സോറി, റെസ്ലിംഗ് ആണെന്ന് വിചാരിച്ചു പോയി; കളിക്കിടയില്‍ റഫറിയെ പഞ്ഞിക്കിട്ടു; പോര്‍ച്ചുഗല്‍ താരത്തിന് ആജീവനാന്ത വിലക്ക്

സോറി, റെസ്ലിംഗ് ആണെന്ന് വിചാരിച്ചു പോയി; കളിക്കിടയില്‍ റഫറിയെ പഞ്ഞിക്കിട്ടു; പോര്‍ച്ചുഗല്‍ താരത്തിന് ആജീവനാന്ത വിലക്ക്

കടുത്ത പോരാട്ടമായിരുന്നോ എന്ന് ചോദിച്ചാല്‍ അല്ല. വലിയ കളിക്കാരായിരുന്നോ എന്നാണെങ്കിലും അല്ല. ഇനി മാര്‍ക്കോ ഗോണ്‍കാവ്‌സ് ഒരു റെസ്ലിംഗ് താരമാണോ എന്ന് ചോദിച്ചാല്‍ ചിലപ്പോള്‍ അതേ എന്ന് പറയേണ്ടി വരും. 

പോര്‍ച്ചുഗലിലെ പ്രാദേശിക ജില്ലാ ലീഗിലാണ് റെസ്ലിംഗിനെ വെല്ലുന്ന സംഘട്ടന രംഗങ്ങള്‍ അരങ്ങേറിയത്. കാന്‍ലാസ് 2010 എന്ന ക്ലബ്ബും പോര്‍ട്ടോ അള്‍ട്രാസും തമ്മിലുള്ള മത്സരം തുടങ്ങിയിട്ട് രണ്ട് മിനുട്ട് മാത്രമേ ആയിട്ടുള്ളൂ. കാന്‍ലാസിന്റെ മുന്നേറ്റ നിരതാരമായ ഗോണ്‍കാവ്‌സിന്റൈ കാലില്‍ നിന്നും എതിര്‍ പ്രതിരോധതാരം പന്തെടുത്തു. അല്‍പ്പം കടുത്ത പ്രതിരോധത്തിലൂടെയാണ് പന്തെടുത്തതെങ്കിലും ഗോണ്‍കാവ്‌സ് ആ കളിക്കാരന്റെ മുഖത്തിനിടിച്ചു. ഇതു കണ്ട റഫറി സെന്‍ട്രല്‍ സര്‍ക്കിളിലില്‍ നിന്നും ഓടി വന്ന് ഗോണ്‍കാവ്‌സിനെ നേരിട്ട് ചുവപ്പ് കാര്‍ഡ് കാണിച്ചു. ഗോണ്‍കാവ്‌സിന് ഇതു പിടിച്ചില്ല. പിന്നെ റഫറിയാണെന്നും നോക്കിയില്ല. തലപിടിച്ചു തിരിച്ചു കുനിച്ചു നിര്‍ത്തി മൂക്കിന് കാല്‍മുട്ടുകൊണ്ട് ഒരു കാച്ചങ്ങ് കാച്ചി. 

റഫറി ബോധം കെട്ടപോലെ വീണപോലെയായി. മൂന്ന് പൊട്ടലാണ് മൂക്കിനെന്നാണ് റിപ്പോര്‍ട്ട്. ഇതെല്ലാം കണ്ടു കൊണ്ടു ഗ്രൗണ്ടിന് പുറത്തുണ്ടായിരുന്ന പോലീസുകാര്‍ ഓടിവന്നു പ്രശ്‌നത്തില്‍ ഇടപെട്ടതുകൊണ്ട് രക്ഷപ്പെട്ടു. അല്ലെങ്കില്‍, അണ്ടര്‍ടേക്കറിന് പകരം പുതിയ താരത്തെ ലൈവായി കാണേണ്ടി വന്നേനെ.

ഇതെല്ലാം ചെയ്തത് കാന്‍ലാസിന്റെ 2010ന്റെ കുപ്പായമിട്ടുകൊണ്ടാണ് എന്നതിനാല്‍ തന്നെ ക്ലബ്ബ് അപ്പോള്‍ തന്നെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഗോണ്‍കാവ്‌സ് ഇനി ഈ ജന്മത്ത് ഈ ക്ലബ്ബിന് വേണ്ടി കളിക്കില്ലെന്ന്. പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഫഡറേഷനും താരത്തിനെതിരേ കടുത്ത നടപടിയെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മത്സരം അപ്പോള്‍ തന്നെ നിര്‍ത്തി.

ഗോണ്‍കാവ്‌സ് കാല്‍മുട്ടുകൊണ്ട് മൂക്കിനിടിക്കുന്നതിന്റെയടക്കം വ്യക്തമായ വീഡിയോ ദൃശ്യങ്ങളുണ്ടെങ്കിലും താരത്തിന് ഇതൊന്നും ഓര്‍മയില്ലത്രേ. ഞാന്‍ അയാളെ ഇടിച്ചോ, എനിക്ക് ഓര്‍മയില്ലല്ലോ, അയാള്‍ എന്നെ തള്ളി എന്നൊക്കെയാണ് ഗോണ്‍കാവ്‌സിന്റെ തള്ള്! ഇനി ഞാന്‍ അയാളെ ഇടിച്ചുവെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അയാളോടും അയാളുടെ കുടുംബത്തിനോടും മാപ്പ് ചോദിക്കുന്നുവെന്നും ഗോണ്‍കാവ്‌സ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com