
കൊച്ചി: കേരളം വ്യവസായത്തിന് പറ്റിയ സ്ഥലമല്ലെന്ന വാദം ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് ഡെന്റ്‌കെയര്‍ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ജോണ്‍ കുര്യാക്കോസ് . മലയാളികളുടെ കഠിനാധ്വാനവും ആത്മസമർപ്പണവും കേരളത്തെ വ്യവസായത്തിന് വളക്കൂറുള്ള മണ്ണാക്കുന്നുവെന്ന് ജോൺ കുര്യാക്കോസ് ദി ന്യൂ ഇന്ത്യൻ എക്സ്‌പ്രസിന്റെ എക്സ്‌പ്രസ് ഡയലോഗ്സിൽ പറയുന്നു.
ലോകത്തിലെ രണ്ടാമത്തെയും ഏഷ്യയിലെ ഏറ്റവും വലിയതുമായ ഡെന്റൽ ലാബാണ് ഡെന്റ്കെയർ. തൊഴിലാളികളാണ് സ്ഥാപനത്തിന്റെ വിജയമെന്ന് ജോൺ കുര്യാക്കോസ് വ്യക്തമാക്കുന്നു. സ്ഥാപനത്തിൽ ഏതാണ്ട് 80 ശതമാനത്തോളം സ്ത്രീകളാണ് ഉള്ളത്. തൊഴിലാളികളെ വിശ്വസിക്കുകയും അവരെ ബഹുമാനിക്കുകയും ചെയ്യുന്നതിലൂടെയാണ് ഒരു സ്ഥാപനം വളരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തിന് പുറത്തുള്ള ഡെന്റ്കയർ യൂണിറ്റുകളിലും മലയാളികളാണ് തൊഴിലാളികളായുള്ളത്. കാരണം മലയാളികൾ ഒരു കാര്യം വിശ്വസിച്ച് ഏറ്റെടുത്താൽ അവർ അത് വളരെ ഭംഗിയായി ചെയ്യും. എന്നാൽ അവരുടെ മുന്നിൽ ബോസുകളിക്കാൻ പോകരുത്. നിയമപ്രകാരം തൊഴിലാളികൾക്ക് അർഹതപ്പെട്ട അവകാശങ്ങൾ സംരക്ഷിക്കാൻ തൊഴിലുടമകൾ തയ്യാറാകണം. അരമണിക്കൂറെങ്കിലും അധികം ജോലി ചെയ്താൽ അതിനുള്ള ശമ്പളം തൊഴിലാളികൾക്ക് നൽകണം. തൊഴിലാളി സൗഹൃദമായ ഒരു തൊഴിൽ അന്തരീക്ഷം ഉണ്ടാകുന്നത് അങ്ങനെയാണ്.- ജോൺ കുര്യാക്കോസ് പറഞ്ഞു.
വിദേശത്തേക്ക് നാട്ടില്‍ നിന്ന് വിസ എടുത്ത് തൊഴിലാളികളെ അയയ്ക്കുകയാണ് ചെയ്യുന്നത്. ആരെയും പിരിച്ചു വിടേണ്ടി വന്നിട്ടില്ല. തൊഴിലാളികളെ അത്ര ബഹുമാനിക്കുകയും അവര്‍ക്ക് വേണ്ട അംഗീകാരങ്ങള്‍ നല്‍കുകയും ചെയ്യുന്ന സ്ഥാപനമാണ് ഡെന്റ്കയർ. ഡോ. റെജി മാത്യു നടത്തുന്ന ഡെന്റല്‍ ക്ലിനിക്കില്‍ അറ്റന്‍ഡറായാണ് താന്‍ തൊഴില്‍ ജീവിതം ആരംഭിക്കുന്നത്. അതുകൊണ്ട് ഒരു തൊഴിലാളികളുടെ വശത്തു നിന്ന് ചിന്തിക്കാന്‍ തനിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.
2020-ൽ കോവിഡ് മഹാമാരിയുടെ സമയത്ത് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിട്ടത്. എന്നാൽ തൊഴിലാളികൾ പ്രതിസന്ധിയിലാകാതിരിക്കാൻ അവർക്ക് ശമ്പളം നൽകാൻ 28 കോടിയാണ് ബാങ്കിൽ നിന്ന് കടമെടുത്തത്. ശമ്പളം കൃത്യസമയത്ത് തൊഴിലാളികൾക്ക് കിട്ടുന്നുവെന്ന് ഉറപ്പാക്കി.1988-ല്‍ ആറ് തൊഴിലാളികളുമായി മൂവാറ്റുപുഴയില്‍ 290 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഒരു മുറിയിലാണ് ഞാന്‍ ഡെന്റ്‌കെയര്‍ തുടങ്ങുന്നത്. പ്രതിമാസം 500 രൂപയായിരുന്നു മുറി വാടക. ഇന്ന് ഞങ്ങളുടെ ടീമിൽ 4,200 ജീവനക്കാരുണ്ട്. അതിൽ 80 ശതമാനത്തോളം സ്ത്രീകളാണ്. ഒന്നര വർഷത്തെ പരിശീലനം ഉൾപ്പെടെ തൊഴിലാളികൾക്ക് സമഗ്രമായ പരിശീലനം നൽകുന്നുണ്ട്. 30 ഡോക്ടർമാരുടെയും മുതിർന്ന സാങ്കേതിക വിദഗ്ധരുടെയും നേതൃത്വത്തിൽ പരിശീലനം നൽകുന്ന ഡെന്റ്കെയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ ടെക്നോളജിയും ഞങ്ങൾ സ്ഥാപിച്ചു.- അദ്ദേഹം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക