
പാലക്കാട്: പൂര, വെടിക്കെട്ട് പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന നെന്മാറ - വല്ലങ്ങി വേല നാളെ. മലയാളമാസം മീനത്തിലെ ഇരുപതാം തീയതിയാണ് നെന്മാറ - വല്ലങ്ങി വേല വരുന്നത്. സാധാരണയായി ഏപ്രില്‍ മാസത്തിലെ രണ്ട് അല്ലെങ്കില്‍ മൂന്ന് തീയതികളിലാണ് വെടിക്കെട്ട് പ്രേമികളെ ആവേശം കൊള്ളിക്കുന്ന വേല വരാറ്. ഇത്തവണ മൂന്നിനാണ് നെന്മാറ - വല്ലങ്ങി വേല.
പാലക്കാട് ജില്ലയിലെ നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലാണ് നെന്മാറ - വല്ലങ്ങി വേല ആഘോഷിക്കുന്നത്. നെല്ലിയാമ്പതി വനത്തിന്റെ താഴ്‌വരയില്‍ സ്ഥിതി ചെയ്യുന്ന ചിറ്റൂര്‍ താലൂക്കിലെ നെന്മാറ, വല്ലങ്ങി എന്നീ മനോഹരമായ ഗ്രാമങ്ങളിലായാണ് നെന്മാറ - വല്ലങ്ങി വേല നടക്കുന്നത്. അലങ്കാരപ്പന്തലുകളുടെ വര്‍ണ്ണവൈവിദ്ധ്യങ്ങള്‍, വെടിക്കെട്ട്, ഉത്സവത്തിലരങ്ങേറുന്ന കലാരൂപങ്ങള്‍ എന്നിവ കൊണ്ട് ശ്രദ്ധേയമാണ് നെന്മാറ വല്ലങ്ങി വേല.
ചിറ്റൂര്‍ താലൂക്കിലെ പാടങ്ങളാണ് ഈ ഉത്സവത്തിന്റെ വേദി. നെന്മാറ ഗ്രാമക്കാരും വല്ലങ്ങി ഗ്രാമക്കാരും നടത്തുന്ന മത്സര ഒരുക്കങ്ങളാണ് വേലയുടെ ആകര്‍ഷണം. നെറ്റിപ്പട്ടം കെട്ടി, ആലവട്ട വെഞ്ചാമരങ്ങളും സ്വര്‍ണ്ണക്കുടകളും ചൂടിയ ആന എഴുന്നള്ളത്തില്‍ തുടങ്ങി, ഇരുകരക്കാരുടെയും എഴുന്നള്ളത്ത് അഭിമുഖം വന്നു നില്‍ക്കുന്ന പാടത്തെ പന്തലുകളില്‍ വരെ ഉണ്ട് ഈ മത്സരം.
നെല്ലിക്കുളങ്ങര ഭഗവതിയുടെ ജന്മദിനമായ മീനം 20-നാണ് പ്രധാന ഉത്സവം. നെന്മാറ ദേശത്തിനും വല്ലങ്ങി ദേശത്തിനും സ്വന്തം കാവുകളും അവിടെ പരദേവതകളുമുണ്ടെങ്കിലും ഇവര്‍ നെല്ലിക്കുളങ്ങര ക്ഷേത്രത്തിനു സമീപം വേലക്കായി അണിനിരക്കുന്നു. കുമ്മാട്ടി, കരിവേല, ആണ്ടിവേല എന്നീ നാടന്‍കലകളും ഈ സമയങ്ങളില്‍ അരങ്ങേറും. നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലേക്ക് രണ്ടു കരക്കാരുടെയും ആനകളോടെ ഉള്ള എഴുന്നള്ളിപ്പ് പന്തലിലെത്തി നിരന്ന ശേഷം നടക്കുന്ന പഞ്ചവാദ്യമാണ് ഉത്സവത്തിന്റെ പ്രധാന ആകര്‍ഷണം. സന്ധ്യയോടെ വലിയ വെടിക്കെട്ടും കരിമരുന്നു പ്രയോഗവും ഉണ്ടാവും.
പാടങ്ങളിലെ കൊയ്ത്തിനു ശേഷമാണ് ഉത്സവം. മീന മാസത്തിലെ ഒന്നാം തീയതി കൊടിയേറ്റോടു കൂടിയാണ് ആഘോഷങ്ങള്‍ ഔദ്യോഗികമായി ആരംഭിക്കുന്നത്. ഇരുപതു ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ക്കു മീനമാസം 20ന് നെന്മാറ - വല്ലങ്ങി വേലയോടു കൂടി പരിസമാപ്തിയാകും.
കേരളത്തിലെ ഏറ്റവും മികച്ച താളവാദ്യകലാകാരന്‍മാര്‍ അണിനിരക്കുന്ന പഞ്ചവാദ്യം, പാണ്ടിമേളം തുടങ്ങിയവയ്ക്കും നെന്മാറ - വല്ലങ്ങി വേല പ്രസിദ്ധമാണ്. ഉത്സവ പന്തലിന് കീഴില്‍ രണ്ടു ഗ്രാമങ്ങളും പരസ്പരം അഭിമുഖമായി നിന്നാണ് താളവാദ്യമത്സരം. കഴിവുകള്‍ പ്രകടിപ്പിക്കുന്നതിന് ഒപ്പം തന്നെ എതിരാളിയേക്കാള്‍ ഒരു പടി മുന്നില്‍ നില്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഈ പോരാട്ടവീര്യമാണ് നെന്മാറ - വല്ലങ്ങി വേലയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത്.
നെന്മാറ - വല്ലങ്ങി വേലയുടെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം എന്നു പറയുന്നത് വെടിക്കെട്ട് ആണ്. കേരളത്തിലെ തന്നെ ഏറ്റവും മികച്ച വെടിക്കെട്ട് ആയാണ് ഇത് അറിയപ്പെടുന്നത്. രാത്രിയെ പ്രകാശം കൊണ്ടും ശബ്ദം കൊണ്ടും നിറയ്ക്കുന്നതാണ് ഈ വെടിക്കെട്ട്. ഏഷ്യയിലെ തന്നെ ഏറ്റവും ശബ്ദം കൂടിയ വെടിക്കെട്ട് ആയും ഈ വെടിക്കെട്ട് വിശേഷിപ്പിക്കപ്പെടാറുണ്ട്. ഉത്സവ സമയത്ത് ആനകളെ പാര്‍പ്പിക്കാനായി നിര്‍മിച്ചിരിക്കുന്ന ആന പന്തലുകളും ഇതിന്റെ പ്രധാന ആകര്‍ഷണമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക