ലെസ്റ്റര്‍ സിറ്റി പരിശീലകന്‍ റനിയേരി പുറത്ത്

ടീമിന്റെ ദയനീയ പ്രകടനമാണ് റെനേരിക്ക് ലെസ്റ്ററിന്റെ പരീശലക കുപ്പായം തെറിച്ചത്‌
ലെസ്റ്റര്‍ സിറ്റി പരിശീലകന്‍ റനിയേരി പുറത്ത്

ലെസ്റ്റര്‍: കഴിഞ്ഞ സീസണില്‍ ലെസ്റ്റര്‍ സിറ്റിയെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരാകുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച പരിശീലകന്‍ ക്ലോഡിയോ റനിയേരിയെ ക്ലബ്ബ് പുറത്താക്കി. പ്രീമിയര്‍ ലീഗ് കിരീടം നേടിയ ഒന്‍പത് മാസങ്ങള്‍ക്ക് ശേഷമാണ് 65കാരനായ റനിയേരിയെ പുറത്താക്കിയത്. ടീമിലെ സീനിയര്‍ താരങ്ങള്‍ തീരുമാനത്തില്‍ നീരസം രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ വര്‍ഷം അപ്രതീക്ഷിത കുതിപ്പ് നടത്തി ഫുട്‌ബോള്‍ ലോകത്തെ മൊത്തം അത്ഭുതപ്പെടുത്തിയ ടീമിന് ഈ സീസണില്‍ 25 പ്രീമിയര്‍ ലീഗ് മത്സരം പൂര്‍ത്തിയായപ്പോള്‍ 17ാം സ്ഥാനത്ത് ലെസ്റ്റര്‍ നിലവില്‍. ഇതേസ്ഥിതി തുടരുകയാണെങ്കില്‍ തരംതാഴ്ത്തല്‍ ഉറപ്പാണ്. എന്നാല്‍ ഇതോടൊപ്പം ചാംപ്യന്‍സ് ലീഗിലെ ദയനീയ പരാജയം കൂടിയായപ്പോള്‍ ക്ലബ്ബ് റനിയേരിയെ പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു.

കുറക്കുന്മാരെന്നറിയപ്പെടുന്ന ലെസ്റ്ററിനെ പരിശീലിക്കാന്‍ റനിയേരി വരുന്ന സമയത്ത് ടീമിന്റെ പ്രീമിയര്‍ ലീഗ് ട്രോഫി സാധ്യത 5000ല്‍ ഒന്ന് മാത്രമായിരുന്നു. തുടര്‍ന്ന് തൊട്ടതെല്ലാം പൊന്നാക്കി ക്ലബ്ബിന് ചരിത്രം സമ്മാനിച്ചപ്പോള്‍ റെനേരിയെ ക്ലബ്ബും ഫുട്‌ബോള്‍ ലോകവും വാനോളം പുകഴ്്ത്തിയിരുന്നു. എന്നാല്‍ ഈ സീസണില്‍ ടീമിന്റെ പോരാട്ടമെല്ലാം ചോര്‍ന്നതായാണ് കാണപ്പെടുന്നത്. കഴിഞ്ഞ അഞ്ച് പ്രീമിയര്‍ ലീഗ് മത്സരത്തിലും തോല്‍വി ഏറ്റുവാങ്ങിയ ടീം 2017ല്‍ ഇതുവരെ ഒരു ഗോള്‍ പോലും ലീഗില്‍ സ്‌കോര്‍ ചെയ്തിട്ടില്ല.

2015 ജൂലൈയില്‍ ലെസ്റ്റര്‍ പരിശീലക കുപ്പായമണിഞ്ഞ റെനിയേരിക്ക് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കരാര്‍ നാല് വര്‍ഷത്തേക്ക് കൂടി പുതുക്കി നല്‍കിയിരിന്നു. അതേസമയം, റനിയേരിക്ക് പിന്തുണയുമായി മാഞ്ചസ്റ്റര്‍ ുണൈറ്റഡ് പരിശീലകന്‍ ജോസ് മൊറീഞ്ഞോയെടക്കമുള്ള നിരവധി പ്രമുഖരാണ് രംഗത്ത് വന്നിരിക്കുന്നത്. 

ലെസ്റ്ററിന്റെ പുതിയ പരിശീലകനായി ആര് ചുമതലയേല്‍ക്കുമെന്ന് ഇതുവരെ തീരുമാനമായിട്ടില്ല. മാഞ്ചസ്റ്റര്‍ സിറ്റി മുന്‍ പരിശീലകന്‍ റോബര്‍ട്ടോ മാന്‍സീനിയടക്കമുള്ളവരാണ് പരിഗണനയിലിലുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com