
കാസര്‍കോട്: ആത്മാര്‍ത്ഥയും ആത്മ ബന്ധവുമാണ് അധ്യാപക വിദ്യാര്‍ത്ഥി ബന്ധത്തിന്റെ പൊരുള്‍. ഇത്തരം ചില സന്ദര്‍ഭങ്ങളും നമ്മള്‍ കണ്ടിട്ടും കേട്ടിട്ടുമുണ്ട്. കണ്ടിട്ടുണ്ട് . എന്നാല്‍ ശബ്ദം കൊണ്ട് കുട്ടികളെ തിരിച്ചറിയുന്ന ഒരു അധ്യാപികയാണ് ഇപ്പോള്‍ താരം. എവിടെയായാലും ടീച്ചറേ.. എന്ന് വിളിച്ചാല്‍ മതി, ആ കുട്ടിയുടെ പേര് അധ്യാപിക പറയും.
ഒരാളുടെയും രണ്ടാളുടെയും അല്ല ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ഥികളുടെയും പേര് ശബ്ദം കൊണ്ട് തിരിച്ചറിയുകയാണ് കാസര്‍കോട് തൃക്കരിപ്പൂരിനടുത്ത ഉദിനൂര്‍ ഉദിനൂര്‍ സെന്‍ട്രല്‍ എ.യു.പി. സ്‌കൂളിലെ നവ്യശ്രീ ടീച്ചര്‍. കുട്ടികള്‍ ടീച്ചറെ എന്ന് വിളിച്ചു പോകുന്നതും ശബ്ദം കേട്ട് ആദിനാഥ്, കാര്‍ത്തിക്, കൃഷ്ണ ദേവ് തുടങ്ങി ക്ലാസിലെ മുഴുവന്‍ കുട്ടികളെയും ടീച്ചര്‍ തിരിച്ചറിയുന്നതുമായുള്ള വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
അഞ്ചാം ക്ലാസ് മുറിയില്‍ കസേരയിലിരിക്കുന്ന അധ്യാപികയുടെ പിന്നിലായി കുട്ടികള്‍ ഓരോരുത്തരും തങ്ങളുടെ ഊഴം കാത്ത് നില്‍കുകയാണ്. ഓരോരുത്തരായി വന്ന് 'ടീച്ചറേ' എന്ന് വിളിക്കുമ്പോള്‍ കുട്ടികളെ കാണാതെ അവരുടെ പേര് പറയുകയാണ് നവ്യശ്രീ ടീച്ചര്‍. തങ്ങളുടെ പേര് കേള്‍ക്കുമ്പോള്‍ കുട്ടികളുടെ മുഖത്ത് അതിരില്ലാത്ത സന്തോഷവും.
കുട്ടികളുടെ കൂട്ടത്തില്‍ ടീച്ചറുടെ മകന്‍ പി വി ശ്രീദേവുണ്ട്. ഉച്ച ഭക്ഷണ ഇടവേളയില്‍ സ്‌കൂളിലെ അധ്യാപകന്‍ വിപിന്‍ കുമാറാണ് ഈ വീഡിയോ പകര്‍ത്തിയത്.
വിഡിയോ വൈറല്‍ ആയതോടെ ടീച്ചര്‍ക്കും കുട്ടികള്‍ക്കും അഭിനന്ദനമറിയിച്ച് നിരവധി ഫോണ്‍ വിളികളും സന്ദേശങ്ങളുമെത്തി. സ്‌കൂളിലും നാട്ടിലും സാമൂഹിക മാധ്യമങ്ങളിലും അങ്ങിനെ നവ്യശ്രീ ടീച്ചറും അഞ്ച് സി ക്ലാസും താരമായി. ടീച്ചര്‍ക്ക് എങ്ങനെ ഇതു സാധിക്കുന്നുവെന്നാണ് പലരുടേയും സംശയം. ഇതൊക്കെ എളുപ്പമാണെന്നാണ് ടീച്ചറുടെ മറുപടി. എട്ട് വര്‍ഷമായി ഉദിനൂര്‍ സെന്‍ട്രല്‍ എ യു പി സ്‌കൂള്‍ അധ്യാപികയാണ് നവ്യശ്രീ. കണക്കാണ് വിഷയം. കാലിക്കടവ് ഏച്ചിക്കൊവ്വല്‍ സ്വദേശിയാണ് നവ്യശ്രീ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക