
ഒരു യാത്ര ആരംഭിക്കുമ്പോഴോ, അവസാനിപ്പിക്കുമ്പോഴോ എത്തിച്ചേരുന്ന ഇടമാണ് റെയില്‍വെ സ്‌റ്റേഷനുകള്‍. എന്നാല്‍ ഒരു റെയില്‍വേ സ്‌റ്റേഷന്‍ കാണാനായി വിനോദ സഞ്ചാരികള്‍ എത്തുമോ? ന്യൂയോര്‍ക്കിലെ ഗ്രാന്‍ഡ് സെന്‍ട്രല്‍ ടെര്‍മിനല്‍ റെയില്‍വെ സ്‌റ്റേഷനെ കുറിച്ചാണ് പറയുന്നത്. ലോകത്തിലെ ഏറ്റവും വലിയ റെയില്‍വെ സ്‌റ്റേഷനാണിതെന്നതാണ് സഞ്ചാരികളെ ഇങ്ങോട്ടേക്ക് ഏറെ ആകര്‍ഷിപ്പിക്കുന്നത്.
1903 ലാണ് ഈ സ്‌റ്റേഷന്റെ നിര്‍മാണം ആരംഭിച്ചത്. സ്‌റ്റേഷന്‍ മുഴുവനായി പണി തീര്‍ത്തെടുക്കാന്‍ 10 വര്‍ഷത്തോളം സമയം എടുത്തു. നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ 1913 ഫെബ്രുവരി 2 ന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു.
ഉദ്ഘാടന ദിവസം തന്നെ 150,000 ല്‍ അധികം ആളുകള്‍ ഈ സ്റ്റേഷന്‍ കാണാന്‍ എത്തി. പിന്നീട് ലോകത്തിലെ ഏറ്റവും തിരക്കേറിയതും മനോഹരവുമായ റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്നായി ഇതറിയപ്പെട്ടു. 44 പ്ലാറ്റ്ഫോമുകളും 67 ട്രാക്കുകളുമുള്ള ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ സ്റ്റേഷനാണ് ഈ ടെര്‍മിനല്‍. ഈ സവിശേഷത സ്‌റ്റേഷന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും നേടിക്കൊടുത്തു.
സ്റ്റേഷന്റെ രണ്ട് ട്രാക്കുകള്‍ ഭൂമിക്കടിയിലൂടെയാണ് പോകുന്നത്. ഇത് മറ്റ് സ്റ്റേഷനുകളില്‍ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നു. കൂടാതെ, ടെര്‍മിനല്‍ 48 ഏക്കര്‍ വിസ്തൃതിയിലാണ് വ്യാപിച്ചുകിടക്കുന്നത്. അതുകൊണ്ട് തന്നെ ഒരു കൊട്ടാരത്തിന് സമാനമായി തോന്നും. സ്റ്റേഷന്റെ വാസ്തുവിദ്യയും ഏറെ ആകര്‍ഷകമാണ്.
പ്രതിവര്‍ഷം ദശലക്ഷക്കണക്കിന് ആളുകള്‍ ഇത് കാണാന്‍ ഇവിടെയെത്തുന്നു. യാത്രക്കാര്‍ക്ക്, ഇത് ഒരു റെയില്‍വേ സ്റ്റേഷന്‍ മാത്രമല്ല, ചരിത്രപരവും സാംസ്‌കാരികവുമായ ഒരു പൈതൃകം കൂടിയാണ്. ഗ്രാന്‍ഡ് സെന്‍ട്രല്‍ ടെര്‍മിനലില്‍ പ്രവേശിക്കുന്നത് ഒരു വലിയ കൊട്ടാരത്തിനുള്ളിലേക്ക് കടക്കുന്നതു പോലെയാണ്.
പ്രതിദിനം ഏകദേശം 125,000 യാത്രക്കാര്‍ ഇവിടെ യാത്ര ചെയ്യുന്നു, 660 മെട്രോ നോര്‍ത്ത് ട്രെയിനുകള്‍ കടന്നുപോകുന്നു. എല്ലാ വര്‍ഷവും ഏകദേശം 19,000 സാധനങ്ങള്‍ നഷ്ടപ്പെട്ട നിലയില്‍ കണ്ടെത്തുന്നു. ഇവ സൂക്ഷിക്കുന്നതിനും സ്റ്റേഷനില്‍ പ്രത്യേക ഓഫീസ് മുറിയും സ്ഥാപിച്ചിട്ടുണ്ട്. ഗ്രാന്‍ഡ് സെന്‍ട്രല്‍ ടെര്‍മിനല്‍ സ്‌റ്റേഷന്‍ നിരവധി ഹോളിവുഡ് സിനിമകളുടെ ഷൂട്ടിങ് ലൊക്കേഷനുമാണ്. നിരവധി പ്രശസ്ത സിനിമകള്‍ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്,അതുകൊണ്ടാണ് പലരും ട്രെയിനല്‍ കയറാനല്ല സ്‌റ്റേഷന്‍ കാണാനും ആസ്വദിക്കാനുമാണ് വരുന്നത്.
സ്റ്റേഷന്റെ ഏറ്റവും വലിയ ആകര്‍ഷണം പ്രധാന ഹാളില്‍ സ്ഥിതിചെയ്യുന്ന ഓപല്‍ ക്ലോക്കാണ്, ഇത് നാല് ദിശകളില്‍ നിന്നും കാണാന്‍ കഴിയും, കൂടാതെ യാത്രക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഒരു ജനപ്രിയ മീറ്റിങ് പോയിന്റ് കൂടിയാണ്. ഏറ്റവും രസകരമായ കാര്യം, വാള്‍ഡോര്‍ഫ് അസ്റ്റോറിയ ഹോട്ടലിന് താഴെ സ്ഥിതി ചെയ്യുന്ന ഈ സ്റ്റേഷനില്‍ ഒരു രഹസ്യ പ്ലാറ്റ്‌ഫോം (ട്രാക്ക് 61) ഉണ്ട് എന്നതാണ്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഫ്രാങ്ക്‌ലിന്‍ ഡി. റൂസ്വെല്‍റ്റിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ് ഈ പ്ലാറ്റ്ഫോം, ഹോട്ടലില്‍ നിന്ന് നേരിട്ട് പുറത്തുകടക്കാനാണ് അദ്ദേഹത്തിനായി ഇത് അനുവദിച്ചത്. ഈ പ്ലാറ്റ്ഫോം ഒരിക്കലും പൊതുജനങ്ങള്‍ക്കായി തുറന്നിട്ടില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക