മരണഗ്രൂപ്പിന്റെ ഭീഷണി ഇല്ല, പക്ഷേ അര്‍ജന്റീന ഉള്‍പ്പെടെ  ചില വമ്പന്മാര്‍ വിയര്‍ക്കേണ്ടി വരും

ലോക കപ്പ് യോഗ്യത മത്സരങ്ങളില്‍ മികച്ച മുന്നേറ്റം നടത്തിയ നൈജീരിയയും, ലയണല്‍ മെസിയുടെ അര്‍ജന്റീനയും ഒരുമിച്ച് വരുമ്പോള്‍ മിശിഹ കപ്പുയര്‍ത്തുന്നത് കാണാന്‍ കാത്തിരിക്കുന്ന ആരാധകരുടെ നെഞ്ചിടിപ്പ് കൂടുന്നു
മരണഗ്രൂപ്പിന്റെ ഭീഷണി ഇല്ല, പക്ഷേ അര്‍ജന്റീന ഉള്‍പ്പെടെ  ചില വമ്പന്മാര്‍ വിയര്‍ക്കേണ്ടി വരും

മരണഗ്രൂപ്പിന്റെ വലിയ ഭീഷണികളില്ലാതെ റഷ്യന്‍ ലോക കപ്പിന്റെ ഗ്രൂപ്പ് ഘട്ടം അങ്ങ് കഴിഞ്ഞു പോകും എന്ന ആശ്വാസത്തിലാണ് വമ്പന്‍ ടീമുകളുടെ ആരാധകരില്‍ പലരും. ഗ്രൂപ്പ് തിരിച്ചുള്ള വിലയിരുത്തലുകളുമായി ഫുട്‌ബോള്‍ പ്രേമികള്‍ തല പുകയ്ക്കവെ ഇംഗ്ലണ്ടിനെതിരെ ഇപ്പോഴേ ട്രോളുകളുമായി ആരാധകര്‍ എത്തിക്കഴിഞ്ഞു. 2018 അവരുടേതാകുമെന്നാണ് ഗ്രൂപ്പ് തിരിച്ച് ടീമുകളെ പ്രഖ്യാപിച്ചതിന് പിന്നാലെ ഇംഗ്ലണ്ട് ആരാധകര്‍ ഉറപ്പിക്കുന്നത്. എന്നാല്‍ ബെല്‍ജിയത്തിന് മുന്നില്‍ മുട്ടുവിറയ്ക്കുന്ന ഇംഗ്ലണ്ടിനേയും പലരും മുന്‍കൂട്ടി കാണുന്നു.

ഗ്രൂപ്പ് ജിയിലാണ് ഇംഗ്ലണ്ട് വരുന്നത്. ബെല്‍ഡിജം, ടുണീഷ്യ, പനാമ എന്നീ ടീമുകളാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍. ഉള്ളതില്‍ ഏറ്റവും കഠിനമായ ഗ്രൂപ്പ് അര്‍ജന്റീന ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഡിയാണ്. ലോക കപ്പ് യോഗ്യതാ നേടിയെടുക്കാന്‍ തന്നെ വിയര്‍ത്ത അര്‍ജന്റീനയ്ക്ക ഗ്രൂപ്പ് ഘട്ടത്തെ എങ്ങിനെ അതിജീവിക്കാന്‍ സാധിക്കും എന്ന ആകാംക്ഷയിലാണ് ആരാധകര്‍. 

ലോക കപ്പ് യോഗ്യത മത്സരങ്ങളില്‍ മികച്ച മുന്നേറ്റം നടത്തിയ നൈജീരിയയും, ലയണല്‍ മെസിയുടെ അര്‍ജന്റീനയും ഒരുമിച്ച് വരുമ്പോള്‍ മിശിഹ കപ്പുയര്‍ത്തുന്നത് കാണാന്‍ കാത്തിരിക്കുന്ന ആരാധകരുടെ നെഞ്ചിടിപ്പ് കൂടുന്നു.

മികച്ച കളിക്കാരുമായാണ് ഗ്രൂപ്പ് ഡിയിലെ ക്രൊയേഷ്യ എത്തുന്നത്. ഐസ് ലാന്‍ഡിനേയും തള്ളിക്കളയാന്‍ ആരാധകര്‍ തയ്യാറല്ല.

അര്‍ജന്റീന
2014ലെ റണ്ണറപ്പുകളായ അര്‍ജന്റീനയ്ക്ക് ലോക കപ്പിലേക്ക് യോഗ്യത നേടാന്‍ മെസിയുടെ കാലുകളില്‍ നിന്നും ഹാട്രിക് പിറക്കേണ്ടി വന്നു എന്നത് തന്നെയാണ് അര്‍ജന്റീനിയന്‍ ആരാധകരെ കുഴയ്ക്കുന്നത്. 31 വയസില്‍ എത്തി നില്‍ക്കുന്ന ഫുട്‌ബോള്‍ മിശിഹായുടെ അവസാന ലോക കപ്പ് ആകും ഇതെന്ന വിലയിരുത്തലുകളും ഉയരുന്നതിന് ഇടയില്‍ ടീം ആയി ഒരുമിച്ച് കളിക്കാന്‍ അര്‍ജന്റീനയ്ക്ക് എത്രമാത്രം കഴിയും എന്നതിനെ ആശ്രയിച്ചിരിക്കും ഗ്രൂപ്പ് ഘട്ടം മുതല്‍ മുന്നോട്ടുള്ള പോക്ക. 

മെസിയെ മാറ്റി നിര്‍ത്തിയാലും, മികച്ച കളിക്കാര്‍ അര്‍ജന്റീനിയന്‍ നിരയിലുണ്ട്. ഡൈബല, സെര്‍ജിയോ, ഇക്കാര്‍ഡി, ഗൊണ്‍സാലോ എന്നിവര്‍ അവസരത്തിനൊത്ത് ഉയര്‍ന്നാണ് ലോക കപ്പോടെ ഫുട്‌ബോള്‍ മിശിഹായുടെ കരിയര്‍ പൂര്‍ണതയിലേക്കെത്തും. 

ഐസ് ലാന്‍ഡ്

2016 യൂറോ ഓര്‍മയുള്ളവര്‍ക്ക് ഐസ് ലാന്‍ഡിനെ മറക്കാന്‍ സാധിക്കില്ല. 330,000 മാത്രം ജനങ്ങളുള്ള രാജ്യത്തെ പ്രതിനിധീകരിച്ചെത്തുന്ന ഐസ് ലാന്‍ഡിനെ കുഞ്ഞന്മാരായി കരുതാന്‍ ഒരു ഫുട്‌ബോള്‍ പ്രേമിയും തയ്യാറാവില്ല. യൂറോ 2016ന് പുറമെ ലോക കപ്പ് യോഗ്യതാ റൗണ്ടില്‍ ക്രോയേഷ്യ, ഉക്രെയിന്‍, തുര്‍ക്കി എന്നിവരെ തോല്‍പ്പിച്ചാണ് ഐസ്  ലാന്‍ഡ് ചാമ്പ്യന്‍മാരായത്. 

നൈജീരിയ

റഷ്യയിലേക്ക് ആഫ്രിക്കയില്‍ നിന്നും ആദ്യം ടിക്കറ്റ് ബുക്ക് ചെയ്ത സംഘമാണ് നൈജീരിയ. കാമറൂണ്‍, സാംബിയ, അല്‍ജീരിയ എന്നിവരെ തോല്‍പ്പിച്ച് സ്റ്റൈലായി നൈജിരിയ 2018ല്‍ തങ്ങള്‍ പലര്‍ക്കും വെല്ലുവിളി ഉയര്‍ത്തും എന്ന വ്യക്തമായ സൂചന നല്‍കി.

സെപെയിനും, പോര്‍ച്ചുഗലും ഒരുമിച്ച് വരുന്ന ഗ്രൂപ്പ് ബിയുടം കടുപ്പമേറിയതാവുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. 2010ല്‍ പോര്‍ച്ചുഗലിനെ ചിത്രത്തില്‍ നിന്നും മായ്ച്ചു കളഞ്ഞ് ലോക കപ്പ് സ്വന്തമാക്കിയ ഓര്‍മയിലായിരിക്കും സ്‌പെയിന്‍ റഷ്യയില്‍ ഗ്രൂപ്പ് ഘട്ടം തുടങ്ങുക. മൊറോക്കോയും ഇറാനുമാണ് ഗ്രൂപ്പ് ബിയിലെ മറ്റ് ടീമുകള്‍.

ഗ്രൂപ്പ് എഫില്‍ മെക്‌സിക്കോയ്ക്ക് എതിരെയാണ് നിലവിലെ ചാമ്പ്യന്‍മാരായ ജര്‍മ്മനിയുടെ ആദ്യ മത്സരം. അഞ്ച് തവണ ലോക കിരീടം നേടിയ ബ്രസീല്‍ ഏറെ കാലത്തിന് ശേഷമുള്ള തങ്ങളുടെ തിരിച്ചുവരവ് ലക്ഷ്യമിട്ടാകും ഗ്രൂപ്പ് ഇയില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിനും, കോസ്റ്റ റിക്കയ്ക്കും സെര്‍ബിയയ്ക്കും എതിരെ ഇറങ്ങുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com