പ്രായമൊക്കെ വെറും നമ്പറല്ലേ! ഒറ്റയ്ക്കല്ല, ഇനി 'സല്ലാപം' സുഹൃത്തുണ്ട് കൂടെയുണ്ട്

മുതിര്‍ന്ന പൗരന്മാര്‍ക്കും പുറം ലോകത്തിനും ഇടയിലുള്ള വിടവ് നികത്തുന്നതിനായാണ് സംസ്ഥാന സാമൂഹിക നീതി വകുപ്പിന്റെ 'സല്ലാപം' പദ്ധതി ലക്ഷ്യമിടുന്നത്.
Sallapam
Sallapamപ്രതീകാത്മക ചിത്രം
Updated on
2 min read

തിരുവനന്തപുരം: കമലമ്മയുടെ അപ്പാര്‍ട്‌മെന്റിലെത്തിയപ്പോള്‍ ആകെ ഒരു നിശബ്ധത. ഏകാന്ത ജീവിതത്തിന്റെ ഓര്‍മപ്പെടുത്തലിന് മറ്റൊന്നും വേണ്ട. പങ്കാളിയെ നഷ്ടമായിട്ട് ഒന്നും രണ്ടുമല്ല 15 വര്‍ഷമായി. നഷ്ടപ്പെടലിന്റെ ആ വേദന അന്നും ഇന്നും അതുപോലെ തന്നെ. 75 വയസായി. വിദേശത്തുള്ള മക്കള്‍ പതിവായി വിളിക്കും. അതൊന്നും കൂടെ ഒരാള്‍ ഇല്ലാത്തതിന് പകരമാവില്ലല്ലോ...വേലക്കാരിയുടെ സന്ദര്‍ശനമാണ് ആകെയുള്ള ആശ്വാസം. കമലമ്മയെ പോലെ ഒറ്റപ്പെടല്‍ അനുഭവിക്കുന്ന നിരവധി മുതിര്‍ന്ന പൗരന്‍മാരുണ്ട്. കമലമ്മയെപ്പോലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും പുറം ലോകത്തിനും ഇടയിലുള്ള വിടവ് നികത്തുന്നതിനായാണ് സംസ്ഥാന സാമൂഹിക നീതി വകുപ്പിന്റെ 'സല്ലാപം' (Sallapam)പദ്ധതി ലക്ഷ്യമിടുന്നത്.

സാമൂഹിക നീതി മന്ത്രി ആര്‍ ബിന്ദു ആണ് അടുത്തിടെ ഈ പദ്ധതിയെക്കുറിച്ച് പ്രഖ്യാപനം നടത്തുന്നത്. പരിശീലനം ലഭിച്ച സാമൂഹിക പ്രവര്‍ത്തകരെ മുതിര്‍ന്ന പൗരന്മാരുടെ 'ഫോണ്‍ സുഹൃത്തുക്കളായി' മാറുന്നതാണ് പദ്ധതി. അവരെ കേട്ടിരിക്കാനും അനുകമ്പയോടെ പെരുമാറാനും ഒരാള്‍ ഉണ്ടെന്ന് ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. 'സല്ലാപം' എന്നാണ് പദ്ധതിയുടെ പേര്. എല്‍ഡര്‍ലൈന്‍ പദ്ധതിയുമായി ചേര്‍ന്നാണ് സല്ലാപം പദ്ധതി പ്രവര്‍ത്തിക്കുക. എല്‍ഡര്‍ലൈന്‍ ഹെല്‍പ്പ്ലൈന്‍ നമ്പറായ 14567ലൂടെയാണ് ആളുകള്‍ക്ക് വിളിക്കാന്‍ കഴിയുക. ഇതുവഴി കൂടുതല്‍ മാനസിക-സാമൂഹിക പിന്തുണ ആവശ്യമുള്ളവര്‍ക്ക് പിന്തുണ നല്‍കാന്‍ ടെലി കൗണ്‍സിലര്‍മാര്‍ക്ക് കഴിയും.

'എല്‍ഡര്‍ലൈനില്‍ പ്രതിദിനം ഏകദേശം 500 കോളുകള്‍ ഞങ്ങള്‍ക്ക് ലഭിക്കുന്നു, മുതിര്‍ന്ന പൗരന്മാര്‍ നേരിടുന്ന അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. എങ്കിലും, തങ്ങളുടെ ഏകാന്തത ഇല്ലാതാക്കാന്‍ വേണ്ടി മാത്രം വിളിക്കുന്ന നിരവധി വയോധികരുണ്ട്. സല്ലാപം പദ്ധതി അവര്‍ക്കുവേണ്ടിയാണ്,' വകുപ്പ് ഡയറക്ടര്‍ അരുണ്‍ എസ് നായര്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

സോഷ്യല്‍ വര്‍ക്ക് മാസ്റ്റര്‍ (എംഎസ്ഡബ്ല്യു) വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്താനും എല്‍ഡര്‍ലൈന്‍ സ്റ്റാഫ് വഴി അവര്‍ക്ക് പരിശീലനം നല്‍കാനും വകുപ്പ് പദ്ധതിയിടുന്നു. മാനസിക-സാമൂഹിക പിന്തുണ ആവശ്യമുള്ള മുതിര്‍ന്ന പൗരന്മാരുടെ വിവരങ്ങള്‍ വിദ്യാര്‍ത്ഥി വൊളണ്ടിയര്‍മാര്‍ക്ക് നല്‍കും. അവര്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ അവരുടെ സൗകര്യത്തിനനുസരിച്ച് അവരെ ബന്ധപ്പെടും. മുഴുവന്‍ പ്രവര്‍ത്തനവും എല്‍ഡര്‍ലൈന്‍ നിരീക്ഷിക്കും.

'ഈ പദ്ധതി പ്രായമായവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ പ്രയോജനകരമാകും. യുവാക്കളുമായി പതിവായി ഇടപഴകുന്നതോടെ മുതിര്‍ന്ന പൗരന്മാരുടെ മാനസികവും വൈകാരികവുമായ ക്ഷേമം മെച്ചപ്പെടും. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ വൈദഗ്ദ്ധ്യം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രായോഗിക അനുഭവത്തിനും ഇത് പ്രയോജനപ്പെടും,' അരുണ്‍ എസ് നായര്‍ വിശദീകരിച്ചു.

സംസ്ഥാനത്തെ ജനസംഖ്യയുടെ 16-18% മുതിര്‍ന്ന പൗരന്മാരാണെന്നും ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, 2036 ആകുമ്പോഴേക്കും ഇത് 23% ആകുമെന്നും പ്രതീക്ഷിക്കുന്നു.

ഏകാന്തത പ്രായമായവരുടെ മാനസികാരോഗ്യത്തെ മാത്രമല്ല ബാധിക്കുന്നത്, അവരുടെ പ്രതിരോധശേഷി കുറയ്ക്കുകയും ചെയ്യുന്നുവെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നത്. ഇത് അവരുടെ ഓര്‍മശക്തി, ചിന്ത, സാമൂഹിക കഴിവുകള്‍ എന്നിവയെ ബാധിക്കുന്നതിനൊപ്പം വിവിധ രോഗങ്ങള്‍ക്ക് ഇരയാക്കുകയും ചെയ്യുന്നു.

'പ്രായമായവരില്‍ ഡിമെന്‍ഷ്യയിലേക്ക് നയിക്കുന്ന മൂന്ന് പ്രധാന ഘടകങ്ങളില്‍ ഒന്നാണ് സാമൂഹിക ഒറ്റപ്പെടല്‍ എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അവരില്‍ പലരും ഉപേക്ഷിക്കപ്പെടുമെന്ന ഭയവും ഒറ്റപ്പെടലില്‍ മരണവും അനുഭവിക്കുന്നു. ഈ ഉത്കണ്ഠകള്‍ ലഘൂകരിക്കാന്‍ ഒരു ഫോണ്‍ സുഹൃത്തിന് വലിയ അളവില്‍ സഹായിക്കാനാകും,' തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സൈക്യാട്രി പ്രൊഫസര്‍ അരുണ്‍ ബി നായര്‍ പറഞ്ഞു. സ്വിറ്റ്‌സര്‍ലന്‍ഡ് പോലുള്ള രാജ്യങ്ങളില്‍ നടപ്പിലാക്കിയിട്ടുള്ള 'ടൈം-ബാങ്ക്' ആശയം അവതരിപ്പിക്കണമെന്ന് അഭിപ്രായമുള്ളവരുമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com