ലോക വിനോദസഞ്ചാര ദിനമാണ് ഇന്ന്. മാറിയ ലോക സാഹചര്യത്തില്‍ സമ്മര്‍ദ്ദം കുറയ്ക്കാനും മറ്റും യാത്ര ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ച് വരികയാണ്. കുടുംബവുമൊന്നിച്ചും ഒറ്റയ്ക്കും യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ് സഞ്ചാരികളില്‍ അധികവും. ഇന്ത്യയില്‍ ഒരു വിനോദ സഞ്ചാരി കണ്ടിരിക്കേണ്ട എട്ടു സ്ഥലങ്ങള്‍ ചുവടെ:
ജമ്മു കശ്മീരിന്റെ സൗന്ദര്യം കവികളും കലാകാരന്മാരും വര്‍ണിച്ചിട്ടുണ്ട്. ഈ സ്ഥലത്തിന് ഇനി ആമുഖം ആവശ്യമില്ലാത്ത തരത്തില്‍ നിരവധി സിനിമകളും വന്നിട്ടുണ്ട്. ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ മരുഭൂമി നഗരമായ ലേ മുതല്‍ പിര്‍ പഞ്ചല്‍ പര്‍വതനിരകളില്‍ നിന്ന് ഒഴുകുന്ന ഝലം നദി വരെ ഈ പ്രദേശം യഥാര്‍ത്ഥത്തില്‍ ഭൂമിയിലെ സ്വര്‍ഗ്ഗം പോലെ അനുഭവപ്പെടുന്നു.
ഇടുക്കി ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് മൂന്നാര്‍. ഇത് ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. മൂന്നാര്‍ പട്ടണവും വിനോദസഞ്ചാരകേന്ദ്രങ്ങളും ഒന്നായി മൂന്നാര്‍ എന്നാണ് അറിയപ്പെടുന്നത്. മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള ഈ മൂന്നു നദികളുടെ സംഗമ വേദി ആയതു കൊണ്ടാണ് മൂന്നാര്‍ എന്ന പേരു വന്നത്. മൂന്നാറില്‍ ഇരവികുളം നാഷണല്‍ പാര്‍ക്ക്, കാന്തല്ലൂര്‍, മറയൂര്‍, വട്ടവട, ദേവികുളം, ടോപ്പ് സ്റ്റേഷന്‍ അടക്കം നിരവധി സ്ഥലങ്ങള്‍ സഞ്ചാരികള്‍ക്ക് മനംനിറയുന്ന കാഴ്ചകള്‍ സമ്മാനിക്കുന്നു.
പുരാതന വിജയനഗര സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ഹംപി അക്കാലത്തെ ഏറ്റവും സമ്പന്നമായ നഗരങ്ങളിലൊന്നായാണ് ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്നത്. അവശിഷ്ടങ്ങള്‍ക്കിടയിലും, ഹംപി വിനോദസഞ്ചാരികളുടെ പറുദീസയായും തീര്‍ഥാടകരുടെ അനുഭൂതിയുമായി തുടരുന്നു. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ച ഹംപിയില്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന നിരവധി കാഴ്ചകളുണ്ട്. വിസ്മയിപ്പിക്കുന്ന വാസ്തുവിദ്യയാണ് ഇതില്‍ ഒന്ന്. ക്ഷേത്രങ്ങളിലും മറ്റുമുള്ള വാസ്തുവിദ്യയുടെ അത്ഭുതങ്ങള്‍ കാഴ്ചക്കാരെ പിടിച്ചുനിര്‍ത്തുന്നതാണ്.
ഗംഗാനദിയുടെ തീരത്തുള്ള ഒരു പുണ്യനഗരമാണ് ഋഷികേശ്. 'ലോകത്തിന്റെ യോഗ തലസ്ഥാനം' എന്ന വിശേഷണവും ഇതിനുണ്ട്. സന്ദര്‍ശിക്കേണ്ട നിരവധി മതപരമായ സ്ഥലങ്ങള്‍ക്കൊപ്പം, ഇവിടെയായിരിക്കുമ്പോള്‍ വിവിധ സാഹസിക വിനോദങ്ങളിലും ഏര്‍പ്പെടാം. ഋഷികേശിലെ ശാന്തമായ അന്തരീക്ഷം മനസ്സിനെ ശാന്തമാക്കുന്നതാണ്.
