
മണിക്കൂറുകള്‍ നീണ്ട അധ്യയന സമയത്തെ വിരസത മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് കേരളത്തിലെ സ്‌കൂളുകളില്‍ സൂംബ പരിശീലനം പ്രഖ്യാപിച്ചത്. ആഗോള ലഹരി വിരുദ്ധ ദിനത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ സൂംബ നടപ്പാക്കിയതിന് പിന്നാലെ വലിയ വിവാദങ്ങളാണ് കേരളത്തില്‍ ഉയര്‍ന്നത്. വിദ്യാര്‍ഥികളുടെ ഊര്‍ജ്ജസ്വലത വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് വിഭാവനം ചെയ്ത പദ്ധതി സദാചാര പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എതിര്‍പ്പ് ഉയര്‍ന്നത്. എന്നാല്‍, ഒരു വശത്ത് വിമര്‍ശനം ഉയരുമ്പോള്‍ മറ്റൊരു വശത്ത് സ്‌കൂളിലെ കുട്ടികള്‍ക്ക് സൂംബ മാത്രം പോര ഉച്ചയുറക്കം കൂടി വേണമെന്ന് പറയുകയാണ് സോഷ്യല്‍ മീഡിയ.
മാറിയ കാലത്തിന് അനുസരിച്ച് പാഠ്യപദ്ധതി പരിഷ്‌കരണത്തിന് ഒപ്പം കുട്ടികളിലെ സമ്മര്‍ദ്ദം കുറക്കാന്‍ കായിക വിനോദങ്ങള്‍ക്ക് മാറ്റിവക്കണം എന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് എന്ന ആശയം മുന്നോട്ട് വച്ചത്. നീണ്ട സ്‌കൂള്‍ സമയത്തിന്റെ സമ്മര്‍ദം പേറി കുട്ടികള്‍ വീടുകളിലേക്ക് പോകുന്നത് ഒഴിവാക്കാം. ഇതിനായി സ്‌കൂളിലെ അവസാന അര മണിക്കൂര്‍ സുംബാ ഡാന്‍സ് അടക്കമുള്ള കായിക വിനോദങ്ങള്‍ക്ക് നിക്കിവയ്ക്കാം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ സൂംബ നടപ്പിലാക്കിയപ്പോള്‍ വിവാദം ഉയരുകയായിരുന്നു.
ഈ സമയത്ത് വീണ്ടും ചര്‍ച്ചയില്‍ വരികയാണ് ചൈനയിലെ സ്‌കൂളുകളില്‍ പകല്‍ സമയത്ത് വിദ്യാര്‍ഥികള്‍ക്ക് ഉറങ്ങാനുള്ള സമയം അനുവദിച്ച വാര്‍ത്തകള്‍. ആഗോള തലത്തില്‍ നേരത്തെ തന്നെ ഈ വാര്‍ത്തകള്‍ പ്രാധാന്യം നേടിയിരുന്നു. ദൈര്‍ഘ്യമേറിയ അധ്യയന സമയത്തെ വിരസത മാറ്റാന്‍ ഉറക്കം മികച്ച ഉപാധിയാണെന്ന വിലയിരുത്തലാണ് കുട്ടികള്‍ക്കായി പകല്‍ ഇത്തരം സമയം അനുവദിക്കാന്‍ കാരണമായത്. സമാന ലക്ഷ്യമാണ് സൂംബ നടപ്പാക്കുന്നതിലൂടെയും മുന്നോട്ട് വയ്ക്കുന്നത് എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നത്.
പത്ത് മണിക്കൂറോളമാണ് ചൈനയിലെ അധ്യയന സമയം. രാവിലെ ഏഴ് മണിക്ക് തുടങ്ങി വൈകുന്നേരം അഞ്ച് വരെ നീളുന്ന സ്‌കൂള്‍ സമയത്തിനിടയിലെ കുട്ടികളുടെ ക്ഷീണം അകറ്റുക എന്നതാണ് ഉറക്കം ഇടവേകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ സമയം കുട്ടികളെ നിര്‍ബന്ധിച്ച് ഉറക്കുന്നതല്ല ചൈനയിലെ പതിവ്, മറിച്ച് ഉറക്കം ദിനചര്യയുടെ ഭാഗമാക്കി മാറ്റുക എന്ന രീതിയാണ് പ്രോത്സാഹിപ്പിക്കപ്പെടുന്നത്.
മുതിര്‍ന്നവരെപ്പോലെ കുട്ടികള്‍ക്കും മനസ്സിനെയും ശരീരത്തെയും റീചാര്‍ജ് ചെയ്യാന്‍ ഇടവേളകള്‍ ആവശ്യമാണെന്ന തിരിച്ചറിവും ഈ രീതി പ്രോത്സാഹിപ്പിക്കുന്നു. ചെറിയ ഉറക്കത്തിന് ശേഷം പഠനത്തിലേക്ക് മടങ്ങുന്ന വിദ്യാര്‍ഥികള്‍ കൂടുതല്‍ ഉന്മേഷത്തോടെ കാണപ്പെടുകയും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്ന വിധം പ്രവര്‍ത്തിക്കുകയും ചെയ്യുന്നു എന്നാണ് വിലയിരുത്തല്‍. ശരീരത്തിലെ ഊര്‍ജ്ജം നിലനിര്‍ത്താന്‍ ഉറക്കം പ്രധാനമാണെന്ന് ചൈനക്കാര്‍ പണ്ട് മുതലേ വിശ്വസിച്ച് പോരുകയും ചെയ്യുന്നു.
ചൈനയിലെ ഉറക്ക രീതിയുള്‍പ്പെടെ വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ സ്‌കൂളുകളിലെ ഈ രീതി എന്ത് കൊണ്ട് മറ്റിടങ്ങളിലേക്ക് വ്യാപിപ്പിച്ച് കൂടെന്ന നിലയിലുള്ള ചര്‍ച്ചകളും സജീവമാണ്. വിദ്യാര്‍ത്ഥികളുടെ പ്രകടനവും മാനസികാരോഗ്യവും മെച്ചപ്പെടുത്തുക എന്നതാണ് വിദ്യാഭ്യാസം എന്നത് കൊണ്ട് ലക്ഷ്യമിടുന്നത്. പഠന സമയത്തിനിടയില്‍ മുന്‍കൂട്ടിയുള്ള വിശ്രമ, കായിക വിനോദ സമയങ്ങള്‍ ഉള്‍പ്പെടുത്തുന്നത് വിദ്യാര്‍ഥികളുടെ ഗുണമേന്മ വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന നിലയിലുള്ള ചര്‍ച്ചകളും സജീവമാണ്.
Chinese sleep habits and kerala zumba controversy
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates