വെറുക്കുന്നവര്‍ ഉണ്ടാകുമോ ഈ മനുഷ്യന്? ഉണ്ടെങ്കിലവര്‍ മനുഷ്യരല്ലെന്ന് ഈ മാച്ച് വിന്നറിന്റെ ആരാധകര്‍ പറയും

വെറുക്കുന്നവര്‍ ഉണ്ടാകുമോ ഈ മനുഷ്യന്? ഉണ്ടെങ്കിലവര്‍ മനുഷ്യരല്ലെന്ന് ഈ മാച്ച് വിന്നറിന്റെ ആരാധകര്‍ പറയും

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ നീല കുപ്പായത്തില്‍ വന്നു പോയ്‌ക്കൊണ്ടിരുന്ന താരങ്ങളില്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിച്ചത് ആരെയാവും? സച്ചിനെയെന്നാവും പലരുടേയും ഉത്തരം. സച്ചിന് ശേഷം ആരാകും എന്ന് ചോദിച്ചാലോ? അത് യുവരാജ് സിങ്ങായിരിക്കും. ടീമില്‍ ഇല്ലാതിരിക്കുമ്പോള്‍ പോലും സിങ് തന്നെ ആരാധകരുടെ കിങ്. 

വേഗതയേറിയ അര്‍ധ ശതകം തന്റെ പേരിലാക്കിയ, ആറ് സിക്‌സുകള്‍ ഓരോവറില്‍ പറത്തിയ, കാന്‍സറിനെ തോല്‍പ്പിച്ച് ലോക കപ്പ് സ്വന്തമാക്കാന്‍ പോരാടിയ ക്രിക്കറ്റ് പ്രേമികളുടെ സ്വന്തം യുവിക്ക് ഇന്ന് 36ാം ജന്മദിനം. 

സ്റ്റുവര്‍ട്ട് ബ്രോഡിനെ ആറ് തവണ അതിര്‍ത്തി കടത്തിയ യുവരാജായിരിക്കും എന്നും ക്രിക്കറ്റ് പ്രേമികളുടെ മനസില്‍ ഉണ്ടാവുക. 2002ലെ നാറ്റ്വെസ്റ്റ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ ജയത്തിലേക്ക് എത്തിച്ച യുവരാജിനേയും ആരാധകര്‍ക്ക് മറക്കാനാവില്ല. 2011ല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ തന്നെ കീഴടക്കുന്നു എന്ന തിരിച്ചറിവില്‍ പോലും ടീമിനായി കളിക്കാനിറങ്ങി മികച്ച കളി പുറത്തെടുത്ത  യുവരാജിനെ സ്‌നേഹിക്കയല്ലാതെ ആരാധകര്‍ക്ക് വേറെ വഴിയില്ല. 

കാന്‍സറിനെ അതിജീവിച്ച് വീണ്ടും നീല കുപ്പായത്തില്‍ കളിച്ച യുവരാജ് വീണ്ടും ലോകത്തിലെ ക്രിക്കറ്റ് പ്രേമികളുടെ ഹൃദയം കീഴടക്കി. ട്വിന്റി20ലെ ഏറ്റവും വേഗതയേറിയ അര്‍ധ ശതകത്തിന്റെ റെക്കോര്‍ഡ് യുവരാജിന്റെ പേരിലാണ്. 12 ബോളില്‍ നിന്നായിരുന്നു അത്,  ബ്രോഡിനെ ആറ് തവണ ബൗണ്ടറി ലൈനിന് മുകളിലൂടെ പറത്തിയ ഇന്നിങ്‌സ്.

ഏകദിനത്തില്‍ 8,701 റണ്‍സും, ടെസ്റ്റില്‍ 1900 റണ്‍സും, ട്വിന്റി20ല്‍ 1177 റണ്‍സുമാണ് യുവരാജിന്റെ സമ്പാദ്യം. ഇടംകയ്യന്‍ ബൗളറായ യുവരാജ് 148 അന്താരാഷ്ട്ര വിക്കറ്റുകളും നേടിയിട്ടുണ്ട്. 

തുടക്കം തന്നെ വെടിക്കെട്ടോടെ

നയ്‌റോബിയില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സ് എന്ന നിലയില്‍ പതറുകയായിരുന്നു ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കെതിരെ, 2000ല്‍. പതിനെറ്റുകാരനായ യുവരാജ് സിങ് അന്ന് ആദ്യമായി ഇന്ത്യയ്ക്കായി ബാറ്റ് ചെയ്യാന്‍ ക്രീസിലേക്കെത്തി. 

ഗ്ലെന്‍ മഗ്രാത്ത്, ബ്രെറ്റ് ലീ എന്നീ ബൗളര്‍മാരെ അതിജീവിച്ച് 80 ബൗളില്‍ 84 റണ്‍സ് സ്‌കോര്‍ ചെയ്തായിരുന്നു തന്റെ ആദ്യ മത്സരത്തില്‍ തന്നെ യുവരാജ് വരവറിയിച്ചത്. അന്ന് 20 റണ്‍സിന് ഓസീസിനെ ഇന്ത്യ തോല്‍പ്പിച്ചു. ഒരു താരവും അവിടെ  ജനിച്ചു. 

ലോര്‍ഡ്‌സിലെ അത്ഭുതം

ലോര്‍ഡ്‌സില്‍ ഗാംഗുലി ഷര്‍ട്ടൂരി ചുഴറ്റിയ രംഗം ക്രിക്കറ്റ് പ്രേമികളുടെ മനസില്‍ എന്നുമുണ്ടാകും. അന്ന് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത് യുവിയുടെ പക്വതയാര്‍ന്ന ബാറ്റിങ്ങായിരുന്നു. നാറ്റ്വെസ്റ്റ് ഫൈനലില്‍ 326 റണ്‍സായിരുന്നു ഇംഗ്ലണ്ട് ഇന്ത്യയ്ക്ക മുന്നില്‍ വെച്ചത്. 156ന് അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട അവസ്ഥയില്‍ എല്ലാവരും ഇന്ത്യയുടെ തോല്‍വി മുന്നില്‍ കണ്ടു. 

എന്നാല്‍ യുവരാജും കൈഫും ജയമായിരുന്നു അന്ന് മുന്നില്‍ കണ്ടത്. 63 ബോളില്‍ നിന്നും  69 റണ്‍സ് യുവി അടിച്ചെടുത്തു. പാതിവഴിയില്‍ യുവരാജ് വീണെങ്കിലും പോരാട്ടം പാഴാകാതെ കൈഫ് ഇന്ത്യയെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. 

2011ലെ വേള്‍ഡ് കപ്പില്‍ മാന്‍ ഓഫ് ദി സീരിയസ് ആയാണ് യുവരാജ് ഇന്ത്യയുടെ ജയങ്ങളില്‍ നിര്‍ണായകമായത്. 362 റണ്‍സ് അടിച്ചു കൂട്ടിയ യുവരാജ് 15 വിക്കറ്റുകളും പിഴുത് ഇന്ത്യയ്ക്കായി ഔള്‍ റൗണ്ട് മികവ് പുലര്‍ത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com