അജന്ത, എല്ലോറ ഗുഹകള്‍ എല്ലായ്പ്പോഴും ഇന്ത്യന്‍ ചരിത്രത്തെയും മുന്‍കാലങ്ങളില്‍ നിലനിന്നിരുന്ന ശ്രദ്ധേയമായ കലാവൈഭവത്തെയും പ്രതിനിധീകരിക്കുന്ന രത്‌നങ്ങളായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഔറംഗബാദ് നഗരത്തില്‍ നിന്ന് വളരെ അടുത്തായി സ്ഥിതി ചെയ്യുന്ന 64 പാറകള്‍ മുറിച്ച ഗുഹകളാണ് ഈ വിനോദസഞ്ചാര കേന്ദ്രങ്ങള്‍. ഇന്ന്, അജന്ത, എല്ലോറ ഗുഹകള്‍ യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റാണ്. നിരവധി സഞ്ചാരികളുടെ ഇഷ്ട സ്ഥലം കൂടിയാണിത്
താജ്മഹല്‍ ലോകത്തിലെ ഏറ്റവും വലിയ അത്ഭുതങ്ങളിലൊന്നാണ്. പ്രണയത്തിന്റെ പ്രതീകമായി ആണ് താജ്മഹലിനെ ലോകം കാണുന്നത്. ആഗ്രയിലെ യമുന നദിയുടെ തെക്കന്‍ തീരത്താണ് വെളുത്ത മാര്‍ബിള്‍ കൊണ്ട് നിര്‍മ്മിച്ച താജ്മഹല്‍ സ്ഥിതി ചെയ്യുന്നത്. മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ (1628-1658 ഭരണം) തന്റെ പ്രിയപ്പെട്ട ഭാര്യ മുംതാസിന്റെ ഓര്‍മ്മയ്ക്കായി ഇത് നിര്‍മ്മിച്ചു. 1632-ല്‍ ആരംഭിച്ച നിര്‍മ്മാണം 1643-ല്‍ പൂര്‍ത്തിയായി.
രാജസ്ഥാനിലെ ജയ്പൂരില്‍ സ്ഥിതിചെയ്യുന്ന സവിശേഷ ശൈലിയിലുള്ള മാളികയാണ് ഹവാ മഹല്‍. കാറ്റുകളുടെ മാളിക എന്നാണ് ഹവാ മഹല്‍ എന്ന പേരിനര്‍ത്ഥം. 1799 -ല്‍ മഹാരാജാ സവായ് പ്രതാപ് സിങ് ആണ് ഈ മാളിക പണി കഴിപ്പിച്ചത്. ചെറിയ ജാലകങ്ങളോടു കൂടിയ കൂടുകള്‍ ചേര്‍ത്തു വച്ച് അഞ്ച് നിലകളിലായുള്ള ഈ മാളിക സ്ത്രീകള്‍ക്ക് പുറം ലോകം വീക്ഷിക്കാനായി പണിതീര്‍ത്തതാണ്.
ഗുജറാത്തില്‍ സ്ഥിതിചെയ്യുന്ന ഒരു സ്റ്റെപ് വെല്‍ (പടവ് കിണര്‍) ആണ് റാണി കീ വാവ്. 2014 ജൂണ്‍ 22-ന് ഈ ചരിത്രനിര്‍മിതിയെ യുനെസ്‌കൊ ഒരു ലോകപൈതൃകകേന്ദ്രമായി പ്രഖ്യാപിച്ചു. നിരവധി കൊത്തുപണികളോടുകൂടിയ ഈ മഹത് നിര്‍മ്മിതിക്ക് ഏകദേശം 64മീറ്റര്‍ നീളവും, 20 മീറ്റര്‍ വീതിയും, 27 മീറ്ററോളം ആഴവുമുണ്ട്. പടവുകിണറുകളുടെ ഗണത്തിലെ തന്നെ ബൃഹത്തും അതി പ്രശസ്തവുമായ ഒന്നാണ് റാണി കീ വാവ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക