മറന്നു തുടങ്ങിയെങ്കില്‍ കേട്ടോളൂ; ഈ റെക്കോര്‍ഡുകള്‍ ഇപ്പോഴും ദ്രാവിഡിന്റെ പേരില്‍ തന്നെയാണ്‌

പ്രതിസന്ധി ഘട്ടങ്ങളില്‍ ടീമിനെ താങ്ങി നിര്‍ത്തിയ 16 വര്‍ഷം നീണ്ട ക്രിക്കറ്റ് ജീവിതത്തില്‍ റെക്കോര്‍ഡുകളുടെ പെരുമഴയും ഉണ്ടായിട്ടുണ്ട്
മറന്നു തുടങ്ങിയെങ്കില്‍ കേട്ടോളൂ; ഈ റെക്കോര്‍ഡുകള്‍ ഇപ്പോഴും ദ്രാവിഡിന്റെ പേരില്‍ തന്നെയാണ്‌

ഇന്ത്യയുടെ വന്‍മതില്‍ മാത്രമല്ല, പ്രതിസന്ധി ഘട്ടങ്ങളില്‍ ടീമിനെ താങ്ങി നിര്‍ത്തിയ 16 വര്‍ഷം നീണ്ട ക്രിക്കറ്റ് ജീവിതത്തില്‍ റെക്കോര്‍ഡുകളുടെ പെരുമഴയും ഉണ്ടായിട്ടുണ്ട്. അതില്‍ പലതും ഇപ്പോഴും തകര്‍ക്കപ്പെട്ടിട്ടുമില്ല. 

നമ്മള്‍ മറന്നു തുടങ്ങിയിരിക്കുന്ന ദ്രാവിഡിന്റെ ചില റെക്കോര്‍ഡുകള്‍;

കയ്യില്‍ കിട്ടിയാല്‍ വിടില്ല...

ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നേടിയ താരമാണ് ദ്രാവിഡ്. 210 തവണയാണ് ദ്രാവിഡ് ബാറ്റ്‌സ്മാന്‍മാരെ കൈക്കുള്ളിലാക്കിയത്. 

നേരിട്ട ബോളുകള്‍ കുറച്ചൊന്നുമല്ല

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ബോളുകള്‍ നേരിട്ട കളിക്കാരനാണ് ദ്രാവിഡ്. 31258 തവണ ദ്രാവിഡിന് ബോള്‍ ചെയ്ത ബൗളര്‍മാര്‍ കുഴഞ്ഞു. 

തല പോയാലും കൂടെ നില്‍ക്കും

ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കിയിരിക്കുന്നതും ദ്രാവിഡാണ്. കൂടെയുള്ളവര്‍ മാറികൊണ്ടിരുന്നപ്പോഴും ഉറച്ചു നിന്ന് 88 തവണയാണ് സെഞ്ചുറി പാര്‍ട്‌നര്‍ഷിപ്പ് തീര്‍ത്തത്.

പിന്നെ കുറ്റി കുറേ തവണ തെറിച്ചിട്ടുണ്ട്

ടെസ്റ്റില്‍ കൂടുതല്‍ തവണ ബൗള്‍ഡായിരിക്കുന്ന താരവും ഈ ബംഗളൂരുകാരന്‍ തന്നെ. 54 തവണയാണ് ബൗളര്‍മാര്‍ ദ്രാവിഡിന്റെ കുറ്റിത്തെറിപ്പിച്ചത്. 

ടീമിലെത്തിയിട്ട് തിരിഞ്ഞു നോക്കിയിട്ടില്ല

1996ല്‍ ടെസ്റ്റില്‍ അരങ്ങേറിയതിന് ശേഷം ഒരു മത്സരം പോലും വിടാതെ 94 ടെസ്റ്റ് മത്സരങ്ങളാണ് ദ്രാവിഡ് കളിച്ചത്. കളി തുടങ്ങിയതിന് ശേഷം 2005ലായിരുന്നു ആദ്യമായി ദ്രാവിഡിന് ഒരു ടെസ്റ്റ് മത്സരം നഷ്ടമാകുന്നത്. എന്നാലിത് പിന്നീട് 96 മത്സരങ്ങള്‍ തുടര്‍ച്ചയായി കളിച്ച് ആദം ഗില്‍ക്രിസ്റ്റ് മറികടന്നു. 

നാടു വിട്ടാല്‍ പുലി

ഇന്ത്യയ്ക്ക് പുറത്ത് എന്നും ദ്രാവിഡ് തിളങ്ങിയിരുന്നു. 53.03 എന്ന ആവറേജില്‍ 7690 റണ്‍സാണ് ദ്രാവിഡ് വിദേശ മണ്ണില്‍ നിന്നും നേടിയത്. ദ്രാവിഡിന്റെ മുന്നിലുള്ളതാകട്ടെ സച്ചിന്‍ മാത്രം. 

എല്ലാ ടീമിനെതിരേയും സെഞ്ചുറി

ടെസ്റ്റ് കളിക്കുന്ന പത്ത് ടീമിനെതിരേയും സെഞ്ചുറി തികയ്ക്കുന്ന ആദ്യ ബാറ്റ്‌സ്മാനുമായിരുന്നു ദ്രാവിഡ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com