ധോണിയെ മൂന്നാമനായി ഇറക്കാന്‍ ആവശ്യപ്പെട്ടത് രോഹിത് ; വീഡിയോ വൈറല്‍

ധോണിയെ മൂന്നാമനായി ഇറക്കാനുള്ള രോഹിതിന്റെ തീരുമാനത്തെ വിവിഎസ് ലക്ഷ്മണനും പ്രശംസിച്ചിരുന്നു
ധോണിയെ മൂന്നാമനായി ഇറക്കാന്‍ ആവശ്യപ്പെട്ടത് രോഹിത് ; വീഡിയോ വൈറല്‍

ഇന്‍ഡോര്‍ : ശ്രീലങ്കക്കെതിരായ രണ്ടാം ട്വന്റി 20യിലും ക്യാപ്റ്റന്റെ കളി കാഴ്ച വെച്ച രോഹിത് ശര്‍മ്മ തകര്‍പ്പന്‍ സെഞ്ച്വറിയിലൂടെ ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. 43 പന്തില്‍ 118 റണ്‍സെടുത്ത രോഹിതിന്റെ മികവിലാണ് ഇന്ത്യ 260 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. എന്നാല്‍ ബാറ്റിംഗില്‍ മാത്രമല്ല ടീം ബാറ്റിംഗ് ലൈനപ്പിലും രോഹിത് നായകന്റെ ചാതുരി പ്രകടിപ്പിച്ചു. 

രാഹുലിനൊപ്പം തകര്‍ത്തടിച്ച് മികച്ച സ്‌കോറിലേക്ക് കുതിക്കുന്നതിനിടെ, രോഹിത് ശര്‍മ്മ ടി-20യിലെ അതിവേഗ സെഞ്ച്വറിയും നേടി. 35 പന്തില്‍ സെഞ്ച്വറി നേടിയ രോഹിത്, ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലറുടെ റെക്കോഡിനൊപ്പമാണെത്തിയത്. രോഹിതിനെ അഭിനന്ദിക്കുന്നതിനിടെയാണ്, കോച്ച് രവിശാസ്ത്രി ബാറ്റിംഗ് ഓര്‍ഡറില്‍ മൂന്നാമനായി ആരെ ഇറക്കണമെന്ന് ക്യാപ്റ്റനോട് ചോദിച്ചത്. ധോണിയെ മൂന്നാമതായി ഇറക്കാന്‍ നായകന്‍ രോഹിത് കോച്ചിനോട് ആവശ്യപ്പെടുകയും ചെയ്തു. 

രോഹിത് ശര്‍മ്മയും രവിശാസ്ത്രിയും തമ്മിലുള്ള ആശയവിനിമയവും, രോഹിതിന്റെ നിര്‍ദേശവുമെല്ലാം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ധോണിക്ക് സ്ഥാനക്കയറ്റം നല്‍കാനുള്ള രോഹിതിന്റെ തീരുമാനത്തെ പുകഴ്ത്തി നിരവധി പേരാണ് രംഗത്തെത്തിയത്. രോഹിത് ക്യാപ്റ്റന്‍സിയിലും മികവ് കാട്ടുന്നു, വിരാട് കോഹ്ലിയേക്കാള്‍ ധോണിയെ നല്ലരീതിയില്‍ ഉപയോഗിക്കുന്ന നായകനാണ് രോഹിത് തുടങ്ങിയ അഭിപ്രായങ്ങളാണ് ആരാധകര്‍ പങ്കുവെക്കുന്നത്. 

ധോണിയെ മൂന്നാമനായി ഇറക്കാനുള്ള രോഹിതിന്റെ തീരുമാനത്തെ കമന്ററി ബോക്‌സിലുണ്ടായിരുന്ന വിവിഎസ് ലക്ഷ്മണനും പ്രശംസിച്ചിരുന്നു. പരിചയസമ്പന്നനും ഹാര്‍ഡ് ഹിറ്ററുമായ ധോണിയെ മൂന്നാം നമ്പറില്‍ ഇറക്കിയത് റണ്‍നിരക്ക് താഴാതെ നിലനിര്‍ത്താന്‍ സഹായിച്ചുവെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. മൂന്നാമനായി ഇറങ്ങിയ ധോണി 21 പന്തില്‍ രണ്ട് സിക്‌സറുകളും രണ്ട് ഫോറുകളുടെയും അകമ്പടിയോടെ 28 റണ്‍സെടുത്താണ് പുറത്തായത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com