കാസര്‍ക്കോട്: വാനരന്മാര്‍ക്ക് എന്തോണം എന്നു ചോദിക്കുന്നവരോട് ഇങ്ങ് കാസര്‍കോട് ഇടയിലക്കാടിലേക്ക് വരൂ എന്നാണ് മറുപടി. മനുഷ്യരെപോലെ മറ്റു ജീവികളും ഈ ഭൂമിയുടെ അവകാശികളാണെന്നു അടയാളപ്പെടുത്തുന്നതാണ് തൃക്കരിപ്പൂരിനടുത്ത ഇടയിലെക്കാട് കാവിലെ വാനര സദ്യ. നവോദയ ഗ്രന്ഥാലയം ബാലവേദിയാണ് അവിട്ടം ദിനത്തില്‍ മുപ്പതോളം വരുന്ന വാനരന്മാര്‍ക്ക് വിഭവ സമൃദ്ധമായ ഓണസദ്യ ഒരുക്കിയത്.
ഇവിടെ റോഡരികിലൊരുക്കിയ മേശമേല്‍ കുരങ്ങന്മാര്‍ ഓണമുണ്ണാന്‍ നേരത്തെതന്നെ നിലയുറപ്പിച്ചിരുന്നു. ഏറെ നേരമായിട്ടും സദ്യവട്ടങ്ങളുമായെത്താറുള്ള കുട്ടിപ്പടയെ കാണാതെ മുഷിഞ്ഞപ്പോള്‍ അവര്‍ കാണികളായെത്തിയ കുട്ടികളടക്കമുള്ളവരെ നോക്കി കൊഞ്ഞനംകുത്തി. അവിടെ കെട്ടിത്തൂക്കിയ പൂക്കള്‍ കൊണ്ടുള്ള അലങ്കാരങ്ങള്‍ വലിച്ചെറിഞ്ഞും ചിലര്‍ പോക്കിരിത്തം കാട്ടി. 20 വര്‍ഷമായി മുറതെറ്റാതെ ഇവിടെ വാനരര്‍ക്ക് ചോറൂട്ടിയ ചാലില്‍ മാണിക്കമ്മയ്ക്ക് അസുഖമായതിനാല്‍ ഇത്തവണ ഉണ്ടായില്ല. എങ്കിലും മാണിക്കമ്മ തന്നെ അവരുടെ വീട്ടില്‍ നിന്ന് ഉപ്പു ചേര്‍ക്കാത്ത ചോറ് വെച്ച് കുട്ടികള്‍ക്ക് കൈമാറി. അവരുടെ വീട്ടില്‍ വെച്ചു തന്നെയായിരുന്നു ഗ്രന്ഥശാല പ്രവര്‍ത്തകര്‍ പഴവും പച്ചക്കറികളും മുറിച്ച് സദ്യയൊരുക്കം നടത്തിയത്. തുടര്‍ന്ന് കുട്ടികള്‍ വിഭവങ്ങളുമേന്തി, ഓണപ്പാട്ടുകള്‍ പാടി കാവരികിലെത്തി.
പപ്പായ, കക്കിരി, വെള്ളരി, സപ്പോട്ട, പേരയ്ക്ക, പാഷന്‍ ഫ്രൂട്ട്, സീതാപ്പഴം, മാങ്ങ, ക്യാരറ്റ്, തണ്ണിമത്തന്‍, ബീറ്റ്‌റൂട്ട്, തക്കാളി, കൈതച്ചക്ക, ഉറുമാന്‍ പഴം, നേന്ത്രപ്പഴം,നെല്ലിക്ക എന്നിവയും ഉപ്പു ചേര്‍ക്കാത്ത ചോറുമായിരുന്നു പതിനേഴ് വിഭവങ്ങളായി വാഴയിലയില്‍ നിരത്തിയത്. ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് സ്റ്റീല്‍ ഗ്ലാസില്‍ തന്നെ വെള്ളവും നല്‍കി. സിനിമാ ഷൂട്ടിംഗിന്റെ തിരക്കിനിടയിലും നടന്‍ പി പി കുഞ്ഞികൃഷ്ണനും ഇവിടെയെത്തി കുട്ടികള്‍ക്കൊപ്പം കുരങ്ങന്‍മാര്‍ക്ക് വിഭവങ്ങള്‍ വിളമ്പി.
വയറു നിറഞ്ഞവര്‍ ഏമ്പക്കമിട്ടും കാട്ടുമരച്ചില്ലകളില്‍ കിടന്നുമറിഞ്ഞാടിയും ആഹ്ലാദം പുറത്തുകാട്ടി. കുരങ്ങുകള്‍ക്ക് ഉതകുന്ന പഴങ്ങളും പച്ചക്കറികളും അവയ്ക്ക് ഭക്ഷണമായി നല്‍കുക എന്ന ബോധവല്‍ക്കരണത്തിലൂന്നിയും ഓണം സഹജീവികള്‍ക്കു കൂടിയുള്ളതാണ് എന്നതിന്റെ ഓര്‍മപ്പെടുത്തലുമായി മാറി കൗതുകം നിറഞ്ഞ സദ്യ.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഹൊസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി വേണുഗോപാലന്‍, ഗ്രന്ഥാലയം സെക്രട്ടറി വി കെ കരുണാകരന്‍, പ്രസിഡന്റ് കെ സത്യവ്രതന്‍, ബാലവേദി കണ്‍വീനര്‍ എം ബാബു, വി റീജിത്ത്,വി ഹരീഷ്, എം ഉമേശന്‍, പി വി സുരേശന്‍, സി ജലജ, സ്വാതി സുജീഷ് എന്നിവര്‍ നേതൃത്വം നല്‍കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക