മെസി, ക്രിസ്റ്റ്യാനോ എന്നിവര്‍ മറഞ്ഞാല്‍ ബാലന്‍ ദി ഓര്‍ ആരുടെ കൈകളിലേക്ക്; കണക്കുകൂട്ടലുകളില്‍ മുന്‍പില്‍ ഇവരാണ്‌

ക്രിസ്റ്റ്യാനോ, മെസി പോരാട്ടം ബാലന്‍ ദി ഓറില്‍ അവസാനിച്ചു കഴിഞ്ഞാല്‍ ആരൊക്കെയാകും ഇവരുടെ സ്ഥാനത്തേക്ക് എത്തുക? 
മെസി, ക്രിസ്റ്റ്യാനോ എന്നിവര്‍ മറഞ്ഞാല്‍ ബാലന്‍ ദി ഓര്‍ ആരുടെ കൈകളിലേക്ക്; കണക്കുകൂട്ടലുകളില്‍ മുന്‍പില്‍ ഇവരാണ്‌

പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2007ല്‍ കക്കായായിരുന്നു ബാലന്‍ ദി ഓര്‍ കൈകളില്‍ ഉയര്‍ത്തിയത്. രണ്ടും മൂന്നും സ്ഥാനങ്ങളില്‍ അവരുണ്ടായിരുന്നു. ക്രിസ്റ്റ്യാനോയും, മെസിയും. തൊട്ടടുത്ത വര്‍ഷം ക്രിസ്റ്റ്യാനോയുടെ കൈകളിലേക്ക് ബാലന്‍ ദി ഓറെത്തി, രണ്ടാം സ്ഥാനത്ത് മെസി. 

തുടര്‍ച്ചയായി നാല് തവണ ബാലന്‍ ദി ഓര്‍ കൈകളില്‍ വാങ്ങിയായിരുന്നു പോര്‍ച്ചുഗല്‍ താരത്തിനും അദ്ദേഹത്തിന്റെ ആരാധകര്‍ക്കും ഫുട്‌ബോള്‍ മിശിഹ മറുപടി നല്‍കിയത്. 2008 മുതല്‍ 2017 ഡിസംബര്‍ ഏഴിന് ബാലന്‍ ദി ഓര്‍ പുരസ്‌കാരം ക്രിസ്റ്റ്യാനോ ഏറ്റുവാങ്ങുന്നത് വരെ മറ്റൊരു പേര് ഫ്രഞ്ച് പുരസ്‌കാരത്തിനായുള്ള അവസാന രണ്ടില്‍ എത്തിയിട്ടില്ല. 

കരിയറിന്റെ അവസാന ഘട്ടങ്ങളില്‍ എത്തി നില്‍ക്കുകയാണ് ക്രിസ്റ്റ്യാനോയും മെസിയുമെന്നാണ് ഫുട്‌ബോല്‍ വിദഗ്ധരുടെ പക്ഷം. എന്നാല്‍ വിദഗ്ധരുടേയും വിമര്‍ശകരുടേയും വായടപ്പിച്ച്  ഇരുവരും ഇനിയും തേരോട്ടം തുടരുമെന്നാണ് ആരാധകരുടെ വിശ്വാസം. ക്രിസ്റ്റ്യാനോ, മെസി പോരാട്ടം ബാലന്‍ ദി ഓറില്‍ അവസാനിച്ചു കഴിഞ്ഞാല്‍ ആരൊക്കെയാകും ഇവരുടെ സ്ഥാനത്തേക്ക് എത്തുക? 

കെവിന്‍ ദേ ബ്രുയ്‌നേ

പുതിയ സീസണില്‍ ടോപ് ഫോമിലാണ് ഈ ബല്‍ജിയന്‍ താരം മാഞ്ചസ്റ്റര്‍ സിറ്റിക്കായി കളിക്കുന്നത്. ഗോളുകളിലെ അഭാവം അസിസ്റ്റുകളിലൂടെ പരിഹരിച്ച് മാഞ്ചസ്റ്റര്‍ സിറ്റിയെ പോയിന്റ് ടേബിളില്‍ ഒന്നാമത് എത്തിക്കുന്നതില്‍ ബ്രുയ്‌നേയുടെ പങ്ക് വലുതാണ്. ലോകത്തിലെ നിലവിലെ മികച്ച ഫുട്‌ബോള്‍ താരങ്ങളുടെ റാങ്കിങ്ങില്‍ 14ാം സ്ഥാനത്താണ് ബ്രുയ്‌നേ.

പെപ് ഗാര്‍ഡിയോളയുടെ കീഴില്‍ മാഞ്ചസ്റ്റര്‍ സിറ്റി യൂറോപ്പിലെ അതികായകരായി ഉയരുമ്പോള്‍ ബാലന്‍ ദി ഓര്‍ ഭാവിയില്‍ കെവിന്‍ ദേ ബ്രുയ്‌നേയുടെ കൈകളിലേക്കും എത്തിയേക്കും. 

പൗലോ ഡിബാല

ലോകത്തിലെ മികച്ച ഫട്‌ബോള്‍ താരം എന്ന ബഹുമതിയിലേക്കെത്തുക എന്നത് യാഥാര്‍ഥ്യമാകുന്ന ഒരു ദിവസം വരുമെന്നായിരുന്നു ബാലന്‍ ദി ഓര്‍ പ്രഖ്യാപനത്തിന് ശേഷമുള്ള യുവന്റ്‌സ് മുന്നേറ്റ  നിരക്കാരന്‍ പൗലോ ഡിബാലയുടെ വാക്കുകള്‍. 24 വയസ് മാത്രം എത്തിയിരിക്കുന്ന ഡിബാലയ്ക്ക് ഇനി ബാലന്‍ ദി ഓര്‍ കൈപ്പിടിയില്‍ ഒതുക്കാന്‍ ഏറെ സമയമുണ്ടെന്നാണ് ഫുട്‌ബോള്‍ വിദഗ്ധരും ആരാധകരും പറയുന്നത്. 

യുവന്റ്‌സിനെ ചാമ്പ്യന്‍സ് ലീഗ്  ഫൈനലില്‍ എത്തിച്ചപ്പോള്‍ തന്നെ ഡിബാലയുടെ പ്രൊഫൈല്‍ കുതിച്ചിരുന്നു. ഇതുവരെ ആറ് മത്സരങ്ങളില്‍ കളിച്ചതില്‍ നിന്നും 10 ഗോളുകള്‍ ഡിബാല നേടി. 

ഹസാര്‍ഡ്

ചെല്‍സിക്കായി തകര്‍ത്തു കളിക്കുകയാണ് ഹസാര്‍. രണ്ട് തവണപ്രീമിയര്‍ ലീഗ് കിരീടത്തിലേക്ക് തന്റെ ടീമിനെ ഹസാര്‍ഡ് എത്തിച്ചിരുന്നു. അഞ്ച് സീസണുകള്‍ ഹസാര്‍ഡ് ചെല്‍സിയില്‍ പിന്നിട്ടപ്പോള്‍ ഇതില്‍ നാല് സീസണുകളില്‍ പിഎഫ്എ ടീം ഓഫ് ദി അവാര്‍ഡ് ചെല്‍സിയുടെ കൈകളിലേക്കെത്തി. 

സ്‌പെയിനിലെ രണ്ട് വമ്പന്‍ ക്ലബുകളിലേക്ക് ചേക്കേറിയാല്‍ ഇതുവരെ ബാലന്‍ ദി ഓറിന്റെ ടോപ് സിക്‌സില്‍ എത്തിപ്പെടാന്‍ പറ്റാത്ത ഹസാര്‍ഡിന് മികച്ച മുന്നേറ്റം നടത്താന്‍ സാധിക്കുമെന്നാണ് വിലയിരുത്തലുകള്‍ ഉയരുന്നത്. 

നെയ്മര്‍

ലോക ഫുട്‌ബോളില്‍ മൂന്നാം സ്ഥാനത്ത്  നിന്നൊരു മോചനം നെയ്മര്‍ക്ക് ഇതുവരെ ഉണ്ടായിട്ടില്ല. മെസിക്കും റോണോയ്ക്കും പിന്നിലായിരുന്നു നെയ്മര്‍ എല്ലാ കണക്കു കൂട്ടലുകളിലും.

മെസി, ക്രിസ്റ്റ്യാനോ മറയുന്നതോടെ മൂന്നാം സ്ഥാനത്തുള്ള നെയ്മര്‍ ലോക ക്രിക്കറ്റിന്റെ നെറുകയിലേക്കെത്തുമോ എന്നതാണ് ഫുട്‌ബോള്‍ ലോകം വരും നാളുകളില്‍ കാണുക. 

എംബാപ്പെ

ബാലന്‍ ദി ഓറിലേക്കെത്താന്‍ തനിക്ക് ഒരിത്തിരി കൂടുതല്‍ യാത്ര ചെയ്യേണ്ടതായുണ്ടെന്ന് എംബാപ്പെ പറഞ്ഞു കഴിഞ്ഞു. എന്നാല്‍ മെസി, ക്രിസ്റ്റ്യാനോ കൂടാതെ, ബാലന്‍ ദി ഓറിലേക്ക് ഉയര്‍ന്നു വരുന്ന പേരുകളെയെല്ലാം തട്ടി മുന്നിലേക്കെത്താനുള്ള  കഴിവ് പിഎസ്ജി താരത്തിനുണ്ട്.

പതിനെട്ടുകാരനായ എംബാപ്പെ ചാമ്പ്യന്‍സ് ലീഗിലെ തന്റെ പത്താം ഗോള്‍ നേടിയിരുന്നു കഴിഞ്ഞ  ദിവസം. മെസിയെ പോലും പിന്നിലാക്കിയായിരുന്നു എംബാപ്പേയുടെ  ഈ നേട്ടം. 21ാം വയസിലായിരുന്നു മെസി ചാമ്പ്യന്‍സ് ലീഗിലെ തന്റെ പത്താം ഗോള്‍ കുറിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com