വനിതാ ലോകക്കപ്പ് യോഗ്യത:  ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചു

ഇരു ടീമുകളും നേരത്തെ തന്നെ ലോകകപ്പ് യോഗ്യത നേടിയിരുന്നു. 
വനിതാ ലോകക്കപ്പ് യോഗ്യത:  ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചു

കൊളംബൊ: ഐസിസി വനിതാ ലോകകപ്പ് യോഗ്യത റൗണ്ട് ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യയ്ക്ക് ഒരു വിക്കറ്റ് ജയം.  ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 49.4 ഓവറില്‍ 244നു ഓള്‍ഔട്ട് ആവുകയായിരുന്നു. ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തില്‍ അവസാന പന്തിലാണ് ലക്ഷ്യം മറികടന്നു. അവസാന രണ്ട് പന്തില്‍ 8 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യയ്ക്ക് വേണ്ടി ഹര്‍മന്‍പ്രീത് കൗര്‍ ഒരു സിക്‌സും ഒരു ഡബിളും നേടുകയായിരുന്നു. 71 റണ്‍സ് നേടിയ ദീപ്തി ശര്‍മ്മയാണ് കളിയിലെ താരം. ഇരു ടീമുകളും നേരത്തെ തന്നെ ലോകകപ്പ് യോഗ്യത നേടിയിരുന്നു. 
ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുത്തു. 40 റണ്‍സ് നേടിയ മിഗ്‌നോണ്‍ ഡു പ്രീസ് ആണ് ടോപ് സ്‌കോറര്‍. 37 റണ്‍സ് വീതം നേടി ലിസെല്‍ ലീ, നായിക ഡേന്‍ വാന്‍ നീകെര്‍ക്, നൂനെ ലൂസ്(35) എന്നിവരായിരുന്നു മറ്റു സ്‌കോറര്‍മാര്‍. അവസാന ഓവറുകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യന്‍ വനിതകള്‍ മത്സരത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു.
ഇന്ത്യയ്ക്ക് വേണ്ടി രാജേശ്വരി ഗായ്ക്വാഡ് മൂന്ന് വിക്കറ്റ് നേടി. രണ്ട് വിക്കറ്റ് നേട്ടവുമായി ശിഖ പാണ്ഡേയും ഓരോ വിക്കറ്റ് നേടി ഏക്ത ബിഷ്ട്, പൂനം യാദവ്, ദീപ്തി ശര്‍മ്മ എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം നേടി.
തിരുഷ് കാമിനിയെ(10) വേഗത്തില്‍ നഷ്ടമായ ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കിയത് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് . ദീപ്തി ശര്‍മ്മ(71) – മോണ മേശ്രാം(59) എന്നിവര്‍ ചേര്‍ന്ന് 124 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ നേടിയത്. എന്നാല്‍ ഇരുവരും അടുത്തടുത്ത ഓവറുകളില്‍ പുറത്തായത് ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി. വേദ കൃഷ്ണമൂര്‍ത്തി(31), ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരുടെ ചെറുത്ത് നില്പിനും അധികം ആയുസുണ്ടായിരുന്നില്ല. 186/3 എന്ന നിലയില്‍ നിന്ന് ഇന്ത്യ 223/8 എന്ന നിലയിലേക്ക് പതിയ്ക്കുകയായിരുന്നു.
പൂനം യാദവിനെ കൂട്ടു നിര്‍ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ലക്ഷ്യം അവസാന ഓവറില്‍ 9 റണ്‍സ് എന്ന നിലയിലേക്ക് എത്തിച്ചു. രണ്ട് പന്തില്‍ 8 റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ ഹര്‍മന്‍പ്രീത് കൗര്‍ ഒരു സിക്‌സും അവസാന പന്തില്‍ ഡബിള്‍ എടുത്തും ഇന്ത്യയെ വിജയത്തിലെത്തിയ്ക്കുകയായിരുന്നു. ഹര്‍മന്‍പ്രീത് 41 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com