ഡെയ്ല്‍ സ്റ്റെയ്‌നും ഡുപ്ലെസിയും തിരിച്ചെത്തി ; ഇന്ത്യക്കെതിരെ ശക്തമായ ടീമുമായി ദക്ഷിണാഫ്രിക്ക

ജനുവരി അഞ്ചുമുതലാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. 
ഡെയ്ല്‍ സ്റ്റെയ്‌നും ഡുപ്ലെസിയും തിരിച്ചെത്തി ; ഇന്ത്യക്കെതിരെ ശക്തമായ ടീമുമായി ദക്ഷിണാഫ്രിക്ക

കേപ്ടൗണ്‍ : ഇന്ത്യക്കെതിരെ ശക്തമായ ടീമിനെ അണിനിരത്തി ദക്ഷിണാഫ്രിക്ക. പരുക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന നായകന്‍ ഹാഫ് ഡുപ്ലെസി, സ്റ്റാര്‍ പേസ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. ഓള്‍ റൗണ്ടര്‍ ക്രിസ് മോറിസിനെയും ടീമിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്. തോളിലെ ശസ്ത്രക്രിയയെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ഡുപ്ലെസി ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്തു. 

പരുക്കിനെ തുടര്‍ന്ന് ഡുപ്ലസി സിംബാബ്‌വെക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിച്ചിരുന്നില്ല. പകരം എബി ഡിവില്ലിയേഴ്‌സാണ് ടീമിനെ നയിച്ചത്. പരുക്കുമൂലം കളിക്കാതിരുന്ന പേസ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്‌നിന്റെ മടങ്ങിവരവും പ്രോട്ടീസ നിരയ്ക്ക് കരുത്തു പകര്‍ന്നിട്ടുണ്ട്. ഇംഗ്ലണ്ട് പര്യടനത്തിനിടെ പരുക്കേറ്റ ഓള്‍ റൗണ്ടര്‍ ക്രിസ് മോറിസിനെ മടങ്ങിവരവും പേസ് നിരയ്ക്ക് ശക്തി വര്‍ധിപ്പിച്ചിട്ടുണ്ട്. സ്റ്റെയിനും മോറിസിനും പുറമെ, മോണി മോര്‍ക്കല്‍, കാസിഗോ റബാദ, വെര്‍നോണ്‍ ഫിലാണ്ടര്‍, ആന്‍ഡില്‍ ഫെലുക്വായോ എന്നിവരാണ് പേസ് നിരയ്ക്ക് കരുത്തേകുന്നത്. കേശവ് മഹാരാജാണ് ടീമിലെ ഏക സ്പിന്നര്‍. 

അതേസമയം പേശി വലിവിനെ തുടര്‍ന്ന് വലയുന്ന വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡികോക്കിനെയും ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡികോക്കിന് കളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഡിവില്ലിയേഴ്‌സ് വിക്കറ്റ് കാക്കും. ഏറെ നാളുകള്‍ക്ക് ശേഷമാണ് ദക്ഷിണാഫ്രിക്ക പ്രധാന കളിക്കാര്‍ അടങ്ങുന്ന സമ്പൂര്‍ണ ടീമുമായി എതിരാളികളെ നേരിടാനൊരുങ്ങുന്നത്. ജനുവരി അഞ്ചുമുതലാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. 

ദക്ഷിണാഫ്രിക്കന്‍ ടീം : ഹാഫ് ഡുപ്ലെസി, ഹാഷിം അംല, ടെംബ ബാവുമ, ക്വിന്റണ്‍ ഡികോക്ക്, തിയൂനിസ ഡെ ബ്രെയ്ന്‍, എബി ഡിവില്ലിയേഴ്‌സ്, ഡീന്‍ എല്‍ഗര്‍, കേശവ് മഹാരാജ്, ഏയ്ദന്‍ മാര്‍ക്രം, മാമി മോര്‍ക്കല്‍, ക്രിസ് മോറിസ്, കാസിഗോ റബാദ, വെര്‍നോണ്‍ ഫിലാണ്ടര്‍, ആന്‍ഡില്‍ ഫെലുക്വായോ, ഡെയ്ല്‍ സ്‌റ്റെയ്ന്‍. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com