വേഗരാജാവിന് കാലിടറങ്ങി; വെങ്കലത്തോടെ മടക്കം

ബോള്‍ട്ടിന്റെ കുതിപ്പ് കാണാനിരുന്നവര്‍ക്ക് മുന്നിലേക്ക് മൂന്നാമതെത്താനെ എട്ട് തവണ ഒളിംപിക്‌സ് ചാമ്പ്യനായ ബോള്‍ട്ടിനായുള്ളു
വേഗരാജാവിന് കാലിടറങ്ങി; വെങ്കലത്തോടെ മടക്കം

ലണ്ടന്‍: അവസാന മത്സരത്തിനായി ട്രാക്കിലിറങ്ങിയ വേഗരാജാവിന് കാലിടറി. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലത്തോടെ ഇതിഹാസ താരത്തിന് യാത്രയയപ്പ്. ലോകത്തിന്റെ ശ്രദ്ധ മുഴുവന്‍ പതിച്ച 100 മീറ്റര്‍ ഓട്ടത്തില്‍ ബോള്‍ട്ടിന്റെ കുതിപ്പ് കാണാനിരുന്നവര്‍ക്ക് മുന്നിലേക്ക് മൂന്നാമതെത്താനെ എട്ട് തവണ ഒളിംപിക്‌സ് ചാമ്പ്യനായ ബോള്‍ട്ടിനായുള്ളു. 

9.95 സെക്കന്‍ഡിലാണ് ബോള്‍ട്ട് ഓടിയെത്തിയത്. അമേരിക്കന്‍ താരങ്ങളാണ് 100 മീറ്റര്‍ ഓട്ടത്തില്‍ ബോള്‍ട്ടിനെ പിന്തള്ളി സ്വര്‍ണവും, വെള്ളിയും നേടിയത്. 9.92 സെക്കന്റില്‍ ഫിനിഷ് ചെയ്ത യുഎസ് താരം ജസ്റ്റിന്‍ ഗാട്‌ലിനാണ് സ്വര്‍ണം. 9.94 സെക്കന്റില്‍ ഓടിയെത്തിയ ക്രിസ്റ്റ്യന്‍ കോള്‍മാന്‍ വെള്ളിയും നേടി. 

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ ആരംഭിച്ചതിന് ശേഷം ഇത് ആദ്യമായാണ് ബോള്‍ട്ടിന് നൂറ് മീറ്ററില്‍ സ്വര്‍ണം നഷ്ടമാകുന്നത്. പ്രാഥമിക റൗണ്ടിലേയും, സെമി ഫൈനലിലേയും എന്നത് പോലെ മോശം തുടക്കമാണ് ഫൈനലിലും ബോള്‍ട്ടിനെ വലച്ചത്. ആദ്യ റൗണ്ടില്‍ 10.9 സെക്കന്റിലും സെമിയില്‍ 9.98 സെക്കന്റിലുമാണ് ബോള്‍ട്ട് ഓടിയെത്തിയത്. 

വെങ്കലത്തോടെ മടങ്ങേണ്ടി വന്നെങ്കിലും, ആധുനിക അത്‌ലറ്റിക്‌സില്‍ റെക്കോര്‍ഡ് പ്രകടനങ്ങളുടെ പെരുമഴ ചരിത്രം തീര്‍ത്താണ് ബോള്‍ട്ടിന്റെ പടിയിറക്കം. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ നൂറ് മീറ്ററില്‍ ബോള്‍ട്ട് കുറിച്ച് 9.58 എന്ന റെക്കോര്‍ഡ് ഇതുവരെ ആര്‍ക്കും തകര്‍ക്കാനായിട്ടില്ല. ഒളിംപിക്‌സില്‍ എട്ട് തവണ ചാമ്പ്യനായതിന് പുറമെ, അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 11 സ്വര്‍ണവും ബോള്‍ട്ട് ഓടിയെടുത്തിട്ടുണ്ട്. 

ഉത്തേജക മരുന്ന് പരിശോധനയില്‍ നേരിട്ട വിലക്കുകള്‍ അതിജവിച്ചായിരുന്നു 2004ലെ ഒളിംപിക്‌സിലെ 100 മീറ്റര്‍ ചാമ്പ്യനായ ഗാറ്റ്‌ലിന്‍ ബോള്‍ട്ടിനെ പിന്തള്ളി ലണ്ടനില്‍ സ്വര്‍ണത്തിലേക്ക് കുതിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com