അണ്ടര്‍ടേക്കറെ അറിയുമെങ്കില്‍ യുവര്‍ ചൈല്‍ഡ്ഹുഡ് വാസ് ഓസം!

അണ്ടര്‍ടേക്കറെ അറിയുമെങ്കില്‍ യുവര്‍ ചൈല്‍ഡ്ഹുഡ് വാസ് ഓസം!

ചുറ്റും അന്ധകാരം. എവിടെനിന്നൊക്കെയോ കടും നീല നിറത്തിലുള്ള ലൈറ്റുകള്‍ മിന്നിക്കൊണ്ടിരിക്കുന്നു. അതിനിടയില്‍ പള്ളിമണിയുടെ ശബ്ദവും. പേടി കാലില്‍ നിന്നും തലച്ചോറിലേക്ക് പ്രവഹിച്ചുകൊണ്ടേയിരിക്കുന്നു. മണിമുഴക്കം മനസ്സില്‍ വലിയ ഒരാഘാതത്തോടെ ആഞ്ഞടിക്കുന്ന പോലെ തോന്നും. അതു അയാളുടെ രംഗപ്രവേശമാണെന്ന വ്യക്തമായ ബോധ്യമുണ്ടെങ്കിലും ചെറിയൊരു ആകുലത ഉള്ളില്‍ കിടന്നു പിടയും.

അയാളുടെ മുഖം ഒരിക്കലും ആദ്യം കാണിക്കില്ല. അലക്ഷ്യമായി നീണ്ട മുടികളും, വെള്ള നിറത്തിലുള്ള കണ്ണുകളും വട്ടത്തൊപ്പിയും നീളന്‍ കോട്ടുമായി ആദ്യം വന്നു നില്‍ക്കും. എല്ലാവരോടും അയാള്‍ക്ക് ദേഷ്യമാണെന്ന് അയാളുടെ കണ്ണുകള്‍ പറയും. അങ്ങനെ കാണികളുടെ ആര്‍പ്പുവിളികളിലേക്ക് ഊളിയിടും. അതിനിടയില്‍ എവിടെ നിന്നോ കേള്‍ക്കാം. ദി അണ്ടര്‍ ടേക്കര്‍! ഈ വാക്കുണ്ടാക്കുന്ന ഒരു പഞ്ച് എത്ര എഴിതിയാലും മനസിലാകില്ല. കേള്‍ക്കുക തന്നെ വേണം. റസല്‍മാനിയയിലെ ഇതിഹാസ താരമായ അണ്ടര്‍ടേക്കറിനെ കുറിച്ചാണ് പറയുന്നത്. അങ്ങേര് തല്ല് നിര്‍ത്തിയെന്ന് പ്രഖ്യാപിച്ചതാണ് നമ്മുടെ കുട്ടിക്കാല ഹീറോയെ വീണ്ടും ഓര്‍മിക്കാന്‍ കാരണം.

ഒരു തവണ പോലും ചിരിക്കുന്നത് കണ്ടിട്ടില്ലെങ്കിലും അയാള്‍ ജയിക്കുന്നത് കാണാനായിരുന്നു എനിക്ക് താല്‍പ്പര്യം. ഒരു പക്ഷെ ഗ്രീന്റൂമില്‍ ഇരുന്ന് മറ്റുള്ള താരങ്ങള്‍ തന്ത്രങ്ങളും കുതന്ത്രങ്ങളും പയറ്റുമ്പോള്‍ അണ്ടര്‍ടേക്കറിനെ ആ പരിസരത്തൊന്നും കാണാറില്ല. മാസായി വന്ന് മരണ മാസായി തിരിച്ചു പോകുന്ന അണ്ടര്‍ടേക്കറിനെ മാത്രമേ എനിക്ക് ഓര്‍മയൊള്ളൂ. 

എന്റെ ചെറുപ്പത്തില്‍ ടെന്‍ സ്‌പോര്‍ട്‌സ് ചാനല്‍ ഇതിനുള്ളതായിരുന്നുവെന്ന് വരെ ഞങ്ങള്‍ കൂട്ടം കൂടിയിരുന്നു പറയുമായിരുന്നു. അപ്പോഴും ചിലര്‍ക്ക് റോക്കിനെയാകും താല്‍പ്പര്യം. ചിലര്‍ക്ക് കേനിനെ. പിന്നെ വന്നതാണ് ജോണ്‍ സീനയും മറ്റുമെന്നാണ് എനിക്ക് തോന്നുന്നത്. കുട്ടിക്കാലം കഴിയുന്നതില്‍ പിന്നെ റസില്‍മാനിയ പോയിട്ട് ആ ചാനല്‍ തന്നെ കാണാറില്ല. അന്ന് ട്രിപ്പിള്‍ എച്ച്, റോക്ക്, കേന്‍, റെയിമിസ്റ്റീരിയോ, ഷോണ്‍മൈക്കിള്‍ തുടങ്ങിയവരായിരുന്നു എന്റെ സുഹൃത്തുക്കളുടെ ഹീറോസ്. അണ്ടര്‍ടേക്കര്‍ ജയിക്കുന്നത് അയാളുടെ ആരാധകനായിരുന്ന എന്നെപോലെ അയാളുടെ ആരാധകരല്ലാത്ത എന്റെ സുഹൃത്തുക്കള്‍ക്കും താല്‍പ്പര്യമുണ്ടെന്നാണ് ഞാന്‍ മനസിലാക്കിയത്. അതെന്താകുമെന്ന് ഞാന്‍ കുറെ അലോചിച്ചിരുന്നു. ഒരുപക്ഷെ അണ്ടര്‍ടേക്കര്‍ തന്നെയായിരിക്കാം ഞങ്ങളുടെ എല്ലാവരുടെയും വലിയ ഹീറോ. പറയുമ്പോ എനിക്ക് റോക്കിനെയാണെന്നും ട്രിപ്പിള്‍ എച്ചിനെയാണെന്നുമൊക്കെ വെറും തള്ളായിരിക്കാം. 

റസല്‍ മാനിയ വിപണിയെ കുറിച്ചോ താരങ്ങളുടെ അഭിനയത്തെ കുറിച്ചോ എനിക്ക് പറയാന്‍ താല്‍പ്പര്യമില്ല. കാരണം, ശവപ്പെട്ടിയില്‍ നിന്നും, മണ്ണിനടിയില്‍ നിന്നും അയാള്‍ ഉയര്‍ത്തെഴുന്നേറ്റ് വന്ന് കോരിത്തരിപ്പിച്ച അത്രയൊന്നും ഒരു നായകനും നായികയും ഇതുവരെ ആ പറഞ്ഞ തരിപ്പുണ്ടാക്കിയിട്ടില്ല. അത് അവിടത്തന്നെ ഇരിക്കാനാണ് എനിക്ക് താല്‍പ്പര്യം. 

പണി നിര്‍ത്തുകയാണെന്ന് കുറെ കാലമായി അവിടെയും ഇവിടെയുമൊക്കെയായി കാണാറുണ്ട്. അണ്ടര്‍ടേക്കറായതിനാല്‍ തന്നെ ലിങ്ക് ആദ്യം ഒന്നു ക്ലിക്ക് ചെയ്ത് ഇന്‍ട്രോ മാത്രം വായിച്ചു നോക്കും. അതും ചെലപ്പോ. ഈയടുത്ത് അതുപോലൊരണ്ണം വായിച്ചിരുന്നു. വയസായി പണി നിര്‍ത്തിക്കൂടെടോ എന്ന് ആരാധകര്‍ ചോദിക്കുന്ന രീതിയിലാണ് ലേഖനം. രസമുണ്ട്. പറഞ്ഞതില്‍ കാര്യവുമുണ്ട്. 52 വയസുകാരനായ അണ്ടര്‍ടേക്കര്‍ക്ക് റസില്‍മാനിയയില്‍ പ്രായം വലിയ തിരിച്ചടിയാണ്. അതു അങ്ങേര്‍ക്കും മനസിലായിക്കാണും. 

അവസാന മത്സരത്തില്‍ റോമന്‍ റെയിന്‍സിനോടേറ്റ തോല്‍വിക്ക് ശേഷം ദ ഫിനം എന്നറിയിപ്പെടുന്ന അണ്ടര്‍ടേക്കര്‍ തന്റെ ഗിയറുകള്‍ റിങിന്റെ മധ്യത്തില്‍ ഉപേക്ഷിച്ച് ഒന്നുംമിണ്ടാതെ ഇറങ്ങിപ്പോയി. 1990ല്‍ റസല്‍മാനിയയില്‍ ചേര്‍ന്ന് അണ്ടര്‍ടേക്കര്‍ 27 വര്‍ഷംകൊണ്ട് റെസ്ലിംഗ് പ്രേമികള്‍ക്കിടയില്‍ ചിരപ്രതിഷ്ഠ നേടി. വികരാനിര്‍ഭരമായിരുന്നു ഫൈനല്‍ മത്സരം.

റെയിന്‍സില്‍ നിന്നും ആവശ്യത്തിന് ഇടികൊണ്ട അണ്ടര്‍ടേക്കര്‍ (അണ്ടു എന്ന് സ്‌നേഹത്തോടെ വിളിക്കണമെന്നുണ്ട്

) എണീക്കാന്‍ കുറച്ചു സമയമെടുത്തു. ഇതിനിടയില്‍ ക്യാമറ സ്‌റ്റേഡിയത്തെ ചുറ്റി. അവരുടെ ആരാധ്യപാത്രത്തിന് വേണ്ടി കാണികള്‍ ആര്‍ത്തു വിളിച്ചു. 


അതിനുശേഷം എണീറ്റ അണ്ടര്‍ടേക്കര്‍ റിങിനു ചുറ്റും ഒന്ന് നടന്നു. എന്നിട്ടയാള്‍ ആദ്യം അയാളുടെ തൊപ്പി അഴിച്ചു. പിന്നെ ഗ്ലൗസും. ഇതെല്ലാം റിങിന്റെ നടുവില്‍ വെച്ച് വിരമിക്കുകയാണെന്നതിന്റെ സൂചനകള്‍ നല്‍കി റാംപിലൂടെ നടന്നകന്നു. റെയിന്‍സാകട്ടെ ഇതിഹാസ താരത്തിന് വിജയശേഷം ആദരവ് നല്‍കുകയും ചെയ്തു.

അങ്ങേര് കളി റസ്ലിംഗ് നിര്‍ത്തിയെന്ന് കേട്ടപ്പോള്‍ പണ്ട് കളിയുടെ ഹരം മൂക്കുന്ന സമയത്ത് പന്ത് പൊട്ടിയ പോലെയൊരു തോന്നല്‍. പറയുമ്പോള്‍ റസില്‍മാനിയ കാണാറില്ലെങ്കില്‍ പോലും. എന്തു ചെയ്യാം. കുട്ടിക്കാല ഹീറോ ആയിപ്പോയില്ലേ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com