
ഹൃദയത്തില്‍ അടച്ചു പൂട്ടി സൂക്ഷിച്ചിരുന്ന പല പ്രണയങ്ങളും പുറംലോകം കാണുന്ന ദിനമാണ് ഫെബ്രുവരി 14. പുറത്തേക്ക് ചാടി പുറപ്പെടുന്നതിന് മുന്‍പ് ഡ്രസിന്‍റെ നിറം ഒന്നു കൂടി കണ്ണാടിയില്‍ നോക്കി ഉറപ്പിക്കും. പ്രണയത്തിന്‍റെ ചുവന്ന ലൈറ്റ് കത്തിക്കാന്‍ റോസാപ്പൂക്കളും ചോക്ലേറ്റും റെഡി. ഹാപ്പി വാലന്‍റൈന്‍സ് ഡേ... പ്രായഭേദമില്ലാതെ പ്രണയം ആഘോഷിക്കുന്ന ദിനം.
ഫെബ്രുവരി ഏഴ് തുടങ്ങുന്ന റോസ് ഡേ മുതല്‍ കിസ് ഡേ വരെ നീണ്ടു കിടക്കുന്ന ഒരാഴ്ചത്തെ ആഘോഷങ്ങള്‍ക്ക് ശേഷമാണ് വാലന്‍റൈന്‍സ് ഡേ. ഓരോ വര്‍ഷവും വാലന്‍റൈന്‍ വീക്ക് വ്യത്യസ്തമാക്കിയും കളര്‍ഫുള്‍ ആക്കിയും കാമിതാക്കള്‍ ആ ദിനങ്ങള്‍ മധുരമുള്ളതാക്കുന്നു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും വാലന്‍റൈന്‍സ് ഡേ ഈ കാണുന്ന പൊലിമയില്‍ ആഘോഷിക്കാന്‍ തുടങ്ങിയട്ട് ഒരുപാടൊന്നും ആയിട്ടില്ലെന്നാണ് ചരിത്രം പറയുന്നത്.
വാലന്‍റൈന്‍സ് ഡേ ചരിത്രം
വാലന്റൈന്‍സ് ഡേയുടെ ഉത്ഭവത്തെ കുറിച്ച് പല കഥകളുമുണ്ട്. അതില്‍ ഏറ്റവും പ്രചാരത്തിലുള്ളത് റോമന്‍ ആഘോഷമായ ലൂപര്‍കാലിയയുമായി ബന്ധപ്പെട്ടാണ്. വസന്തത്തിന്റെ വരവിനെ അടയാളപ്പെടുത്താന്‍ ഫെബ്രുവരിയുടെ മധ്യകാലത്താണ് ലൂപര്‍കാലിയ ആഘോഷിക്കുന്നത്. അവിവാഹിതരായ പുരുഷന്മാരും സ്ത്രീകളും ജോടിയായി എത്തുന്ന വിശേഷ ചടങ്ങും ഈ ആഘോഷവുമായി ബന്ധപ്പെട്ടു നടന്നിരുന്നു. പിന്നീട് അഞ്ചാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ ഈ ആഘോഷം ക്രൈസ്തവ ആഘോഷമായി കാണാനാവില്ലെന്ന് ചൂണ്ടിക്കാട്ടി പോപ്പ് ഗെലാസിയസ് ഒന്നാമന്‍ ഫെബ്രുവരി 14 സെന്റ്-വാലന്റൈന്‍സ് ദിനം ആയി പ്രഖ്യാപിച്ചു. എന്നാല്‍ അതിനും ഏറെക്കാലത്തിന് ശേഷമാണ് അത് പ്രണയവുമായി ബന്ധപ്പെട്ട ദിനമായി മാറിയത്.
ആരാണ് സെന്‍റ് വാലന്‍റൈന്‍?
ക്ലോഡിയസ് ചക്രവർത്തി റോം ഭരിച്ചിരുന്ന കാലത്ത് വാലൻന്റൈൻ എന്നൊരാളായിരുന്നു കത്തോലിക്ക സഭയുടെ ബിഷപ്പ്. വിവാഹം കഴിഞ്ഞാൽ പുരുഷന്മാർക്ക് കുടുംബം എന്നൊരു ചിന്ത മാത്രമേയുള്ളൂ എന്നും യുദ്ധത്തിൽ ഒരു വീര്യവും അവർ കാണിക്കുന്നില്ല എന്നും ചക്രവർത്തിക്ക് തോന്നി. അതിനാൽ ചക്രവർത്തി റോമിൽ വിവാഹം നിരോധിച്ചു. പക്ഷേ, ബിഷപ്പ് വാലൻന്റൈൻ, പരസ്പരം സ്നേഹിക്കുന്നവരെ മനസ്സിലാക്കി അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കാൻ തുടങ്ങി. വിവരം അറിയാനിടയായ ക്ലോഡിയസ് ചക്രവർത്തി വാലൻന്റൈനെ ജയിലിൽ അടച്ചു. ബിഷപ്പ് വാലൻന്റൈൻ ജയിലറുടെ അന്ധയായ മകളുമായി സ്നേഹത്തിൽ ആയി.
ബിഷപ്പിന്റെ സ്നേഹവും വിശ്വാസവും കാരണം ആ പെൺകുട്ടിക്ക് പിന്നീട് കാഴ്ചശക്തി ലഭിച്ചു. അതറിഞ്ഞ ചക്രവർത്തി വാലന്റൈന്റെ തല വെട്ടാൻ വിധിച്ചു. തലവെട്ടാൻ കൊണ്ടുപോകുന്നതിനുമുൻപ് വാലൻന്റൈൻ ആ പെൺകുട്ടിക്ക് “ഫ്രം യുവർ വാലൻന്റൈൻ” എന്നെഴുതി ഒരു കുറിപ്പ് വെച്ചു. അതിനു ശേഷമാണ് ബിഷപ്പ് വാലൻന്റൈന്റെ ഓർമയ്ക്കായി ഫെബ്രുവരി 14 ന് വാലൻന്റൈൻ ദിനം ആഘോഷിക്കാൻ തുടങ്ങിയതെന്നും പറയുന്നു. 14-ാം നൂറ്റാണ്ട് മുതലാണ് വാലന്‍റൈന്‍സ് ദിനം പ്രണയ ദിനമായി ആഘോഷിച്ചു തുടങ്ങിയത്.
പ്രണയത്തിന്‍റെ ചിഹ്നം
റോമന്‍ പുരാണങ്ങള്‍ പ്രകാരം പ്രണയത്തിന്റെയും സൗന്ദര്യത്തിന്റെ ദേവതയായ വീനസിന്റെ മകന്‍ ക്യുപിഡിനെ പ്രണയത്തിന്റെ മാലാഖയായി വിശ്വസിച്ചിരുന്നു. അവന്റെ അമ്പും വില്ലും ഹൃദയങ്ങളെ തുളച്ചുകയറുന്നതും പ്രണയം നിറയ്ക്കുന്നതിന്റെയും പ്രതീകമായി. കാലക്രമേണ ക്യുപിഡ് വാലന്റൈന്‍സ് ദിനത്തിന്റെ ഒരു ജനപ്രിയ ചിഹ്നമായി മാറി.
ചോസറിന്റെ കവിത
14ാം നൂറ്റാണ്ടില്‍ കവി ജെഫ്രി ചോസര്‍ എഴുതിയ "പാര്‍ലമെന്റ് ഓഫ് ഫോള്‍സ്" എന്ന കവിതയിലാണ് ആദ്യമായി പ്രണയിക്കുന്നവര്‍ക്കുവേണ്ടി ഒരു ദിനം, വാലന്റൈന്‍സ് ഡേ എന്ന ആശയം ഉത്ഭവിച്ചതെന്നാണ് കരുതപ്പെടുന്നത്. വസന്തകാലം തുടങ്ങിയപ്പോള്‍ തങ്ങളുടെ ഇണകളെ കണ്ടെത്താന്‍ സെയിന്റ് വാലന്റൈന്‍സ് ഡേയില്‍ ഒരു കൂട്ടം പക്ഷികള്‍ ഒത്തുചേര്‍ന്നതിനെക്കുറിച്ച് ചോസര്‍ കവിതയില്‍ പറയുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക