കന്നിപ്പോരിനിറങ്ങുന്ന ബെംഗളൂരുവിന് ഒരു പകരം വീട്ടാനുണ്ട്; കഴിഞ്ഞ സീസണിലെ കപ്പ് അട്ടിമറിയല്ലെന്ന് ഹൈദരാബാദിന് തെളിയിക്കണം

ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഉദ്ഘാടന പോരാട്ടം
ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഉദ്ഘാടന പോരാട്ടം

ഉപ്പല്‍:  ഉപ്പല്‍ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ ഇന്ന് ഐപിഎല്‍ ആദ്യ മത്സരത്തിന് തുടക്കം കുറിക്കുമ്പോള്‍ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന്് ഒരു പകരം വീട്ടാനുണ്ട്. കഴിഞ്ഞ സീസണില്‍ തങ്ങളെ തോല്‍പ്പിച്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് അതേ നാണയത്തില്‍ മറുപടി കൊടുക്കണമെന്നാണ് ബെംഗളൂരു കരുതുന്നത്. എന്നാല്‍ കഴിഞ്ഞ സീസണില്‍ നേടിയ കിരീടം വെറും അട്ടിമറിയില്ലെന്ന് തെളിയിക്കേണ്ട ചുമതല വാര്‍ണര്‍ക്കും കൂട്ടര്‍ക്കുമുള്ളത് ഉദ്ഘാടന മത്സരം പൊടിപൊടിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ഐപിഎല്‍ 2016ല്‍ കിരീടം ചൂടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്‌
ഐപിഎല്‍ 2016ല്‍ കിരീടം ചൂടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്‌

പത്താം സീസണിന്റെ ഉദ്ഘാടന മത്സരം ഒന്‍പതാം സീസണിലെ അവസാന മത്സരത്തിന്റെ തുടര്‍ച്ചയായിരിക്കുമെന്ന ഐപിഎല്‍ ഷെഡ്യൂള്‍ വന്നതോടെ ക്രിക്കറ്റാരാധകര്‍ കാത്തിരിക്കുകയാണ്, പുതിയ കളിയുത്സവത്തിനായി. ഉദ്ഘാടന മത്സരം തന്നെ വാശിയേറിയതാകുമെന്നതിന് കഴിഞ്ഞ സീസണിലെ ഫൈനല്‍ സാക്ഷിയാണ്.

ഐപിഎല്‍ ഒന്‍പതാം സീസണിന്റെ ഫൈനലിനുള്ള ടോസിംഗ് സമയത്ത് ബെംഗളൂരു ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും
ഐപിഎല്‍ ഒന്‍പതാം സീസണിന്റെ ഫൈനലിനുള്ള ടോസിംഗ് സമയത്ത് ബെംഗളൂരു ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും

ബെംഗളൂരുവും ഹൈദരാബാദും തമ്മില്‍ നടന്ന ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്തത് ഹൈദരാബാദായിരുന്നു. ഡേവിഡ് വാര്‍ണറിന്റെ ഫിഫ്റ്റിയുടെ മികവില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുത്ത ഹൈദരാബാദിന് മറുപടി ബാറ്റിംഗിനിറങ്ങിയ വിരാട് കോഹ്ലിയും ക്രിസ് ഗെയിലുമടങ്ങുന്ന ബാറ്റിംഗ് നിര ബെംഗളൂരുവിനെ മികച്ച നിലയിലെത്തിച്ചു. വിക്കറ്റൊന്നും പോകാതെ 114 റണ്‍സെടുത്ത ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍മാര്‍ കപ്പ് ബെംഗളൂരുവിലേക്കാണെന്ന് വരെ ആരാധകരെക്കൊണ്ട് തോന്നിപ്പിച്ചു. 

പിന്നീടായിരുന്നു ബെംഗളൂരുവിന്റെ പതനം. ഓപ്പണിംഗ് നിരയെ പുറത്താക്കിയതോടെ ഹൈദരാബാദ് കളിയിലേക്ക് തിരിച്ചെത്തി. ബാക്കിയുള്ള ബാറ്റ്‌സ്മാന്മാരെ സമ്മര്‍ദ്ദത്തിലാക്കി ഹൈദരാബാദ് എട്ട് റണ്‍സിന് ജയിച്ചു. മൂന്ന് ഫൈനലുകളിലും തോല്‍വി ഏറ്റുവാങ്ങി ബെംഗളൂരു പത്താം സീസണിലെത്തുമ്പോള്‍ കരുത്തു കാട്ടിയേ തീരൂ.

എന്നാല്‍ കഴിഞ്ഞ സീസണെ അപേക്ഷിച്ച് വിരാട് കോഹ്ലിയും, എബി ഡിവില്ലിയേഴ്‌സും ബെംഗളൂരു നിരയിലില്ലാത്തത് ടീമിനെ മൊത്തം ബാധിച്ചേക്കും. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ സീരീസില്‍ മികച്ച പ്രകടനം നടത്തിയ കെഎല്‍ രാഹുലിനും പരിക്കേറ്റത് ബെംഗളൂരു എങ്ങനെ തരണം ചെയ്യുമെന്നത് കണ്ടറിയേണ്ടി വരും. 

ഓസ്‌ട്രേലിയന്‍ താരം ഷെയിന്‍ വാട്‌സണ്‍ നയിക്കുന്ന ബെംഗളൂരു ടീമില്‍ ക്രിസ് ഗെയില്‍ മാത്രമാണ് കളിയുടെ ഗതി നിയന്ത്രിക്കാന്‍ ശേഷിയുള്ള ഒരേഒരു കളിക്കാരന്‍. അതേസമയം, ബെംഗളൂരുവിനെ അപേക്ഷിച്ച് കുറച്ചു കൂടി മികച്ച ടീമാണ് ഹൈദരാബാദ്. അഫ്ഗാന്‍ താരങ്ങളായ മുഹമ്മദ് നബിയും പുതിയ സ്പിന്നിംഗ് സെന്‍സേഷന്‍ റാഷിദ് ഖാനും ഹൈദരാബാദിന്റെ ബൗളിംഗ് നിര കൂടുതല്‍ ശക്തമാക്കും. ബാറ്റിംഗില്‍ വാര്‍ണറുടെ ഫോം മാത്രമാണ് ഹൈദരാബാദിനെ അലട്ടുന്നത്. 

ഇരു ടീമുകളും ഒന്‍പത് മത്സരങ്ങളില്‍ നേര്‍ക്കു നേര്‍ വന്നപ്പോള്‍ നാല് ജയങ്ങള്‍ വീതം സ്വന്തമാക്കിയിട്ടുണ്ട്. പല കാര്യങ്ങളിലും തുല്യത പുലര്‍ത്തുന്ന രണ്ട് ടീമുകള്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ ഐപിഎല്‍ പത്താം സീസണിന്റെ തുടക്കം ഗംഭീരമാകുമെന്നാണ് വിലയിരുത്തലുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com