
കോഴിക്കോട്: ഇസ്ലാമിക പൈതൃകത്തെക്കുറിച്ച് വിക്കിപീഡിയ സംഘടിപ്പിക്കുന്ന ആഗോള ലേഖന രചനാ മത്സരത്തില്‍ ഇടം പിടിച്ച് മലയാളം. വിവിധ ഭാഷകളില്‍ ഇസ്ലാമിക വിഷയങ്ങളെക്കുറിച്ചുള്ള അറിവും അവബോധവും സൃഷ്ടിക്കുക ലക്ഷ്യമിട്ട് 32 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുക്കുന്ന പരിപാടിയിലാണ് മലയാളം ഇടം കണ്ടെത്തിയിരിക്കുന്നത്.
വിക്കിമീഡിയ ഫൗണ്ടേഷന്റെ പിന്തുണയോടെ വിക്കിനോളജ് പാര്‍ക്കാണ് ആഗോള ലേഖന മത്സരം സംഘടിപ്പിക്കുന്നത്. ഇസ്ലാമിക സംസ്‌കാരം, പൈതൃകം, ചരിത്രം എന്നിവയില്‍ ഊന്നിക്കൊണ്ടുള്ള ലേഖനങ്ങളാണ് പരിഗണിക്കപ്പെടുക. മലയാളത്തില്‍ തയ്യാറാകുന്ന ലേഖനങ്ങള്‍ ആഗോള ശ്രദ്ധ നേടും എന്നതാണ് മത്സരത്തിന്റെ പ്രധാന ആകര്‍ഷണം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് എഴുത്തുകാര്‍ പരിപാടിയുടെ ഭാഗമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് മാസം നീണ്ടുനില്‍ക്കുന്നതാണ് രചന മത്സരം. ഇസ്ലാംമത പണ്ഡിതര്‍, പള്ളികള്‍, മറ്റ് ഇസ്ലാമിക വിഷയങ്ങള്‍ എന്നിയെ കുറിച്ചുള്ള രചനകള്‍ ഈ വിഷയത്തിലുള്ള വിക്കിപീഡിയയുടെ ശേഖരം വര്‍ധിപ്പിക്കാന്‍ സഹായിക്കും.
മത്സരം എന്നതിനപ്പുറത്ത് ആളുകളുടെ അഭിരുചി വര്‍ധിപ്പിക്കാന്‍ ഉതകുന്നതാണ് വിക്കിപീഡിയ നല്‍കുന്ന അവസരം എന്നാണ് ഇതുമായി സഹകരിക്കുന്നവരുടെ പ്രതികരണം.'നമ്മുടെ ചരിത്ര, പാരമ്പര്യം എന്നിവയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിരുന്നെങ്കില്‍ എന്ന് പലപ്പോഴും ആഗ്രഹിച്ചിരുന്നു. നമുക്ക് ലഭിക്കാതിരുന്ന വിവരങ്ങള്‍ ഭാവി തലമുറയ്ക്ക് പകര്‍ന്നുനല്‍കാന്‍ സഹായിക്കുന്ന അവസരമാണ് വിക്കിപീഡിയ ഇപ്പോള്‍ നല്‍കുന്നത്' - രചനാ മത്സരവുമായി സഹകരിക്കുന്ന യുഎഇ മലയാളി അക്ബര്‍ അലി പറയുന്നു.
രചനാ മത്സരം വഴി ഇസ്ലാമിക പൈതൃകം സംബന്ധിച്ച വിഷയത്തില്‍ വിവിധ ഭാഷകളിലായി അയ്യായിരത്തില്‍ അധികം പുതിയ ലേഖനങ്ങള്‍ സമാഹരിക്കുകയാണ് പദ്ധതിയിലൂടെ വിക്കിപീഡിയ ലക്ഷ്യമിടുന്നത്. മികച്ച ലേഖനങ്ങള്‍ക്ക് പുരസ്‌കാരവും നല്‍കുന്നു. എന്നാല്‍ തങ്ങള്‍ പങ്കുവയ്ക്കുന്ന വിവരങ്ങള്‍ളുടെ ആഗോള സ്വീകാര്യതയാണ് എഴുത്തുകാര്‍ക്ക് ലഭിക്കാവുന്ന യഥാര്‍ത്ഥ പ്രതിഫലമെന്നും വിക്കിപീഡിയ വിശദീകരിക്കുന്നു.
വിക്കിപീഡിയക്ക് പുറത്ത് വിക്കിബുക്കുകള്‍, വിക്കിവോയേജ് പോലുള്ള പ്ലാറ്റ്ഫോമുകളും പദ്ധതിയുമായി സഹകരിക്കുന്നുണ്ട് എന്നതും എഴുത്തുകാര്‍ക്ക് പുതിയ ലോകം തുറന്നുനല്‍കുന്നു. ഇസ്ലാമിക പണ്ഡിതര്‍, വാസ്തുവിദ്യ തുടങ്ങിയവയെ കുറിച്ചുള്ള പുതിയ ലേഖനങ്ങള്‍ ഈ മേഖലയിലെ തുടര്‍പഠനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാവുമെന്നാണ് വിലയിരുത്തല്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക