യുവന്റസിന്റെ പ്രതിരോധക്കോട്ട മാഡ്രിഡിന് പുല്ലാണ്; ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ റിയലിന്റെ ജയം 4-1ന്

റിയല്‍ മാഡ്രിഡിന്റെ 12ആം ചാംപ്യന്‍സ് ലീഗ് കിരീടം. റൊണാള്‍ഡോയ്ക്ക് ഡബിള്‍, കളിയിലെ കേമന്‍
യുവന്റസിന്റെ പ്രതിരോധക്കോട്ട മാഡ്രിഡിന് പുല്ലാണ്; ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ റിയലിന്റെ ജയം 4-1ന്

കാര്‍ഡിഫ്: ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസും കളിക്കാരും ആരാധകരും ഒരിക്കലും മറക്കാത്ത രാത്രിയാണ് കാര്‍ഡിഫില്‍ കഴിഞ്ഞ ദിവസം അവസാനിച്ചത്. യൂറോപ്പിലെ, അല്ല, ലോകത്തെ ഏറ്റവും പേരുകേട്ട പ്രതിരോധ നിരയായിരുന്നു യുവന്റസിന്റെ വലിയ മുതല്‍ക്കൂട്ട്. ചാംപ്യന്‍സ് ലീഗില്‍ ഫൈനല്‍ വരെ യുവന്റസ് വഴങ്ങിയത് മൂന്നു ഗോളുകള്‍ മാത്രമാണ്. ഫൈനല്‍ വരെ മാത്രം. 

കാര്‍ഡിഫില്‍ അക്ഷരാര്‍ത്ഥത്തില്‍ ഇന്നലെ കൂട്ടക്കുരുതിയായിരുന്നു. ഒന്നിനെതിരേ നാല് ഗോളുകള്‍ യുവന്റസിന്റെ പോസ്റ്റില്‍ ക്രിസ്റ്റിയാനോയും കൂട്ടരും അടിച്ചു കയറ്റുമ്പോള്‍ ലോകത്തിലെ ഒന്നാം നിര സെന്റര്‍ ബാക്കുകള്‍ക്കും ഒന്നാം നിര ഗോള്‍കീപ്പര്‍ക്കും ഉത്തരമുണ്ടായിരുന്നില്ല.

ഹൈ പ്രസിംഗ് ആന്റെ ഹെവി പ്രഷര്‍ എന്ന ടാക്ടിക്ക്‌സില്‍ കളിതുടങ്ങിയ യുവന്റസ് റിയല്‍ ബോക്‌സിലേക്ക് ഊളിയിട്ടെത്തിക്കൊണ്ടേയിരുന്നു ആദ്യ പകുതിയില്‍. പാനിച്ച്, മാന്‍സൂകിച്ച്, ഡിബാല, ഡാനി ആല്‍വെസ്, അലെക്‌സ് സാണ്‍ഡ്രോ എന്നിവര്‍ പന്തുമായി വന്നു റാമോസിനെയും വരാനെയെയും കാസ്മിറോയെയും പ്രഷര്‍ ചെലുത്തിക്കൊണ്ടിരുന്നു.

എന്നാല്‍, ബാഴ്‌സയ്ക്കുമുന്നിലല്ലാതെ വമ്പന്‍ ടൂര്‍ണമെന്റുകളില്‍ എത്ര സമ്മര്‍ദ്ദമുണ്ടായാലും ജയിച്ചിട്ടു കളം വിടുന്ന റിയല്‍ മാഡ്രിഡ് ആ ശീലം ഇവിടെയും മാറ്റിയില്ല. 20 മിനുട്ടില്‍ ഫുള്‍ബാക്കുകളിലൂടെ വന്ന പന്ത് റൊണാള്‍ഡോ പോസ്റ്റിലേക്കടിക്കുമ്പോള്‍ ഓട്ടവീണത് കേള്‍വികേട്ട പ്രതിരോധത്തിനായിരുന്നു. ബൊനൂച്ചിയുടെ കാലില്‍ റിഫ്‌ളക്ട് ചെയ്ത പന്ത് ഇതിഹാസ കീപ്പര്‍ ബഫണെ നിസഹായനാക്കി.

അതൊരു തുടക്കം മാത്രമായിരുന്നു. ഇതിനിടയില്‍ 27മത് മിനുട്ടില്‍ മാന്‍സൂക്കിച്ച് യുവന്റസിനെ ഒപ്പമെത്തിച്ചു. 
റിയലിനെതിരേ യുവന്റസ് പരിശീലകന്‍ രഹസ്യമായി ഒരുക്കിയ ആയുധമായ അലക്‌സ് സാണ്‍ഡ്രോ ആണ് ഗോളിന്റെ സൂത്രധാരന്‍. സാണ്‍ഡ്രോയുടെ ക്രോസ് കൈകാര്യം ചെയ്ത ഹിഗ്വെയ്ന്‍ വോളിയായി പന്ത് മാന്‍സൂക്കിച്ചിന് നല്‍കി. മനോഹരമായ ബിഹൈന്‍ഡ് വോളിയിലൂടെ പന്ത് റിയല്‍ കീപ്പര്‍ നവാസിനെ പരാജയപ്പെടുത്തി വലയിലെത്തി. സ്‌കോര്‍ 1-1.

രണ്ടാം പകുതിയില്‍ റിയല്‍ മാഡ്രിഡ് രണ്ടും കല്‍പ്പിച്ചായിരുന്നു. ആദ്യ പകുതിയില്‍ കണ്ട മാഡ്രിഡ് ആയിരുന്നില്ല രണ്ടാം പകുതിയില്‍. 11 പേരും സ്വന്തം പകുതിയില്‍ കളിച്ച് പരമാവധി സ്‌പെയ്‌സ് കുറയ്ക്കുന്ന തന്ത്രമായിരുന്നു യുവന്റസ് ആദ്യ പകുതിയില്‍. റിയല്‍ മധ്യനിര താരങ്ങളായ ടോണി ക്രൂസിനും ലൂക്ക മോഡ്രിച്ചിനും സ്‌പെയ്‌സ് കിട്ടാതിരുന്നതാണ് റിയലിന്റെ ആദ്യ പകുതിയിലുള്ള ക്ഷീണത്തിനു കാരണമായത്. രണ്ടാം പകുതിയില്‍ പന്ത് കൈവശം വെക്കുന്നതില്‍ റിയല്‍ മാഡ്രിഡ് മിടുക്ക് കാണിച്ചതോടെ യുവന്റസിന്റെ മധ്യനിര ക്ഷീണിക്കാന്‍ തുടങ്ങി. ഇതോടെ സ്‌പെയ്‌സ് ലഭിച്ച ക്രൂസും മോഡ്രിച്ചും കളി മെനയാന്‍ തുടങ്ങിയതോടെ ഇസ്‌ക്കോ, ബെന്‍സെമ, റൊണാള്‍ഡ്രോ ത്രയത്തിന് കൂടുതല്‍ പന്തെത്താന്‍ തുടങ്ങി. 

യുവന്റസ് പ്രതിരോധത്തെ തട്ടി പന്തുകള്‍ പിന്നോട്ടടിച്ചെങ്കിലും റിയല്‍ 61മത് മിനുട്ടില്‍ റിയലിന് ഹൈ പ്രസിംഗിന്റെ ആദ്യ റിസള്‍ട്ട് കിട്ടി. ബെന്‍സെമയില്‍ നിന്നും പന്തുലഭിച്ച ക്രൂസ് പോസ്റ്റിലേക്കടിച്ചു. ഖെദീറയുടെ കാലില്‍തട്ടി കോര്‍ട്ടിന് പുറത്തേക്ക് തെറിച്ച പന്ത് ഒരു ഇടിവെട്ട് ഷോട്ടിലൂടെ ലോകത്തെ ഏറ്റവും അണ്ടര്‍റേറ്റഡ് മിഡ്ഫീല്‍ഡര്‍ ബ്രസീല്‍ താരം കാസ്മിറോ യുവന്റസിന്റെ വലയിലെത്തിച്ചു. സ്‌കോര്‍ 2-1.

ആദ്യ ഗോള്‍ വഴങ്ങിയപ്പോള്‍ ഉണര്‍ന്നു കളിച്ച യുവന്റസിന് പക്ഷെ രണ്ടാം ഗോളിന് വലിയ മറുപടിയൊന്നും നല്‍കാന്‍ സാധിച്ചില്ല. മാഡ്രിച്ചും ക്രൂസും പന്ത് നിയന്ത്രിച്ച് റിയലിനെ കിരീടത്തിലേക്ക് അടുപ്പിച്ചുകൊണ്ടേയിരുന്നു. കാര്‍വാഹാലും മോഡ്രിച്ചും ചേര്‍ന്ന് വലത് വിംഗിലൂടെ കൊണ്ടു വന്ന പന്ത് മോഡ്രിച്ച് ക്രോസ് നല്‍കുമ്പോള്‍ റൊണാള്‍ഡോയ്ക്ക് പോസ്റ്റിലേക്ക് തിരിച്ചുവിടേണ്ട ജോലി മാത്രമായിരുന്നു. 

എന്ത് കൊണ്ട് ഈ വര്‍ഷത്തെ ലോക ഫുട്‌ബോളര്‍ പട്ടത്തിന് താന്‍ യോഗ്യനാണണെന്ന് തെളിയിക്കുന്നതായിന്നു റൊണാള്‍ഡോയുടെ പ്രകടനം. അതിലുപരി, ഫിനിഷിംഗില്‍ ഇന്ന് ലോകത്തില്‍ തന്റെ മുന്നില്‍ ആരുമില്ലെന്നും റൊണാള്‍ഡോ തെളിയിച്ചു.

ഇതിനിടയില്‍ രണ്ട് മഞ്ഞക്കാര്‍ഡ് കണ്ട യുവന്റസിന്റെ സബ്‌സ്റ്റിറ്റിയൂട്ട് ക്വാഡഡ്രോ പുറത്ത് പോയതോടെ പത്ത് പേരിലേക്ക് ചുരുങ്ങിയ ഓള്‍ഡ് ലേഡിയുടെ സമ്പൂര്‍ണ തകര്‍ച്ചയിലേക്ക് അവസാന ആണിയടിച്ച് 90മത് മിനുട്ടില്‍ അസന്‍സിയോ റിയലിന്റെ ഭാവി വാഗ്ദാനമാണെന്ന് വീണ്ടും തെളിച്ചു. 

പുതിയൊരു ചാംപ്യന്‍സ് ലീഗ് ചരിത്രമാണ് ഇതോടെ വഴിതുറന്നത്. ചാംപ്യന്‍സ് ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു ടീം കിരീടം നിലനിര്‍ത്തി റിയല്‍ വീണ്ടും യൂറോപ്പിലെ രാജാക്കന്‍മാരായി. റിയലിന്റെ 12മത് ചാംപ്യന്‍സ് ലീഗ് കിരീടം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com