കുന്ന പ്രിയപ്പെട്ട അധ്യാപകരുടെ സേവനവും ത്യാഗത്തെയും ഓർമപ്പെടുത്തുന്നതാണ് ഓരോ അധ്യാപക ദിനവും. ആഗോളതലത്തിൽ ഓക്ടോബർ അഞ്ചിനാണ് അധ്യാപക ദിനം ആചരിക്കുന്നത്. എന്നാൽ ഇന്ത്യയിൽ സെപ്റ്റംബർ അഞ്ചിനാണ് അധ്യാപക ദിനം.
ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായ ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്‍റെ ജന്മദിനമാണ് നമ്മൾ അധ്യാപക ദിനമായി ആചരിക്കുന്നത്. സൈദ്ധാന്തികവും ദൈവശാസ്ത്രപരവും ധാർമികവും പ്രബോധനപരവും സാമുദായികവും പ്രബുദ്ധവുമായ വിഷയങ്ങളിൽ ഉൾപ്പെടെ അദ്ദേഹം സംഭാവനകൾ നൽകിയിട്ടുണ്ട്. 1962 മുതലാണ് ഇന്ത്യയിൽ അധ്യാപക ദിനം ആചരിച്ചു തുടങ്ങുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായി സേവനം അനുഷ്‌ഠിക്കുന്ന വേളയിലാണ് അദ്ദേഹത്തിൻ്റെ ജന്മദിനം ഒരു പ്രത്യേക ദിവസമായി ആഘോഷിക്കണമെന്ന ആവശ്യവുമായി വിദ്യാർഥികൾ ഡോ. എസ് രാധാകൃഷ്‌ണനെ സമീപിച്ചത്. ഇതോടെയാണ് വിദ്യാർഥികൾക്കായി എക്കാലവും ത്യാഗങ്ങൾ സഹിക്കുന്ന അധ്യാപകരെ ഓർക്കുന്ന ദിനമായി അത് ആഘോഷിക്കാൻ അദ്ദേഹം നിർദേശിച്ചത്.
അധ്യാപക ദിനത്തിൽ ഡോ. എസ് രാധാകൃഷ്ണനെ ഓർക്കാം
ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്നു എന്നതിലുപരി മികച്ച അധ്യാപകൻ കൂടിയായിരുന്നു ഡോ. എസ് രാധാകൃഷ്ണൻ. 1888 സെപ്റ്റംബർ 5ന് ഒരു സാധാരണ തെലുങ്ക് ബ്രാഹ്മണ കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. അദ്ദേഹം തന്റെ മുഴുവൻ വിദ്യാഭ്യാസവും സ്കോളർഷിപ്പിലൂടെയാണ് പൂർത്തിയാക്കിയത്.
ഫിലോസഫിയിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം 1917-ൽ ‘ദ ഫിലോസഫി ഓഫ് രവീന്ദ്രനാഥ് ടാഗോർ’ എന്ന പുസ്‌തകം പ്രസിദ്ധീകരിക്കുകയും ചെയ്‌തിരുന്നു. 1931 മുതൽ 1936 വരെ ആന്ധ്രാ സർവ്വകലാശാലയുടെയും, 1939ൽ ബനാറസ് ഹിന്ദു സർവകലാശാലയുടെയും വൈസ് ചാൻസലറായി. തന്റെ ജീവിതത്തിലുടനീളം, ഡോ. എസ് രാധാകൃഷ്‌ണൻ ഒരു മിടുക്കനായ വിദ്യാർത്ഥിയും അതിലേറെ പ്രിയപ്പെട്ട ഒരു അധ്യാപകനുമായിരുന്നു. ഭാരതരത്‌ന പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