മുംബൈ: കമ്പനിയില്‍ ചേര്‍ന്ന് നാല് മാസത്തിനുള്ളില്‍ തന്റെ മകള്‍ അമിത ജോലി ഭാരം കാരണം മരിച്ചുവെന്നും അവളുടെ ശവസംസ്‌കാര ചടങ്ങില്‍ പോലും സ്ഥാപനത്തില്‍ നിന്നും ആരും പങ്കെടുത്തില്ലെന്നും ആരോപിച്ച് യുവതിയുടെ അമ്മ പ്രമുഖ കമ്പനിയായ ഏണസ്റ്റ് ആന്‍ഡ് യങ് ഇന്ത്യയുടെ ചെയര്‍മാന് അയച്ച ഹൃദയഭേദകമായ കത്ത് വൈറലാകുന്നു. മലയാളിയായ 26കാരി അന്ന സെബാസ്റ്റ്യന്‍ ആണ് ജൂലൈ 20ന് താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചത്. നവംബര്‍ 23ന് സിഎ പരീക്ഷ പാസായ ശേഷം മാര്‍ച്ച് 19നാണ് അന്ന സെബാസ്റ്റ്യന്‍ ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയില്‍ ചേരുന്നത്.
'അമിത ജോലിയെ മഹത്വവത്കരിക്കുന്ന തൊഴില്‍ സംസ്കാരത്തെ തിരുത്താന്‍ കമ്പനി തയ്യാറാകണം. ജോലിയെടുക്കുന്ന മനുഷ്യരെ അവഗണിക്കുന്നത് ഒഴിവാക്കി അവരെ പരിഗണിക്കുന്ന നിലയിലേക്ക് മാറണം. എന്റെ മകളുടെ മരണം ഉണരാനുള്ള ഒരു കോള്‍ ആയി മാറട്ടെ എന്ന് ആഗ്രഹിക്കുന്നു'- അന്ന സെബാസ്റ്റ്യന്റെ അമ്മ അനിതാ അഗസ്റ്റിന്റെ കത്തില്‍ പറയുന്നു. അന്നയുടെ മരണത്തില്‍ അതീവ ദുഃഖമുണ്ടെന്നും കുടുംബത്തിന്റെ കത്തിടപാടുകള്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഏണസ്റ്റ് ആന്‍ഡ് യങ് ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു.
'ഭാവിയെ ആവേശത്തോടെ കാണുകയും നിരവധി സ്വപ്‌നങ്ങള്‍ മനസില്‍ കൊണ്ടുനടക്കുകയും ചെയ്തവളാണ് എന്റെ മകള്‍. ഏണസ്റ്റ് ആന്‍ഡ് യങ് ഇന്ത്യ അവളുടെ ആദ്യ ജോലിയായിരുന്നു. അത്തരമൊരു പ്രമുഖ കമ്പനിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അവള്‍ ത്രില്ലിലായിരുന്നു. എന്നാല്‍ നാല് മാസത്തിന് ശേഷം, 2024 ജൂലൈ 20 ന്, അന്ന മരിച്ചെന്ന് കേട്ടപ്പോള്‍ എന്റെ ലോകം തകര്‍ന്നുപ്പോയി. അന്നയ്ക്ക് 26 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ'- അന്നയുടെ അമ്മയുടെ കത്ത് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.
'പഠനത്തില്‍ മികവ് പുലര്‍ത്തിയ പോരാളിയായിരുന്നു അന്ന. സ്‌കൂളിലും കോളേജിലും അവള്‍ ഒന്നാമതെത്തി, പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികവ് പുലര്‍ത്തി. സിഎ പരീക്ഷയില്‍ മികച്ച വിജയം നേടി. ഏണസ്റ്റ് ആന്‍ഡ് യങ് ഇന്ത്യയുടെ പുനെ യൂണിറ്റില്‍ ചേര്‍ന്ന സമയത്ത് അമിത ജോലിഭാരം കാരണം നിരവധി ജീവനക്കാരാണ് രാജിവെച്ചത്. നീ വേണം ടീമിനെപ്പറ്റിയുള്ള ഈ മോശം അഭിപ്രായം മാറ്റാന്‍ എന്ന് മാനേജര്‍ പറഞ്ഞു. അവള്‍ കമ്പനിയില്‍ നന്നായി അധ്വാനിച്ചു. അവളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ അവള്‍ക്ക് എല്ലാം നല്‍കി. എന്നിരുന്നാലും, ജോലിഭാരവും പുതിയ അന്തരീക്ഷവും നീണ്ട മണിക്കൂറുകളും അവളെ ശാരീരികമായും വൈകാരികമായും മാനസികമായും ബാധിച്ചു. അവള്‍ ഉത്കണ്ഠയും ഉറക്കമില്ലായ്മയും സമ്മര്‍ദ്ദവും അനുഭവിക്കാന്‍ തുടങ്ങി. ചേര്‍ന്നതിന് തൊട്ടുപിന്നാലെ, പക്ഷേ കഠിനാധ്വാനവും സ്ഥിരോത്സാഹവുമാണ് വിജയത്തിന്റെ താക്കോല്‍ എന്ന് വിശ്വസിച്ച് അവള്‍ സ്വയം മുന്നോട്ട് പോയി'- അനിതാ അഗസ്റ്റിന്‍ ഓര്‍മ്മിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
'മരിക്കുന്നതിന് രണ്ടാഴ്ച മുന്‍പ് നെഞ്ചുവേദനയുമായി അന്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഉറക്കമില്ലായ്മയും സമയംതെറ്റിയുള്ള ഭക്ഷണവുമാണ് കാരണമെന്ന് അന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. പുനെയില്‍ നടന്ന അന്നയുടെ സിഎ ബിരുദദാനച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ അച്ഛനും അമ്മയുമൊത്ത് സമയം ചെലവഴിക്കാന്‍ പോലും ജോലിത്തിരക്ക് കാരണം അന്നയ്ക്ക് സാധിച്ചില്ല. ചടങ്ങിന് വൈകിയാണ് അന്ന എത്തിയത്. ബിരുദദാനച്ചടങ്ങില്‍ പങ്കെടുക്കാന്‍ മാതാപിതാക്കള്‍ക്ക് പണം നല്‍കണമെന്നത് അന്നയുടെ സ്വപ്‌നമായിരുന്നു. അവള്‍ അവരുടെ ഫ്‌ലൈറ്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്തു. ഞങ്ങളുടെ കുട്ടിയുമായി ഞങ്ങള്‍ അവസാനമായി ചെലവഴിച്ച ആ രണ്ട് ദിവസങ്ങളില്‍ പോലും, ജോലി സമ്മര്‍ദ്ദം കാരണം അവള്‍ക്ക് അവ ആസ്വദിക്കാന്‍ കഴിഞ്ഞില്ല '- ഹൃദയവേദനയോടെ അനിതാ അഗസ്റ്റിന്‍ എഴുതി.
'വാരാന്ത്യങ്ങളില്‍ പോലും അവള്‍ രാത്രി വൈകിയും ജോലി ചെയ്തു. അവളുടെ അസിസ്റ്റന്റ് മാനേജര്‍ ഒരിക്കല്‍ രാത്രി അവളെ വിളിച്ചു, പിറ്റേന്ന് രാവിലെയോടെ പൂര്‍ത്തിയാക്കേണ്ട ഒരു ജോലിയുമായി ബന്ധപ്പെട്ടായിരുന്നു കോള്‍. തുടര്‍ന്ന് അവള്‍ക്ക് വിശ്രമിക്കാന്‍ സമയം കിട്ടിയില്ല. അവള്‍ തന്റെ ആശങ്കകള്‍ പ്രകടിപ്പിച്ചപ്പോള്‍, നിങ്ങള്‍ക്ക് രാത്രിയിലും ജോലി ചെയ്യാം. ഇതാണ് ഇവിടെ എല്ലാവരും ചെയ്യുന്നത് എന്നായിരുന്നു അസിസ്റ്റന്റ് മാനേജരുടെ പ്രതികരണം. എനിക്ക് മകളെ സംരക്ഷിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു' - അമ്മ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക