'ബോഡി ബില്‍ഡിങ്ങില്‍ ബിക്കിനി ധരിച്ചൊരു മുസ്ലീം യുവതിയെ സങ്കല്‍പ്പിക്കാനാവുമോ?'; ഈ അഞ്ചു പേരെ അറിയൂ

കേരളത്തിലെ ശരീര സൗന്ദര്യ മത്സരങ്ങള്‍ പുരുഷന്‍മാരുടെ മാത്രം കുത്തകല്ലെന്ന് തെളിയിക്കുകയാണ് ഇന്ന് ഒരു കൂട്ടം വനിതകള്‍
'ബോഡി ബില്‍ഡിങ്ങില്‍ ബിക്കിനി ധരിച്ചൊരു മുസ്ലീം യുവതിയെ സങ്കല്‍പ്പിക്കാനാവുമോ?'; ഈ അഞ്ചു പേരെ അറിയൂ
Updated on

സില്‍ പെരുപ്പിച്ച ശരീരവുമായി ബിക്കിനി അണിഞ്ഞൊരു മുസ്ലീം വനിത. ശരീര സൗന്ദര്യ മത്സര വേദിയില്‍ ഇങ്ങനെയൊരു ചിത്രം ചിന്തിക്കാനാവുമോ? കഴിയണം, മുബീന പി എ നിങ്ങള്‍ക്ക് മുന്നിലുണ്ട്. കുടുംബവും സമൂഹവും ആരോഗ്യ പ്രശ്‌നങ്ങളും മറികടന്നാണ് മുബീന മിസ് ഇന്ത്യ 2024 സെക്കന്‍ഡ് റണ്ണറപ്പ് സ്ഥാനം വരെ നേടി തന്റെതായ ഇടം അടയാളപ്പെടുത്തുന്നത്.

കേരളത്തിലെ ശരീര സൗന്ദര്യ മത്സരങ്ങള്‍ പുരുഷന്‍മാരുടെ മാത്രം കുത്തകല്ലെന്ന് തെളിയിക്കുകയാണ് ഇന്ന് ഒരു കൂട്ടം വനിതകള്‍. പുരുഷന്‍മാരെ പോലെ അത്ര സുഗമമല്ല, ഈ മേഖലയിലെ സ്ത്രീകളുടെ വളര്‍ച്ച എന്നാണ് പ്രതിസന്ധികള്‍ അതിജീവിച്ച് ശരീര സൗന്ദര്യ മേഖലയില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ച മുബീന പി എ, ശ്രേയ അയ്യര്‍, റോസ്മി ബിബിന്‍, ഭൂമിക എസ് കുമാര്‍, അഞ്ജു എസ് എന്നിവര്‍ക്ക് പറയാനുള്ളത്.

Mubeena P A
മുബീന പി എ Special Arrangement

മുബീന പി എ

ബോഡി ബില്‍ഡിങ് ഒരു പാഷന്‍ എന്നതിന് അപ്പുറം തന്റെ ജീവിതം തിരിച്ചുപിടിക്കാന്‍ സഹായിച്ച പ്രൊഫഷനാണെന്നാണ് പി എ മുബീനപറയുന്നത്. ജീവിതവും ആരോഗ്യവും വെല്ലുവിളി നേരിട്ട സമയത്തുനിന്നും ഇന്നത്തെ നേട്ടത്തിലേക്കുള്ള യാത്ര അത്ര സുഗമായിരുന്നില്ലെന്നാണ് 35 കാരിക്ക് പറയാനുള്ളത്. ''ബോഡി ബില്‍ഡിങ് എനിക്ക് ജീവിക്കാനുള്ള ആത്മവിശ്വാസം തന്ന മേഖലയാണ്. അപ്രതീക്ഷിതമായ പ്രശ്‌നങ്ങള്‍ വിവാഹ മോചനമായും, കുടല്‍ ശസ്ത്രക്രിയയിലെ സങ്കീര്‍ണതകളായും ജീവിതത്തെ ബാധിച്ചു. വിവാഹ മോചനത്തിന് പിന്നാലെയാണ് ബോഡി ബില്‍ഡിങ് രംഗത്തേക്ക് എത്തുന്നത്. ചികിത്സാ പിഴവ് ആരോഗ്യത്തെ സാരമായി ബാധിച്ചിരുന്നു. എന്നാല്‍ ഇതിനെ എല്ലാം മറികടന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ബോഡിബില്‍ഡിങ് രംഗത്ത് സജീവമാണ്.''

ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയില്‍ നിന്നും ബോഡിബില്‍ഡിങ് രംഗത്തേക്ക് കടന്നുവന്നപ്പോള്‍ വലിയ എതിര്‍പ്പുകളും പരിഹാസങ്ങളും നേരിട്ടിരുന്നു. '' ബോഡി ബില്‍ഡിങ്ങ് മത്സരങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം കുറയാനുള്ള പ്രധാന കാരണം സമൂഹത്തിന്റെ കാഴ്ചപ്പാടിന്റെ പ്രശ്‌നം കൂടിയാണ്. ബിക്കിനി ധരിക്കാനുള്ള മടിയാണ് പലരെയും പിന്തിരിപ്പിക്കുന്നത്. എന്നാല്‍ ഇതൊന്നും തന്റെ ലക്ഷ്യങ്ങളെ തോല്‍പ്പിക്കാന്‍ ഉതകുന്നതായിരുന്നില്ല'' മുബീന ആത്മവിശ്വാസത്തോടെ പറയുന്നു. ബിക്കിനി ധരിച്ച് മത്സരങ്ങളില്‍ പങ്കെടുക്കുന്ന മുസ്ലീം പെണ്‍കുട്ടി ചിന്തിക്കാവുന്നതില്‍ അപ്പുറമാണെന്ന പരാമര്‍ശത്തിന് പുഞ്ചിരിയാണ് മുബീനയുടെ മറുപടി. കൃത്യമായ ഡയറ്റും വര്‍ക്ക് ഔട്ടുമാണ് തന്റെ ശരീര സൗന്ദര്യത്തിന്റെ രഹസ്യം എന്നും മുബീന പറയുന്നു. ഇത്തവണ മിസ് എറണാകുളം മത്സരത്തില്‍ മെഡല്‍ നേടം സ്വന്തമാക്കിയ മുബീന മിസ് കേരള, ഓപ്പണ്‍ കേരള, സൗത്ത് ഇന്ത്യന്‍ ചാംപ്യന്‍ഷിപ്പ് എന്നിവയിലും മാറ്റുരയ്ക്കും.

Anju S
അഞ്ജു എസ്Special Arrangement

അഞ്ജു എസ്

2020 മുതല്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷം മിസ് കേരള ഫിസിക്, മിസ് തിരുവനന്തപുരം ഫിസിക് 2020 നേട്ടങ്ങള്‍ സ്വന്തമാക്കിയ 28 കാരി അഞ്ജു എസും പതിവ് ചട്ടക്കൂടുകള്‍ മറികടന്നാണ് ബോഡി ബില്‍ഡിങ് രംഗത്ത് മികവ് തെളിയിച്ചത്. 2020 ല്‍ ബോഡി ബില്‍ഡിങ് രംഗത്ത് എത്തുമ്പോള്‍ 36 കിലോ ഗ്രാം മാത്രമായിരുന്നു അഞ്ജുവിന്റെ ശരീരഭാരം. ജീവിത പങ്കാളി നല്‍കിയ പിന്തുണയാണ് ഈ മേഖലയിലെ വളര്‍ച്ചയ്ക്ക് അഞ്ജുവിന് കരുത്തായത്.

പാട്ടുകാരുടെയും നര്‍ത്തകരുടെയും കുടുംബത്തില്‍ നിന്ന് ബോഡി ബില്‍ഡിങ് രംഗത്തേക്കുള്ള വളര്‍ച്ച നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ലെന്ന് അഞ്ജു പറയുന്നു. '' ബോഡി ബില്‍ഡിങ് തിരഞ്ഞെടുത്തപ്പോള്‍ നിരവധി ചോദ്യങ്ങള്‍ നേരിട്ടിരുന്നു. ഡ്രസ് കോഡും, ആരോഗ്യ പ്രശ്‌നങ്ങളുമായിരുന്നു പ്രധാനം. ബോഡി സപ്ലിമെന്റുകള്‍ സ്വീകരിക്കാതെ സ്ത്രീകള്‍ക്ക് ഈ രംഗത്ത് പിടിച്ച് നില്‍ക്കാനാകില്ലെന്ന് വലിയൊരു വിഭാഗം ചിന്തിക്കുന്നു. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന സ്വീകാര്യത സന്തോഷം നല്‍കുന്നതാണ്''

''ബോഡി ബില്‍ഡിങ് മേഖലയിലേക്ക് കൂടുതല്‍ സ്ത്രീകള്‍ കടന്നുവരണം എന്നാണ് ആഗ്രഹിക്കുന്നത്. കാലത്തിന് അനുസരിച്ച മാറ്റം ഈ രംഗത്ത് ഉണ്ടായിട്ടുണ്ട്. വിരലില്‍ എണ്ണാവുന്ന ആളുകള്‍ക്ക് അപ്പുറം കൂടുതല്‍ പേര്‍ ഇപ്പോള്‍ ഈ മേഖല തിരഞ്ഞെടുക്കുന്നു. അവര്‍ക്കാവശ്യമായ പിന്തുണ നല്‍കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്.'' അഞ്ജു വ്യക്തമാക്കുന്നു.

Bhumika S Kumar
ഭൂമിക എസ് കുമാര്‍Special Arrangement

ഭൂമിക എസ് കുമാര്‍

അത്‌ലറ്റിക് സ്വപ്‌നങ്ങളുമായി നടന്ന ഒരു പെണ്‍കുട്ടി, ആരോഗ്യമില്ലെന്ന പേരില്‍ മാറ്റിനിര്‍ത്തപ്പെട്ട ഇടത്തില്‍ നിന്നും തുടങ്ങുന്നതാണ് പാലക്കാട്ടുകാരി ഭൂമിക എസ് കുമാറിന്റെ യാത്ര. ഫാഷന്‍ ടെക്‌നോളജിയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായ 22 കാരി ഇന്ന് ബോഡിബില്‍ഡറായും മികവ് തെളിയിച്ചു കഴിഞ്ഞു. സ്‌കൂളിലെ പി ടി ക്ലാസുകളില്‍ നിന്ന് അകന്നു നിന്നിരുന്ന ഭൂമിക പിന്നീട് ബോഡിബില്‍ഡിങ്ങിലെ സാധ്യത തിരിച്ചറിയുകയായിരുന്നു.

വീട്ടിലെ എതിര്‍പ്പുകള്‍ മറികടന്നാണ് ഭൂമിക ഈ മേഖലയില്‍ മികവ് തെളിയിച്ചത്. ''വസ്ത്രധാരണമായിരുന്നു കുടുംബത്തിന്റെ പ്രധാന പ്രശ്‌നം. സ്പ്ലിമെന്റുകളുടെ ഉപയോഗമായിരുന്നു മറ്റൊന്ന്. ശരീരം മാറിത്തുടങ്ങിയപ്പോള്‍ ശബ്ദത്തിലുള്‍പ്പെടെ മാറ്റം വന്നു. ചിലര്‍ എന്നെ പുരുഷന്‍ എന്ന് പോലും വിളിക്കുന്ന നിലയുണ്ടായി.'' അധിക്ഷേപങ്ങളില്‍ തളരാതിരുന്ന ഭൂമിക മിസ് എറണാകുളം, മിസ് കേരള, രണ്ട് തവണ മിസ് ഇന്ത്യ പട്ടങ്ങളും സ്വന്തമാക്കി കഴിഞ്ഞു. പുരുഷന്‍മാരെ പോലെ സ്‌പോണ്‍സര്‍മാരെ ലഭിക്കുന്നില്ലെന്നതാണ് ഈ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്നെന്നും ഭൂമിക പറയുന്നു.

Rosemy Bibin
റോസ്മി ബിബിന്‍Special Arrangement

റോസ്മി ബിബിന്‍

ജിം ട്രെയ്‌നറില്‍ നിന്നും ബോഡി ബില്‍ഡറിലേക്കുള്ള യാത്രയാണ് 30 കാരിയായ റോസ്മി ബിബിന് പറയാനുള്ളത്. അപ്രതീക്ഷിതമായിട്ടായിരുന്നു ഈ രംഗത്തേക്കുള്ള റോസ്മിയുടെ കടന്നുവരും. ഖത്തറില്‍ ജിം ട്രെയ്‌നറായിരുന്ന റോസ്മിക്ക് ജിം ട്രെയ്‌നര്‍ കൂടിയായ ഭര്‍ത്താവിന്റെ പിന്തുണയാണ് ഈ മേഖയിലെ മുന്നേറ്റത്തിന് വഴിയൊരുക്കിയത്.

എന്നാല്‍ ഈ തീരുമാനം കുടുംബത്തില്‍ വലിയ എതിര്‍പ്പുണ്ടാക്കിയിരുന്നതായും റോസ്മി പറയുന്നു. ഒരു ഓഫീസ് ജോലിക്കാരിയായി താന്‍ ജീവിക്കണം എന്നായിരുന്നു അമ്മയുള്‍പ്പെടെയുള്ളവരുടെ ആഗ്രഹം. ബിരുദ പഠനത്തിന് ശേഷം ജിം ട്രെയ്‌നര്‍ ആകാനുള്ള തീരുമാനം എടുത്ത സമയം കുടുംബത്തിന്റെ പ്രതികരണം ഇപ്പോഴും ഓര്‍ക്കുന്നതായും റോസ്മി പറയുന്നു.

2024 മിസ് എറണാകുളം ജേതാവായ റോസ്മി, വേള്‍ഡ് ഫിറ്റ്‌നസ് ഫെഡറേഷന്‍ മിസ് ഇന്ത്യ ചാംപ്യന്‍ഷിപ്പ് 2024 ഫസ്റ്റ് റണ്ണറപ്പ്, സെക്കന്‍ഡ് റണ്ണറപ്പ് 2024 ഡബ്ല്യൂ എഫ് എഫ് മിസ് കേരള, സെക്കന്‍ഡ് റണ്ണറപ്പ് വുമണ്‍ സ്‌പോര്‍ട്സ് മോഡല്‍ റൗണ്ട്, കേരള ഡെക്കാത്തലോണ്‍ ഓപണ്‍ വുമണ്‍ ഫിസിക് സെക്കന്‍ഡ് റണ്ണറപ്പ് നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്.

Sreeya Iyer
ശ്രേയ അയ്യര്‍Special Arrangement

ശ്രേയ അയ്യര്‍

2018 - മുതലാണ് ശ്രേയ അയ്യര്‍ ബോഡിബില്‍ഡിങ്ങ് മേഖലയില്‍ ശ്രദ്ധേയയാകുന്നത്. പതിവ് വര്‍ക്കൗട്ടുകളില്‍ തുടങ്ങി ബോഡിബില്‍ഡിങ് പാഷനാക്കിയും ജിം ഉടമ എന്നനിലയിലേക്കുള്ള വളര്‍ച്ചയുമാണ് ശ്രേയയുടെ ജീവിതം. ടിവി അവതാരകയായിരുന്നു ശ്രേയ, പിന്നീടാണ് ബോഡി ബില്‍ഡിങ് കരിയറാക്കി മാറ്റുന്നത്. നേരത്തെയുള്ള ജീവിതത്തേക്കാള്‍ കൂടുതല്‍ ബഹുമാനവും സാമ്പത്തിക സ്ഥിരതയും ഈ മേഖല തനിക്ക് തരുന്നുണ്ടെന്നും ശ്രേയ പറയുന്നു.

''വെജിറ്റേറിയന്‍ കുടുംബാംഗം എന്ന നിലയില്‍ നോണ്‍ വെജിറ്റേറിയന്‍ ഡയറ്റിലേക്കുള്ള മാറ്റമായിരുന്നു നേരിട്ട പ്രധാന വെല്ലുവിളി. നിരവധി എതിര്‍പ്പുകള്‍ ഇതിന്റെ പേരില്‍ കേള്‍ക്കാന്‍ ഇടയായി. എന്നാല്‍ എനിക്ക് എന്ത് വേണം എന്ന് ബോധ്യമുണ്ടായിരുന്നു അതാണ് തന്നെ നയിച്ചത്.'' തികഞ്ഞ ആത്മവിശ്വാസത്തോടെ ശ്രേയ വ്യക്തമാക്കുന്നു.

മിസ് സൗത്ത് ഇന്ത്യ 2018, മിസ് തിരുവനന്തപുരം (2018, 19, 20) വിജയങ്ങള്‍ നേടിയിട്ടുള്ള ശ്രേയ നിലവില്‍ കേരള സ്റ്റേറ്റ് ബോഡി ബില്‍ഡിങ് അസോസിയേഷന്റെ വിധികര്‍ത്താവായും പ്രവര്‍ത്തിക്കുന്നു. ബോഡി ബില്‍ഡിങ് ട്രെയിനര്‍ എന്ന നിലയില്‍ പുരുഷന്‍മാരുടെയും പരിശീലകയാണ് ഇപ്പോള്‍ ശ്രേയ. ബോഡി ബില്‍ഡിങ്ങ് രംഗത്തേക്ക് ഇപ്പോള്‍ കൂടുതല്‍ വനിതകള്‍ എത്തുന്നുണ്ടെങ്കിവും മുന്നോട്ടുള്ള യാത്രയില്‍ അവര്‍ക്ക് വേണ്ട സ്‌പോണ്‍സര്‍ഷിപ്പ് ഉള്‍പ്പെടെ വെല്ലുവിളിയായി തുടരുകയാണ് എന്നും ശ്രേയ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com