
കൊച്ചി: സംസ്ഥാനത്ത് ആല്‍ബിനിസം ഭിക്ഷാടനം വര്‍ദ്ധിക്കുന്നു. കേരളത്തില്‍ വടക്കന്‍ ജില്ലകളിലാണ് ഇത്തരത്തിലുള്ള പ്രവണത കൂടുതല്‍ കണ്ടുവരുന്നത്. വേനല്‍ക്കാലമാകുന്നതോടെ റെയില്‍വെ സ്‌റ്റേഷനുകളിലും മറ്റും കൂട്ടമായിട്ട് ഭിക്ഷാടന മാഫിയ ആല്‍ബിനിസം വ്യക്തികളെ കൊണ്ടിറക്കുകയാണ് ചെയ്യുന്നത്. പ്രധാനമായും കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങിയ ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ് ഇവരെ കേരളത്തിലേയ്ക്ക് എത്തിക്കുന്നത്.
ശരീരത്തില്‍ മെലാനിന്‍ പിഗ്മെന്റ് ഇല്ലാതെ ജനിക്കുന്ന അവസ്ഥയാണ് ആല്‍ബിനിസം. ഭിക്ഷാടനം നിയമം മൂലം നിരോധിച്ച കേരളത്തില്‍ വര്‍ഷങ്ങളായി ഇവരുടെ സാന്നിധ്യമുണ്ട്. മറ്റിടങ്ങളിലേക്കാള്‍ കേരളത്തില്‍ നിന്ന് ഭിക്ഷാടനം വഴി പണം കൂടുതല്‍ കിട്ടുന്നതും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ചൂട് കുറവ് ഇവിടെയാണെന്നതുമൊക്കെ ഇവരെ ചൂഷണം ചെയ്യാന്‍ കാരണമാകുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ കേസെടുക്കാന്‍ അധികാരികള്‍ തയ്യാറാകുന്നുമില്ല.
36 ഡിഗ്രി സെഷ്യല്‍സ് ആണ് താപനിലയെങ്കില്‍ ആല്‍ബിനിസം വ്യക്തിക്ക് അത് 60 ന് മുകളിലായിരിക്കും അനുഭവപ്പെടുക. ചൂട് ഒട്ടും താങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് ഉണ്ടാവുക. അതുപോലെ തന്നെ കാഴ്ചയ്ക്കും പ്രശ്‌നങ്ങളുണ്ട്. ഇങ്ങനെയുള്ളവരെ നല്ല വെയിലത്ത് ഇരുത്തിയാണ് ഭിക്ഷാടനത്തിന് ഇരുത്താറ്. ഇവരുടെ ഉന്നമനത്തിനോ മുന്നോട്ടുള്ള ജീവിതയാത്രയ്ക്ക് സഹായമാകരുന്ന തരത്തിലോ ഉള്ള സംഘടനയോ കൂട്ടായ്‌മോ ഒന്നുമില്ലെന്നുള്ളതും ഇവര്‍ നേരിടുന്ന വെല്ലുവിളിയാണ്.
ഇത്തരം ആളുകള്‍ ശാപം കിട്ടിയതും സര്‍പ്പകോപവും ആണെന്നൊക്കെ തെറ്റിദ്ധരിച്ച് നാട്ടില്‍ നിന്ന് ഒഴിവാക്കപ്പെടുകയും ഭിക്ഷാടന മാഫിയയയുടെ കൈയില്‍ അകപ്പെടുകയും ചെയ്യുന്നു. എല്ലാ പ്രായത്തിലുള്ളവരേയും ഭിക്ഷാടനത്തിന് എത്തിക്കാറുണ്ട്. കൊച്ചുകുട്ടികളെ ഉള്‍പ്പെടെ ഭിക്ഷാടനത്തിന് ഉപയോഗിക്കുന്നു. പലരും പല ഭാഗത്ത് നിന്ന് വരുന്നതിനാല്‍ പരസ്പരം ആര്‍ക്കും അറിയാന്‍ കഴിയില്ല. ദേശവും ഭാഷയും ഒക്കെ തിരിച്ചറിയാനും പ്രയാസം സൃഷ്ടിക്കുന്നു. തൊഴില്‍ ലഭ്യതക്കുറവ് വിദ്യാഭ്യാസക്കുറവ് , സമൂഹത്തില്‍ നിന്നുള്ള അകറ്റി നിര്‍ത്തല്‍, വീട്ടില്‍ നിന്ന് പുറത്താക്കല്‍ ഇവയെല്ലാം ആല്‍ബനിസം വ്യക്തികളെ ഭിക്ഷാടന മാഫിയയുടെ ഇരയാക്കുന്നു.
ഔദ്യോഗിക കൈപ്പുസ്തകവും ആരോഗ്യ നയവും ഇവരെക്കുറിച്ചുള്ള കൃത്യമായ സെന്‍സസും ഒക്കെയുണ്ടായിരുന്നുവെങ്കില്‍ ആല്‍ബിനിസം വ്യക്തികള്‍ തെരുവിലേയ്ക്കും ഭിക്ഷാടനത്തിലേയ്ക്കും എത്തില്ലായിരുന്നുവെന്ന് ആല്‍ബനിസം രോഗിയും ആക്ടിവിസ്റ്റും ചലച്ചിത്ര പ്രവര്‍ത്തകനുമായ ശരത് തേനുമൂല പറഞ്ഞു. ''ഈ വിഷയത്തില്‍ ഏതെങ്കിലും തരത്തിലുള്ള പഠനങ്ങള്‍ നടന്നിട്ടില്ല. ഹെല്‍ത്ത് പോളിസികള്‍ സെന്‍ട്രല്‍ ഗവണ്‍മെന്റ് ആണ് ചെയ്യേണ്ടത്. ആല്‍ബനിസം ഉള്ള കുട്ടികള്‍ ജനിക്കുമ്പോള്‍ പ്രധാനമായും അവരുടെ അമ്മമാര്‍ നേരിടുന്ന സാമൂഹിക പ്രശ്‌നമുണ്ട്. വിദേശീയരായ ആളുകളുടെ കുട്ടിയാണ് എന്ന ആക്ഷേപമാണ് ഇവര്‍ പ്രധാനമായും കേള്‍ക്കേണ്ടി വരുന്നത്. ഇതിനെക്കുറിച്ച് അറിയുന്നവര്‍ പോലും സായിപ്പേ, മദാമ്മേ എന്നാണ് വിളിക്കുക. ട്രാന്‍സ്ജന്‍ഡേഴ്‌സിന്റെ അനുഗ്രഹം വാങ്ങുന്നത് ഭാഗ്യമായി കാണുമ്പോള്‍ ആല്‍ബനിസം ഉള്ള ആളുകളെ പലപ്പോഴും ചെകുത്താന്റെ പ്രതീകം എന്ന നിലയിലാണ് കാണുന്നത്. ആല്‍ബനിസം ഉള്ള കുട്ടികളെ വീടുകളില്‍ നിന്ന് രക്ഷിതാക്കള്‍ തന്നെ സമൂഹത്തിന്റെ സമ്മര്‍ദം മൂലം ഇറക്കിവിടും. ഇതും ഇവരെ ഭിക്ഷാടനത്തിലേയ്ക്ക് എത്തിക്കുന്നതിന് കാരണമാകുന്നു. ആല്‍ബനിസം മാസ്റ്റര്‍ പ്ലാന്‍ ഉണ്ടാക്കണമെന്നതുള്‍പ്പെടെ നിരവധി ആവശ്യങ്ങള്‍ നിരത്ത് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെങ്കിലും പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടായില്ല. തുടര്‍ന്ന് രാഷ്ട്രപതിക്ക് വരെ നേരിട്ട് മെയില്‍ അയച്ചു. ഒരു പരിഹാരവും ഇതുവരെ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല'', ശരത് പറയുന്നു.
വിഷയത്തില്‍ ഗൗരവത്തോടെ ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് 2012ല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും പരിഗണനയില്‍ പോലും വന്നില്ലെന്നുള്ളതാണെന്നതാണ് യാഥാര്‍ഥ്യം. മനുഷ്യാവകാശ പ്രശ്‌നമായിട്ട് പോലും നിങ്ങള്‍ക്ക് ഒരു പ്രശ്‌നമില്ലെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. ആരോഗ്യ വകുപ്പാണ് ഇക്കാര്യത്തില്‍ ഇടപെടല്‍ നടത്തേണ്ടതെന്നും സാമൂഹിക നീതി വകുപ്പാണ് നടപടിയെടുക്കേണ്ടത് അവരും, ഇങ്ങനെ തമ്മില്‍ തര്‍ക്കം നടക്കുന്നതല്ലാതെ ഇക്കാര്യത്തില്‍ മറ്റൊന്നും ഇതുവരെ സംഭവിച്ചിട്ടില്ലെന്നുള്ളതാണ് വാസ്തവം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക