
പത്തനംതിട്ട: മുന്തിയ ഇനം മദ്യങ്ങള്‍ക്ക് പ്രതീക്ഷിക്കുന്നതിലും അപ്പുറമായിരിക്കും വില. വില കൂടുന്നതിന് അനുസരിച്ച് ഏവരെയും ആകര്‍ഷിക്കുന്ന തരത്തില്‍ മദ്യക്കുപ്പിയുടെ ഡിസൈനിലും വലിയ മാറ്റങ്ങള്‍ ഉണ്ടാവും. 10 ലക്ഷം രൂപയിലധികം വിലവരുന്ന ഉയര്‍ന്ന നിലവാരമുള്ള ഒരു വിസ്‌കിയുടെ കുപ്പി രൂപകല്‍പ്പന ചെയ്യുന്നത് അതിനുള്ളിലെ മദ്യം പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്.
മുന്തിയ ഇനം മദ്യക്കുപ്പികളുടെ ഡിസൈന്‍ വിരുതില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ച വെച്ചിരിക്കുകയാണ് ദുബായില്‍ താമസിക്കുന്ന ഒരു മലയാളി. ടോണിറ്റ് ആന്റ് കമ്പനിയുടെ സ്ഥാപകനും ക്രിയേറ്റീവ് ഡയറക്ടറുമായ ടോണിറ്റ് തോമസ് ആണ് ആ മലയാളി ഡിസൈനര്‍. കൃത്യത, സര്‍ഗ്ഗാത്മകത, മദ്യത്തെ കുറിച്ചുള്ള ആഴത്തിലുള്ള ധാരണ എന്നിവ ആവശ്യമുള്ള ഒരു കലയാണ് വിസ്‌കി കുപ്പി രൂപകല്‍പ്പന.
പത്തനംതിട്ടയിലെ റാന്നിയില്‍ നിന്നുള്ള ടോണിറ്റ് തോമസിന് ഡിസൈനിങ് മേഖലയില്‍ ഏകദേശം 27 വര്‍ഷത്തെ പരിചയമുണ്ട്. ഉയര്‍ന്ന നിലവാരമുള്ള മദ്യ ബ്രാന്‍ഡുകള്‍ക്കപ്പുറം ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍, സമ്മര്‍ സര്‍പ്രൈസ്, പെട്രോളിയം കമ്പനികളായ ഇഎന്‍ഒസി, ഇപിസിഒ എന്നിവയുള്‍പ്പെടെയുള്ള ബ്രാന്‍ഡ് വികസന സംരംഭങ്ങളിലേക്കും അദ്ദേഹത്തിന്റെ കരവിരുത് വ്യാപിച്ചു.
അമൃത് ഡിസ്റ്റിലറീസ് അതിന്റെ 75-ാം വാര്‍ഷികത്തിനോടനുബന്ധിച്ച് പുറത്തിറക്കിയ സിംഗിള്‍ മാള്‍ട്ട് വിസ്‌കിയായ 'എക്സ്പെഡിഷന്‍' കുപ്പിയുടെ രൂപകല്‍പ്പനയോടെ, ടോണിറ്റ് തോമസിന്റെ കരകൗശല വൈദഗ്ദ്ധ്യം തെളിഞ്ഞു. സിംഗിള്‍-മാള്‍ട്ട് വിസ്‌കിയായ എക്‌സ്‌പെഡിഷനിന്റെ 75 കുപ്പികള്‍ മാത്രമാണ് വിപണിയില്‍ എത്തിയത്. ഓരോന്നിനും 10 ലക്ഷത്തിലധികം രൂപ വിലവരും. കുപ്പിയുടെ രൂപകല്‍പ്പനയ്ക്കായി മാത്രം കമ്പനി ഏകദേശം 23.5 ലക്ഷം രൂപയാണ് ചെലവഴിച്ചത്.
അമൃതിന്റെ മാസ്റ്റര്‍ ഡിസ്റ്റിലറായ അശോക് ചോക്കലിംഗത്തിന്റെ മുന്‍കൈയില്‍, 'എക്‌സ്‌പെഡിഷന്റെ' രൂപകല്‍പ്പന പ്രക്രിയ രണ്ട് വര്‍ഷത്തിലേറെ നീണ്ടുനിന്നു. 'കുപ്പി രൂപകല്‍പ്പന ചെയ്യാന്‍ ഞങ്ങള്‍ ആറ് മാസത്തിലധികം എടുത്തു. സ്‌കോട്ട്‌ലന്‍ഡില്‍ നിന്നുള്ള ഗ്ലെന്‍കെയ്ന്‍ ക്രിസ്റ്റല്‍ ഉപയോഗിച്ചു. അവര്‍ ഗ്ലാസില്‍ ബ്രാന്‍ഡ് നാമം കൊത്തിവച്ചു,'- ടോണിറ്റ് തോമസ് പറയുന്നു. അമൃത് ഡിസ്റ്റിലറീസ് സ്ഥാപകന്‍ ജെ എന്‍ രാധാകൃഷ്ണന് സമര്‍പ്പിച്ച കുപ്പികള്‍ പ്രീ-ബുക്കിങ് ഘട്ടത്തില്‍ തന്നെ വിറ്റുതീര്‍ന്നു.
മധ്യ തിരുവിതാംകൂറിലെ ഒരു കുന്നിന്‍ പ്രദേശത്തെ ഒരു കുഗ്രാമത്തിലാണ് ടോണിറ്റിന്റെ ബാല്യകാലം. ചെറുപ്പത്തില്‍ കലയിലും രൂപകല്‍പ്പനയിലും ടോണിറ്റ് താല്പര്യം പ്രകടിപ്പിച്ചു. കലാപ്രേമികളായ അദ്ദേഹത്തിന്റെ മൂത്ത സഹോദരനും അച്ഛനും അദ്ദേഹത്തിന്റെ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതില്‍ വലിയ പ്രോത്സാഹനം നല്‍കി.
സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം, തിരുവനന്തപുരത്തെ കോളജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ നിന്ന് ബിരുദം നേടിയ അദ്ദേഹം പിന്നീട് പരസ്യ രംഗത്തേയ്ക്ക് കടന്നു. ഇന്ത്യയിലെ സാച്ചി & സാച്ചി, ഗ്രേ വേള്‍ഡ്വൈഡ് തുടങ്ങിയ ഏജന്‍സികളില്‍ സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് 2002-ല്‍ ദുബായിലേക്ക് അദ്ദേഹം താമസം മാറ്റി. ഇത് അദ്ദേഹത്തിന്റെ കരിയറിലെ വഴിത്തിരിവായി മാറി. ബിപിജിയിലെ ക്രിയേറ്റീവ് ഡയറക്ടര്‍ എന്ന നിലയില്‍, ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ പോലുള്ള ഐക്കണിക് ബ്രാന്‍ഡുകളെ രൂപപ്പെടുത്തുന്നതില്‍ ടോണിറ്റ് നിര്‍ണായക പങ്ക് വഹിച്ചു.
2008-ല്‍, ജോലി ഉപേക്ഷിച്ച് ടോണിറ്റ് ഡിസൈന്‍ എന്ന പേരില്‍ സ്വന്തം ഡിസൈന്‍ സ്ഥാപനം ആരംഭിക്കാന്‍ ടോണിറ്റ് തീരുമാനിച്ചു. ഒരു ചെറിയ ഗസ്റ്റ് ബാത്ത്‌റൂമില്‍ നിന്ന് പ്രവര്‍ത്തിച്ച അദ്ദേഹം കമ്പനിയെ ഒരു പ്രശസ്ത ബ്രാന്‍ഡാക്കി വളര്‍ത്തി. മൊണാക്കോയിലെ ഇന്റര്‍നാഷണല്‍ ലക്ഷ്വറി അവാര്‍ഡ് പോലുള്ള അംഗീകാരങ്ങള്‍ നേടി.
അദ്ദേഹത്തിന്റെ നേതൃത്വപരമായ കഴിവുകളും സൃഷ്ടിപരമായ കാഴ്ചപ്പാടും അദ്ദേഹത്തിന് നിരവധി അംഗീകാരങ്ങള്‍ നേടിക്കൊടുത്തു. 2011, 2013, 2019 വര്‍ഷങ്ങളില്‍ ദുബായിലെ മികച്ച 100 ചെറുകിട കമ്പനികളുടെ സിഇഒമാരില്‍ ഒരാളായി അദ്ദേഹം ഇടം നേടി. ആശയവിനിമയ തന്ത്രത്തിലെ അദ്ദേഹത്തിന്റെ വൈദഗ്ദ്ധ്യം കോവിഡ് വാക്‌സിനേഷന്‍ കാമ്പെയ്നില്‍ നിര്‍ണായക പങ്ക് വഹിച്ചു.
2024 സെപ്റ്റംബറില്‍, ടോണിറ്റ് ഡിസൈന്‍ ജിപി ഗ്രൂപ്പ് ഏറ്റെടുത്തു. ഇത് ടോണിറ്റിന്റെ ജീവിതത്തില്‍ വലിയ വഴിത്തിരിവായ്ത. അതിനുശേഷം ടോണിറ്റ് ഒരു ബ്രാന്‍ഡിങ്, ഡിസൈന്‍ സ്ഥാപനമായ ടോണിറ്റ് & കോ ആരംഭിച്ചു.
ഒന്നിലധികം ബിസിനസ്സ് സംരംഭങ്ങള്‍ ആണ് ഇതിന് കീഴില്‍ വരുന്നത്. ദുബായിലെ കളേഴ്സ് ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മെന്റര്‍ കൂടിയാണ് അദ്ദേഹം. കലയും രൂപകല്‍പ്പനയും പ്രോത്സാഹിപ്പിക്കുന്ന ഒരു പ്ലാറ്റ്ഫോമായ ആര്‍ട്രിയുടെ സഹസ്ഥാപകനുമാണ് അദ്ദേഹം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക