റൊണാള്‍ഡോയ്ക്കു പ്രതിവാരം മൂന്നു കോടി; മാഴ്‌സെലോയ്ക്ക് 67 ലക്ഷം; എങ്കിലെന്താ!!

റൊണാള്‍ഡോയ്ക്കു പ്രതിവാരം മൂന്നു കോടി; മാഴ്‌സെലോയ്ക്ക് 67 ലക്ഷം; എങ്കിലെന്താ!!

ചാട്ടുളിയുടെ വേഗത. അണുകിട തെറ്റാതെയുള്ള ടാക്ലിങ്. വിട്ടുവീഴ്ചയില്ലാത്ത പ്രതിരോധം. എതിര്‍ പ്രതിരോധത്തിന്റെ പേടി സ്വപ്‌നം. പന്തടക്കത്തിലെ മാന്ത്രികന്‍. ബ്രസീലിന്റെ റയല്‍ മാഡ്രിഡ് ലെഫ്റ്റ് ബാക്ക് മാഴ്‌സലോയുടെ വിശേഷണങ്ങള്‍ ചുരുക്കിപ്പറയാന്‍ പറ്റില്ല. അതുകൊണ്ടു തന്നെ ലോകത്തിലെ ഏറ്റവും മികച്ച ലെഫ്റ്റ് ബാക്ക് ആരെന്നുള്ള ചോദ്യത്തിനും മാഴ്‌സലോ എന്നാണ് ഉത്തരം.

എതിര്‍ടീമിന്റെ മുന്നേറ്റത്തെ ചെറുത്തു തോല്‍പ്പിക്കുക എന്ന പ്രതിരോധ പാഠത്തില്‍ എതിര്‍ ടീം പ്രതിരോധത്തെ പിളര്‍ക്കുന്ന മുന്നേറ്റം നടത്തുക എന്ന  സമാവാക്യം കൂടി എഴുതിച്ചേര്‍ത്ത മാഴ്‌സലോ ഇന്ന് റയല്‍ മാഡ്രിഡിന്റെയും ബ്രസീലിന്റെയും നിര്‍ണായക താരങ്ങളില്‍ ഒരാളാണ്. നീണ്ട 12 വര്‍ഷം റയല്‍ മാഡ്രിഡ് കുപ്പായത്തിലുള്ള മാഴ്‌സെലോ മാഡ്രിഡില്‍ ഏറ്റവും കൂടുതല്‍ കാലം കളിക്കുന്ന വിദേശ താരമായി മാറി. ക്ലബ്ബിന്റെ ഇതിഹാസ താരങ്ങളായ ഡി സ്‌റ്റെഫാനോ, റോബര്‍ട്ടോ കാര്‍ലോസ് തുടങ്ങിയവരെ പിന്തള്ളിയാണ് മാഡ്രിഡില്‍ ഏറ്റവും കൂടുതല്‍ കാലം കളിക്കുന്ന വിദേശ താരമെന്ന പേര് മാഴ്‌സലോയെ തേടിയെത്തിയത്.

കളിയുടെ കൂടെ കളിക്കാര്‍ സാമ്പത്തികവും നോക്കാന്‍ തുടങ്ങിയതോടെ കോടിക്കണക്കിനു രൂപ മൂല്യമുള്ള താരങ്ങള്‍ പിറവിയെടുത്തു. പണം വാരിവിതറുന്ന ചൈനീസ് ലീഗുകളില്‍ കളിക്കാര്‍ പറന്നെത്തി. ഫുട്‌ബോള്‍ വ്യവസായത്തില്‍ ഇന്നത്തെ മാര്‍ക്കറ്റ് വിലയനുസരിച്ച് മാഴ്‌സലോയുടെ വിലയെന്താകും. ലോകത്തിലെ മികച്ച പ്രതിരോധനിരക്കാരില്‍ മുമ്പനായ മാഴ്‌സലോയ്ക്കു വമ്പന്‍ വില കൊടുക്കാന്‍ ഏതു ക്ലബ്ബിനും മടിയുണ്ടാകില്ല. 

എന്നാല്‍, പണമൊന്നുമല്ല തനിക്കു വേണ്ടത്. കളിക്കുകയാണെന്ന നിലപാടിലാണ് താരം. മാഴ്‌സലോ​ മാഡ്രിഡ് വിട്ടേക്കുമെന്ന് 12 വര്‍ഷത്തിനിടയില്‍ വളരെ കുറച്ചു റൂമറുകള്‍ മാത്രമാണ് വന്നിട്ടുണ്ടാവുക. മാഡ്രിഡ് വിടാന്‍ താരത്തിനു
താല്‍പ്പര്യമില്ല. അതു  ക്ലബ്ബിനോടുള്ള താല്‍പ്പര്യം മാത്രമാണ്.

ക്ലബ്ബ് വിടാത്തത് അത്രയും ശമ്പളം കിട്ടിയിട്ടാകും എന്നു കരുതിയാല്‍ തെറ്റി. 12 വര്‍ഷമായി മാഡ്രിഡില്‍ തുടരുന്ന മാഴ്‌സലോയ്ക്ക് പ്രതിവാരം 80,000 പൗ്ണ്ടാണ് ശമ്പളം. ഇന്ത്യന്‍ രൂപയില്‍ 67 ലക്ഷത്തോളം. ആഴ്ചയില്‍ 67 ലക്ഷം രൂപയോ. പോരേ എന്നു ചോദിക്കാന്‍ വരട്ടെ. മാഡ്രിഡിന്റെ പകരക്കാരുടെ ബെഞ്ചില്‍ ഇരിക്കുന്ന നാച്ചോ, ഡാനിലോ, കോവാസിച്ച് തുടങ്ങിയ ജൂനിയര്‍ താരങ്ങള്‍ക്കു 60,000 പൗണ്ടാണ് പ്രതിവാരം ലഭിക്കുന്ന ശമ്പളം. ഇതിലും കൂടുതലല്ലേ മാഴ്‌സലോയ്ക്ക് ലഭിക്കുന്നതെന്നാണോ?  മാഴ്‌സലോയുടെ സമകാലീനരായ സീനിയര്‍ താരങ്ങള്‍ക്കു കിട്ടിക്കൊണ്ടിരിക്കുന്ന ശമ്പളം കൂടി കണ്ടിട്ടു പറയൂ.

മുന്നേറ്റനിര താരം ബെന്‍സെമ മാഡ്രിഡില്‍ നിന്നും പ്രതിവാരം വാങ്ങുന്നത് 150,000 പൗണ്ടാണ്. (ഒന്നേക്കാല്‍ കോടി രൂപയോളം). ജര്‍മന്‍ മധ്യനിര താരം ടോണി ക്രൂസ് 156,000 പൗണ്ടും (ഒരു കോടി മുപ്പത് ലക്ഷം രൂപ), സ്പാനിഷ് പ്രതിരോധ താരം സെര്‍ജിയോ റാമോസ് 160,000 പൗണ്ടും (ഒരു കോടി മുപ്പത് ലക്ഷം രൂപയ്ക്കു മുകളില്‍) ക്രൊയേഷ്യയുടെ മധ്യനിര താരം ലൂക്കാ മോഡ്രിച്ച് 180,000 പൗണ്ടും (ഒന്നര കോടിക്കടുത്ത്) പ്രതിവാരം ശമ്പളം വാങ്ങുന്നവരാണ്. അതേസമയം സൂപ്പര്‍ താരങ്ങളായ വെയില്‍സിന്റെ മുന്നേറ്റ താരം ഗെരത് ബെയില്‍ 350,000 പൗണ്ടും (മൂന്നു കോടി രൂപയ്ക്കടുത്ത്) പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 365,000 പൗണ്ടും (മൂന്നു കോടി രൂപയ്ക്കു മുകളില്‍) പ്രതിവാരം ശമ്പളം വാങ്ങി മുന്നില്‍ നില്‍ക്കുന്നു. 

ഇപ്പോള്‍ മനസിലായോ മാഴ്‌സലോ എത്ര കുറച്ചാണ് ശമ്പളം വാങ്ങുന്നതെന്ന്. ലോയല്‍റ്റി എന്നത് മുറുകെ പിടിക്കുന്ന ചില താരങ്ങളെങ്കിലും ഉണ്ടെന്നാണ് മാഴ്‌സലോ​യിലൂടെ മനസിലാകുന്നത്. ശമ്പളം കൂട്ടിത്തരണമെന്നോ, കരാര്‍ പുതുക്കണമെന്നോ മാഴ്‌സെലോ പറഞ്ഞതായി മാഡ്രിഡ് ക്യാംപില്‍ നിന്നോ മറ്റു റൂമര്‍ കേന്ദ്രങ്ങളില്‍ നിന്നോ വരാത്തതും ഈ ലോയല്‍റ്റി കൊണ്ടു തന്നെ!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com