സോറി ചിലി; കോണ്‍ഫെഡറേഷന്‍ കപ്പില്‍ ജര്‍മനിയുടെ ഒന്നാം മുത്തം 

സോറി ചിലി; കോണ്‍ഫെഡറേഷന്‍ കപ്പില്‍ ജര്‍മനിയുടെ ഒന്നാം മുത്തം 

സോച്ചി: ലോക ഫുട്‌ബോള്‍ കിരീടം നേടിയ ജര്‍മനി കോണ്‍ഫെഡറേഷന്‍ കപ്പില്‍ തങ്ങളുടെ ഒന്നാം മുത്തമിട്ടു. സോച്ചില്‍ നടന്ന ഫൈനലില്‍ ചിലിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് ജര്‍മനി വന്‍കരകളുടെ ചാംപ്യനായത്. ലാര്‍സ് സ്റ്റിന്റിലാണ് ജര്‍മനിയുടെ വിജയ ഗോള്‍ നേടിയത്.

ചിലിയുടെ പരിചയസമ്പത്തിനായിരുന്നു കളിയുലടനീളം മേധാവിത്വം. ജര്‍മനിയുടെ പ്രഫഷണല്‍ കണിശതയെല്ലാം ചിലിയുടെ കോട്ടയില്‍ തട്ടി തകര്‍ന്നു. സാഞ്ചസും വിദാലുമടങ്ങുന്ന ചിലിയന്‍ മുന്നേറ്റ മധ്യനിര കളിയില്‍ മേധാവിത്വം പുലര്‍ത്തിയപ്പോള്‍ ജര്‍മനിയെ ഗ്രൗണ്ടില്‍ കാണാതായി.

എന്നാല്‍, കളിയിലെ മേധാവിത്വമല്ല ഫുട്‌ബോളില്‍ ജയങ്ങള്‍ സമ്മാനിക്കുന്നതെന്ന് ജര്‍മനി ചിലിയെ പഠിപ്പിച്ചു. മാത്രമല്ല, ഒരു ചെറിയ പിഴവിന് നഷ്ടമായത് വലിയ ഒരു നേട്ടമെന്ന പാഠവും ചിലി പഠിച്ചു. കളിയുടെ 20മത് മിനുട്ടില്‍ സ്റ്റാന്റ്ല്‍ ആളില്ലാത്ത പോസ്റ്റിലേക്ക് പന്തു തട്ടുമ്പോള്‍ പിന്നില്‍ നിസഹായരായി സെമി ഫൈനലിലെ സൂപ്പര്‍സ്റ്റാര്‍ ഗോളി ബ്രാവോയും ലോകോത്തര പ്രതിരോധതാരം മാഴ്‌സലോ ഡയസുമുണ്ടായിരുന്നു.

വരുത്തിയ പിഴവിന് ഡയസിന് കാലങ്ങളോളം ഖേദിക്കേണ്ടി വരും. കാരണം. നഷ്ടമായത് വലിയ കിരീടമാണ്. ചിലിയന്‍ ഫുട്‌ബോളിന് വലിയ നേട്ടമുണ്ടാക്കേണ്ടിയിരുന്ന കിരീടം. കീപ്പര്‍ക്കു നല്‍കാന്‍ മൈനസ് നല്‍കിയ പാസ് ഡയസ് കാലില്‍വെച്ച് ഒരു നിമിഷം വൈകിപ്പിച്ചു. രണ്ടു വശങ്ങളിലില്‍ നിന്നായി വന്ന ജര്‍മന്‍ താരങ്ങള്‍ പന്ത് തട്ടിയെടുത്തു ഗോളിലെത്തിക്കുകയായിരുന്നു.

ആദ്യ പകുതിയില്‍ ചിലി നടത്തിയ മുന്നേറ്റങ്ങള്‍ക്ക് ഗോളില്‍ കലാശിക്കാതിരുന്നത് ബാഴ്‌സലോണ കീപ്പര്‍ ടെര്‍ സ്റ്റെഗന്റെ മികവാണ്. കളിയിലെ താരവും സ്റ്റെഗന്‍ തന്നെ. ആക്രമിച്ചു കളിക്കുന്ന ചിലിക്കു മുന്നില്‍ ജര്‍മന്‍ യുവതാരങ്ങള്‍ കൗണ്ടര്‍ അറ്റാക്കുകളാണ് പോംവഴിയായി കണ്ടത്. ഇതിന്റെ ഫലമായിരുന്നു ഗോളും. 

ഇതോടെ, ലോകകപ്പും കോണ്‍ഫെഡറേഷന്‍സ് കപ്പും നേടുന്ന രണ്ടാമത്തെ ടീമായി ജര്‍മനി. ഫ്രാന്‍സാണ് ഇതിന് മുമ്പ് ഈ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com