കോച്ചിനെ തൂക്കിയെറിഞ്ഞ് അര്‍ജന്റീന; കരകയറ്റാന്‍ ഇനിയേത് കപ്പിത്താന്‍ വരും?

കോച്ചിനെ തൂക്കിയെറിഞ്ഞ് അര്‍ജന്റീന; കരകയറ്റാന്‍ ഇനിയേത് കപ്പിത്താന്‍ വരും?

 സൂപ്പര്‍ താരങ്ങളുണ്ടായിട്ടു കാര്യമില്ല. കളിപറഞ്ഞു കൊടുക്കാനൊരു മികച്ച കോച്ചില്ലെങ്കില്‍ കളിക്കാര്‍ തലങ്ങും വിലങ്ങും നടക്കുകയെന്നല്ലാതെ ഗോളൊന്നും അടിക്കില്ല. ഗോളൊന്നും അടിക്കാതിരുന്നാല്‍ കപ്പൊന്നും കിട്ടില്ല. ഇതാണ് അര്‍ജന്റീനയുടെ സ്ഥിതി. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരുടെ ഒരു മികച്ച നിര തന്നെയുണ്ടായിട്ടും ഈയടുത്ത കാലത്തൊന്നും അര്‍ജന്റീനയ്ക്ക് കപ്പൊന്നുമില്ല. മൂന്ന് ഫൈനലുകള്‍ കളിച്ചു എന്നതല്ലാതെ ട്രോഫി ഇങ്ങു പോന്നില്ല.

ലോകക്കപ്പ് യോഗ്യതാ റൗണ്ടില്‍ ബൊളീവിയയുമായി തോറ്റ അര്‍ജന്റീന താരങ്ങളുടെ നിരാശ
ലോകക്കപ്പ് യോഗ്യതാ റൗണ്ടില്‍ ബൊളീവിയയുമായി തോറ്റ അര്‍ജന്റീന താരങ്ങളുടെ നിരാശ

ആരാധകര്‍ക്കും ഇതുതന്നെയാണ് പരാതി. ബ്രസീലിനോടൊക്കെ മുട്ടി നിക്കണമെങ്കില്‍ ഒരു കപ്പില്ലാതെ പറ്റില്ല. ഈ പരിശീലകനെയും കൊണ്ട് നടന്നാല്‍ കപ്പു പോയിട്ട് ഒരു സോസര്‍ പോലും കിട്ടുമെന്ന് തലമൊട്ടയടിച്ച് അര്‍ജന്റീന എന്നെഴുതുന്ന ആരാധകന്‍ പോലും കരുതുന്നില്ല. 

സെവിയ്യയുടെ മാനേജര്‍ യോര്‍ഗെ സാംപോലി
സെവിയ്യയുടെ മാനേജര്‍ യോര്‍ഗെ സാംപോലി

കോപ്പ അമേരിക്ക ടൂര്‍ണമെന്റിനു ശേഷം അര്‍ജന്റീന പരിശീലക കുപ്പായത്തിലെത്തിയ എഡ്ഗാര്‍ഡോ ബൗസയെ പുറത്താക്കിയതായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലോഡിയോ ചിക്വി സ്ഥിരീകരിച്ചു. ചുമതലയേറ്റ് എട്ട് മാസമായെങ്കിലും ടീമിനെന്തുണ്ടായിക്കെന്ന് ചോദിച്ചാല്‍ ആരാധകര്‍ പറയും ഉണ്ടയുണ്ടാക്കിയെന്ന്.

അത്‌ലറ്റിക്കോ മാഡ്രിഡ് പരിശീലകന്‍ ഡിയാഗോ സിമിയോണി
അത്‌ലറ്റിക്കോ മാഡ്രിഡ് പരിശീലകന്‍ ഡിയാഗോ സിമിയോണി

കളിച്ച എട്ട് മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് അര്‍ജന്റീന ജയിച്ചത്. നേടിയതാകട്ടെ ഒന്‍പത് ഗോളുകള്‍ മാത്രവും. നിര്‍ണായകമായ ലോകകപ്പ് യോഗ്യതയാകട്ടെ തുലാസില്‍ ആടിക്കൊണ്ടിരിക്കുകയാണ്.  പതിനാല് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ആറെണ്ണത്തില്‍ മാത്രമാണ് അര്‍ജന്റീനയ്ക്ക് ജയിക്കാനായത്. നാല് മത്സരങ്ങള്‍ ശേഷിക്കേ ഇതില്‍ മൂന്നെണ്ണത്തില്‍ സൂപ്പര്‍ താരം മെസ്സിയുമില്ല. നിലവില്‍ ഗ്രൂപ്പില്‍ 22 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. ആദ്യ നാല് ടീമുകള്‍ക്ക് മാത്രമാണ് ഫൈനല്‍ റൗണ്ടിന് യോഗ്യത ലഭിക്കുകയെന്നിരിക്കേ അഞ്ചാമത്തെ ടീം ഓഷ്യാന ഗ്രൂപ്പുമായി പ്‌ളേഓഫ് കളിക്കണം. 

റിവര്‍ പ്ലേറ്റ് മാനേജര്‍ മാഴ്‌സെലൊ ഗല്ലാര്‍ഡോ
റിവര്‍ പ്ലേറ്റ് മാനേജര്‍ മാഴ്‌സെലൊ ഗല്ലാര്‍ഡോ

ഷെഡ്യൂള്‍ മൊത്തം ടൈറ്റ് ആണെങ്കിലും ആരെയാകും പുതിയ കപ്പിത്താനായി നിയമിക്കുകയെന്ന കാര്യത്തിലാണ് അര്‍ജന്റീനയുടെ സംശയം. വലിയ പണം കൊടുത്ത് സൂപ്പര്‍ കോച്ചുകളെ നിയമിക്കാനുള്ള ശേഷി അസോസിയേഷന് എന്നോ നഷ്ടപ്പെട്ടിട്ടുണ്ട്. സെവിയ്യയുടെ മാനേജര്‍ യോര്‍ഗെ സാംപോലി, അത്‌ലറ്റിക്കോ മാഡ്രിഡ് പരിശീലകന്‍ ഡിയാഗോ സിമിയോണി റിവര്‍ പ്ലേറ്റ് മാനേജര്‍ മാഴ്‌സെലൊ ഗല്ലാര്‍ഡോ എന്നിവരാണ് പരിഗണനയില്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com